Saturday, 22 July 2017 8.13 AM IST
ബോഫോഴ്സ് പേടിയിൽ 30 വർഷം, ഇന്ത്യ ഹോവിറ്റ്സർ തോക്കുകൾ പരീക്ഷിച്ചു
July 16, 2017, 2:13 pm
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലേക്കായി അടുത്തിടെ രൂപവത്കരിച്ച സൈനിക വിഭാഗമായ '17 മൗണ്ടൻ സ്ട്രയിക് കോറി'നു വേണ്ടി വാങ്ങിയ ഹോവിറ്റ്‌സർ (അൾട്രാ ലൈറ്റ് ഹോവിറ്റ്സർ) തോക്കുകൾ ഇന്ത്യൻ സൈന്യം പൊഖ്‌റാൻ മരുഭൂമിയിൽ പരീക്ഷിച്ചു. ബോഫോഴ്സ് അഴിമതി നടന്ന് മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് പുതിയ തോക്കുകൾ ഇന്ത്യൻ സൈന്യത്തിന് ലഭിക്കുന്നത്. ഇതിന് മുന്പ് സ്വീഡനിലെ പ്രതിരോധ ഉപകരണ നിർമാതാക്കളായ ബോഫോഴ്സിൽ നിന്ന് 1980ലാണ് ഇന്ത്യ തോക്കുകൾ വാങ്ങിയത്.

തോക്കിന്റെ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവയാണ് പ്രധാനമായും സൈന്യം പരിശോധിച്ചത്. തോക്കുകൾ പൂർണമായും സൈന്യത്തിന്റെ ഭാഗം ആവുന്നത് സെപ്തംബറിൽ മാത്രമായിരിക്കും. അതുവരെ പരീക്ഷണങ്ങൾ തുടരുമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.2018ഓടെ മൂന്ന് ഹോവിറ്റ്സർ തോക്കുകൾ കൂടി സൈന്യത്തിന് പരിശീലനത്തിനായി ലഭ്യമാക്കും. 2019 മാർച്ച് മുതൽ പ്രതമാസം അഞ്ചു തോക്കുകൾ എന്ന നിലയിൽ സൈന്യത്തിന് നൽകി 2021ഓടെ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മനോഹർ പരീക്കർ പ്രതിരോധ മന്ത്രി ആയിരിക്കെയാണ് അമേരിക്കയിൽ നിന്ന് 145 ഹോവിറ്റ്സർ തോക്കുകൾ വാങ്ങാൻ കേന്ദ്ര സർക്കാർ കരാറൊപ്പിട്ടത്. 5100 കോടി രൂപയാണ് ഇതിനായി ഇന്ത്യ ചെലവിട്ടത്.

ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശ്, ലഡാക്ക് മേഖലകളിലായിരിക്കും ഈ തോക്കുകൾ പ്രധാനമായും ഉപയോഗപ്പെടുത്തുക. 145 തോക്കുകളിൽ 25 എണ്ണം വിമാനത്തിൽ എത്തിക്കും. ബാക്കിയുള്ളവ ഇന്ത്യയിലായിരിക്കും കൂട്ടിയോജിപ്പിക്കുക. 25 കിലോമീറ്ററാണ് തോക്കിന്റെ ദൂരപരിധി. ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. 4,057 കി.മി. ദൈർഘ്യമുള്ള ചൈന അതിർത്തിയിലെ ഉയർന്ന മേഖലകളിൽ വളരെ വേഗത്തിൽ ഈ തോക്കുകൾ എത്തിക്കാനാവുമെന്നതും മേന്മയാണ്.

ആധുനീകരണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സൈന്യം നിരന്തരം സർക്കാരിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ