Sunday, 23 July 2017 6.17 AM IST
റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാം, ടെൻഷൻ ഒട്ടുമില്ലാതെ
July 17, 2017, 6:25 am
അലക്‌സ് കെ. ബാബു
റിട്ടയർമെന്റോ...? അതിനെപ്പറ്റി ഇപ്പോഴേ ചിന്തിക്കണോ എന്ന മട്ടിലാവും പലരുടെയും ചോദ്യം. ജോലിയും കുടുംബജീവിതവും ആഘോഷിക്കുമ്പോൾ റിട്ടയർമെന്റിനു ശേഷമുള്ള ജീവിതത്തെപ്പറ്റി പലരും മനപൂർവം മറന്നുകളയുകയാണ് പതിവ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും നിങ്ങളുടെ ആഗ്രഹങ്ങൾക്കൊത്ത് ജീവിതം ആസ്വദിക്കണമെങ്കിൽ ഇപ്പൊഴേ ചിന്തിച്ചുതുടങ്ങണം. ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ തന്നെ റിട്ടയർമെന്റ് ലൈഫിലേക്ക് ഒരു ചെറിയ തുക മാറ്റിവച്ചാൽ മതി. പെൻഷൻ ആവുമ്പോഴേക്കും ആ ചെറിയ തുക വലിയ സംഖ്യയായിട്ടുണ്ടാവും. ഇനി ജോലി മടുത്ത് നേരത്തേ റിട്ടയർ ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ, പെൻഷൻ പദ്ധതിയിലേക്ക് ആദ്യമേ പണം നിക്ഷേപിച്ചു തുടങ്ങിയവർക്ക് കാര്യങ്ങൾ എളുപ്പമാണ്.

നിക്ഷേപിക്കാം, തുടക്കം മുതൽ
ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ തന്നെ പെൻഷൻ പദ്ധതിയിൽ ചേരാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഇപ്പോഴത്തെ പ്രായം, വിരമിക്കൽ പ്രായം, നിലവിലെ മാസവരുമാനം എന്നിവ ബോദ്ധ്യമുണ്ടാകണം. തുടർന്ന്, അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുത്ത്, വൈകാതെ നിക്ഷേപം തുടങ്ങുക.
തിരക്കുകൾക്കിടയിൽ റിട്ടയർമെന്റ് ലൈഫിലേക്കുള്ള നിക്ഷേപങ്ങളെപ്പറ്റി പലരും ഓർക്കാറില്ല. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. അവധിക്കാലങ്ങൾ ചെലവഴിക്കാൻ പോലും മുൻകൂട്ടി പ്ലാൻ ചെയ്യുന്ന പലരും ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് ഓർക്കില്ല എന്നതാണ് വാസ്‌തവം. മാറിച്ചിന്തിക്കാൻ ഇനിയും വൈകിയിട്ടില്ല. വാർദ്ധക്യകാലത്ത് ജോലിയും വരുമാനവുമില്ലെങ്കിൽ സ്ഥിതി ദയനീയമാവും. അതുകൊണ്ട്, റിട്ടയർമെന്റിലേക്കുള്ള നിക്ഷേപ പദ്ധതികൾ തുടങ്ങാൻ വൈകരുത്.

ബാദ്ധ്യതയാകാതെ നിക്ഷേപിക്കാം
ഭാവിയിലേക്ക് പണം കരുതിവയ്ക്കണമെന്നു പറയുമ്പോൾ നമുക്കെല്ലാം കാണും ഓരോരോ ന്യായീകരണങ്ങൾ. പഴയ കാർ മാറ്റി പുതിയത് വാങ്ങണം, വീട് പുതുക്കിപ്പണിയണം, അവധിക്കാലം ആഘോഷിക്കണം, ഇങ്ങനെ ആവശ്യങ്ങൾ ധാരാളം കാണും. ഇതിൽ അത്യാവശ്യമല്ലാത്തവ ഏതെന്നു നോക്കി ഒഴിവാക്കേണ്ടത് നമ്മൾ തന്നെയാണ്. ചെറിയ കോംപ്രമൈസുകൾ നടത്തിയാൽ പെൻഷൻ പ്ലാനിലേക്ക് നീക്കിവയ്ക്കുക എന്നത് ഒരു ബാദ്ധ്യതയല്ലാതാകും. കുറച്ചൊക്കെ കരുതലുണ്ടായാൽ ഭാവി സുരക്ഷിതമാക്കാമെന്നു ചുരുക്കം.

ചെറിയ തുക മതി, ഭാവി സുരക്ഷിതം
25 വയസിൽ ജോലിയിൽ പ്രവേശിച്ച വ്യക്തിയാണെങ്കിൽ വിരമിക്കാൻ ഇനിയുമൊരു 30 വർഷം കൂടി ഉണ്ടല്ലോ എന്നാവും ചിന്ത. പിന്നീട് വിവാഹം, കുട്ടികൾ, വീട് വയ്ക്കൽ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, അച്ഛനമ്മമാരുടെ പരിചരണം അങ്ങനെ ആവശ്യങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരിക്കും. വരുമാനം കൂടുന്തോറും ആവശ്യങ്ങളും കൂടും. മറക്കരുത് നിക്ഷേപം നേരത്തേ തുടങ്ങുക, റിട്ടയർമെന്റിലേക്ക് സേവ് ചെയ്യാനുള്ള എളുപ്പവഴി അതുമാത്രമാണ്. 40 വയസുവരെ ജോലി ചെയ്യുമ്പോഴും ഇതുവരെ പെൻഷൻ പ്ലാനിലേക്ക് നിക്ഷേപിച്ചു തുടങ്ങാത്തവരുണ്ട്. ഓർക്കുക, കരിയറിന്റെ തുടക്കത്തിലാണ് പെൻഷൻ പദ്ധതിയിലേക്ക് നിക്ഷേപിച്ചു തുടങ്ങുന്നതെങ്കിൽ ചെറിയ തുക നീക്കിവച്ചാൽ മതിയാകും.

ശ്രദ്ധവേണം, കരുതലും
നിങ്ങളുടെ പെൻഷൻ പദ്ധതിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നതുപോലെ മറ്റാരും ചിന്തിക്കില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പെൻഷൻ പദ്ധതിയിൽ അംഗമാണ് എന്നോത്ത് അത്ര കണ്ട് ആശ്വസിക്കേണ്ടതില്ലെന്ന് ചുരുക്കം. കമ്പനികൾ നിങ്ങളുടെ ശമ്പളത്തിൽ നിന്ന്എത്രതുക പെൻഷൻ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നു എന്ന് വ്യക്തത വരുത്തണം. വിരമിക്കലിനു ശേഷവും സ്ഥിരവരുമാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പെൻഷൻ പദ്ധതികൾ വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തുക തന്നെവേണം.

നിക്ഷേപം, ആരോഗ്യത്തിനും
വിരമിക്കലിനുശേഷം ആരോഗ്യപ്രശ്‌നങ്ങളെയും കരുതിയിരിക്കണം. റിട്ടയർമെന്റിനു ശേഷം മിക്കവർക്കും ആരോഗ്യസേവനങ്ങളൊന്നും ലഭിക്കാറില്ല. മെഡികെയർ ഇല്ലാതെയാണ് നിങ്ങൾ ജോലിയിൽ നിന്ന് വിരമിക്കുന്നതെങ്കിൽ ഭാവിയിൽ ചികിത്സയ്ക്കും മറ്റും ആവശ്യമായ തുക നീക്കിവയ്ക്കണം. റിട്ടയർമെന്റിനു ശേഷമുള്ള ജോലിയും വരുമാനവും ഭാഗ്യം പോലിരിക്കും. അതുകൊണ്ടുതന്നെ നേരത്തെ നിക്ഷേപിക്കാതെ വിരമിക്കലിനുശേഷം വേറെ ജോലി ചെയ്‌ത് സമ്പാദിക്കാമെന്നത് പലപ്പോഴും വ്യാമോഹം മാത്രമാവും.

വേണം സുരക്ഷിത നിക്ഷേപങ്ങൾ
റിട്ടയർമെന്റിലേക്ക് നിക്ഷേപിക്കണമെന്ന് തീരുമാനിച്ചാൽ മാത്രം പോര. അത് സുരക്ഷിതമാണെന്ന് ഉറപ്പും വരുത്തണം. നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെയാണ് പെൻഷൻ സേവിംഗ്സുമെങ്കിൽ അത് ചിലപ്പോൾ ബുദ്ധിമുട്ടാകും. എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് ജോലി നഷ്‌ടമാവുകയാണങ്കിൽ നിങ്ങളുടെ റിട്ടയർമെന്റ് സേവിംഗ്സും നഷ്‌ടമാകും. അതിനാൽ, മറ്റ് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുകയാണ് ഉചിതം. മ്യൂച്വൽഫണ്ടിലോ, ഗ്യാരന്റീഡ് ആന്വറ്റിയിലോ, സി.ഡി.എസിലോ പണം നിക്ഷേപിക്കുന്നതാണ് കൂടുതൽ സുരക്ഷിതം

വൈകിയിട്ടില്ല...
പെൻഷൻ പദ്ധതിയിൽ നിക്ഷേപിച്ചില്ലെന്നോർത്തു ആശങ്കവേണ്ട. വൈകിയിട്ടില്ല, ഇനിയും തുടങ്ങാവുന്നതേയുള്ളു. ജീവിതപ്രാരാബ്ദ്ധങ്ങൾ തീരാൻ കാത്തുനിൽക്കരുത്. ചിലപ്പോൾ വാർദ്ധക്യത്തിൽ ആശ്വാസമാവുക ഇത്തരം നിക്ഷേപങ്ങൾ മാത്രമാകും.


(ഹെഡ്ജ് വെൽത്ത് മാനേജ്മെന്റ് സർവീസസിന്റെ മാനേജിംഗ് ഡയറക്‌ടറാണ് ലേഖകൻ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ