Saturday, 22 July 2017 8.13 AM IST
ചർച്ച വേണ്ട, സേനയെ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യയെ നാണം കെടുത്തുമെന്നും ചൈന
July 16, 2017, 12:07 pm
ബീജിംഗ്: അതിർത്തി വിഷയത്തിൽ അയൽരാജ്യങ്ങളുമായി നയതന്ത്ര ചർച്ചകളാകാമെന്ന ഇന്ത്യയുടെ നിലപാടിനെ തള്ളി ചൈന രംഗത്തെത്തി. സിക്കിമിലെ ഡോക്ക്ലാം അതിർത്തിയോട് ചേർന്ന പ്രദേശവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും വേണ്ടെന്നും ഇവിടെ നിന്നും സേനയെ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യയെ നാണം കെടുത്തുമെന്നും ചൈന പറഞ്ഞു. ഔദ്യോഗിക മാദ്ധ്യമമായ സിൻഹുവയിൽ എഴുതിയ ലേഖനത്തിലാണ് ചൈനയുടെ പ്രകോപനം.

അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് ചൈനയുടെ അതിർത്തിയാണ്. അതിർത്തി കടന്നെത്തിയ സൈന്യത്തെ പിൻവലിക്കണമെന്ന ചൈനയുടെ നിരന്തരമായ ആവശ്യത്തിന് ഇന്ത്യ ചെവികൊടുക്കുന്നില്ല. എന്നാൽ ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും ഇന്ത്യയെ കുഴപ്പത്തിൽ ചാടിക്കുമെന്നും പത്രം പറയുന്നു.

കാശ്‌മീരിലെ ലഡാക്കിൽ 2013ലും 14ലും അതിർത്തി ലംഘിച്ചത് പോലത്തെ സാഹചര്യമാണ് ഇപ്പോഴെന്ന് ഇന്ത്യ കരുതരുതെന്നും പത്രം മുന്നറിയിപ്പ് നൽകുന്നു. അന്ന് നയതന്ത്ര തലത്തിൽ നടത്തിയ ചർച്ചകളാണ് സംഘർഷാവസ്ഥയിൽ അയവുണ്ടാക്കിയത്. എന്നാൽ ഇപ്പോഴത്തേത് തികച്ചും വ്യത്യസ്ഥമായ സാഹചര്യമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ അതിർത്തിയിൽ തുടരുന്ന സംഘർഷാവസ്ഥ മൂന്ന് പതിറ്റാണ്ടുകൾക്കിടെയുണ്ടായ ഏറ്റവും വലുതാണെന്നാണ് വിലയിരുത്തൽ. ജൂൺ 18ന് ഇന്ത്യൻ സൈന്യം തങ്ങളുടെ റോഡ് നിർമാണം തടഞ്ഞെന്നും അതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയെന്നും ചൈനീസ് സൈന്യം ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാൽ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറുന്ന ചൈനീസ് സൈനികരെ പെട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈന്യം തടയുന്ന വീഡിയോ പുറത്ത് വിട്ടതോടെ ചൈനയുടെ ആരോപണം പൊളിയുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ