Saturday, 22 July 2017 8.14 AM IST
സെൻകുമാറിന്റേത് സ്ത്രീകളെ അപമാനിക്കുന്ന നടപടി, നിയമനടപടിക്കൊരുങ്ങി ഡബ്ലു.സി.സി
July 16, 2017, 6:28 pm
തിരുവനന്തപുരം : മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി ചലച്ചിത്ര മേഖലയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമാ കളക്റ്റീവ്. നടി ആക്രമിക്കുന്ന സംഭവുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി നടത്തിയ പ്രസ്താവന ആക്രമിക്കപ്പെട്ട നടിയേയും ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് സംഘടന വ്യക്തമാക്കി. വിമൻ ഇൻ സിനിമാ കളക്റ്റീവിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ പൊലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് WCC വനിതാ കമ്മിഷനെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ഞങ്ങളുടെ സഹപ്രവർത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പൊലീസ് മേധാവി ഒരു വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്‌തുത കേസിന്റെ ചുമതലക്കാരനായിരുന്ന പൊലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയതെന്ന വസ്‌തുത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്.

മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നൽകുന്ന ഒരു കൂട്ടായ്‌മ എന്ന നിലയിൽ മുൻ പൊലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസില്ലാത്ത ഈ പരാമർശത്തെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. മാത്രവുമല്ല, ഒരു ഭാഗത്ത് പൊലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്‌തുത കേസ് അന്വേഷണവുമായി മന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പൊലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങൾ കരുതുന്നു.

അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് മാദ്ധ്യമങ്ങളോടും WCC അഭ്യർത്ഥിക്കുന്നു. മുൻ പൊലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് WCC വനിതാ കമ്മിഷനെ സമീപിക്കും'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ