Saturday, 22 July 2017 8.17 AM IST
ദിലീപല്ല, ഏത് വലിയവൻ ഭൂമി കൈയേറിയാലും തിരിച്ചുപിടിക്കുമെന്ന് മന്ത്രി
July 16, 2017, 2:28 pm
തിരുവനന്തപുരം: ദിലീപല്ല ഏത് വലിയവൻ സർക്കാർ ഭൂമി കൈയേറിയാലും അത് തിരിച്ച് പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പ്രതികരിച്ചു. ദിലീപിന് അനുകൂലമായി റിപ്പോർട്ട് നൽകിയത് മുൻ കളക്‌ടറാണ്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വേണ്ട നടപടിയെടുക്കണമെന്ന് റവന്യൂമന്ത്രിയും നിർദ്ദേശം നൽകിയിട്ടുണ്ട്. കൈയേറ്റത്തിന് ഇടതുപക്ഷ ജനപ്രതിനിധികൾ കൂട്ടുനിന്നിട്ടില്ല. അത്തരം വാർത്തകൾ കരിവാരിത്തേക്കാനാണെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

ചാലക്കുടി ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ വിട്ടുനൽകിയ കൊച്ചി ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരു ഏക്കർ ഭൂമി കൈയേറിയാണു ദിലീപ് ഡി-സിനിമാസ് എന്ന പേരിൽ തിയേറ്റർ സമുച്ചയം നിർമിച്ചതെന്നു കാട്ടി 2014ൽ അഡ്വ. സന്തോഷ് പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ അന്നത്തെ തൃശൂർ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയയ്‌ക്കു സർക്കാർ നിർദേശം നൽകിയിരുന്നു. എട്ടു പേരിൽ നിന്നു ഭൂമി വാങ്ങിയാണ് ദിലീപ് തിയേ​റ്റർ സമുച്ചയം നിർമിച്ചത്. എന്നാൽ, ഇതിൽ 35 സെന്റ് തോട് പുറമ്പോക്കു ഭൂമി കൈയേറിയിട്ടുണ്ടെങ്കിലും ദിലീപിന്റെ രജിസ്ട്രേഷൻ നടപടികൾ ഉടമസ്ഥാവകാശം പൂർണമായി തെളിയിക്കുന്നതാണെന്ന് എം.എസ്. ജയ സർക്കാരിനു റിപ്പോർട്ട് നൽകി.

എന്നാൽ, വീണ്ടും പരാതി ഉയർന്ന സാഹചര്യത്തിൽ ലാൻഡ് റവന്യു കമ്മിഷണറുടെ നിർദേശ പ്രകാരം 2015ൽ റവന്യു വിജിലൻസ് സംഘം ഇക്കാര്യം പരിശോധിച്ചിരുന്നു. ഭൂമിയിൽ ദിലീപിന് ഉടമസ്ഥാവകാശമുണ്ടെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് റവന്യു വിജിലൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കണമെന്നും നിർദേശിച്ചു. എന്നാൽ, രണ്ട് വർഷമായിട്ടും തുടർനടപടിയുണ്ടായില്ല. ഇതേ തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടത്താൻ തൃശൂർ ജില്ലാ കളക്ടർക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകിയിരുന്നു. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നും കൈയേ​റ്റമാണെന്ന് കണ്ടെത്തിയാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനുമാണ് നിർദേശം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ