Saturday, 22 July 2017 8.18 AM IST
തേയില വ്യാപാര ഹബ്ബ്: കൊച്ചിയുടെ മോഹം മങ്ങി
July 17, 2017, 6:35 am
അനിൽകുമാർ ശർമ്മ
കൊച്ചി: രാജ്യത്ത് തേയില വ്യാപാരത്തിന്റെയും കയറ്റുമതിയുടെയും ഹബ്ബായി മാറുകയെന്ന കൊച്ചിയുടെ സ്വപ്‌നം പൂക്കാതെ പൊലിഞ്ഞു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് 'തേയില വ്യാപാര സെന്റർ" എന്ന പേരിലും തുടർന്ന് കഴിഞ്ഞവർഷം 'ടീ പാർക്ക്" എന്ന് പുനർനാമകരണം ചെയ്‌തും കൊച്ചി തുറമുഖ ട്രസ്‌റ്ര് ആവിഷ്‌കരിച്ച പദ്ധതി താത്പര്യക്കാർ ആരുമില്ലാത്തതിനാൽ ഉപേക്ഷിച്ചു. സ്ഥലവാടകയിനത്തിലും ചരക്കുനീക്ക ഫീസായും തുറമുഖത്തിന്റെ കീശയിലേക്ക് ലഭിക്കേണ്ട ലക്ഷങ്ങളുടെ വരുമാനവുമാണ് ഇതോടെ ഇല്ലാതായത്.
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് തേയില വ്യാപാര സെന്റർ പദ്ധതി തുറമുഖ ട്രസ്‌റ്റ് ആലോചിച്ചത്. ഇടപാടുകാർ വ്യത്യസ്‌തമായി കൈകാര്യം ചെയ്‌തിരുന്ന തേയില സംഭരണം, സംസ്‌കരണം, പാക്കേജിംഗ് എന്നിവ ഒരു കുടക്കീഴിലാക്കുകയായിരുന്നു ഉദ്ദേശ്യം. ഇതോടൊപ്പം, കോയമ്പത്തൂർ, കുർണൂൽ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ തേയില എത്തിച്ച്, കൊച്ചി വഴിയുള്ള കയറ്റുമതി വർദ്ധിപ്പിക്കുകയും ലക്ഷ്യമായിരുന്നു.
100 കോടി രൂപ പ്രാഥമിക ചെലവ് കണക്കാക്കി, ടീ ബോർഡ് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്‌തത്. കേന്ദ്രസർക്കാരിന് കീഴിലുള്ള എസൈഡ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. അതോടെ, പദ്ധതി ഉപേക്ഷിച്ചു. തേയില വ്യാപാരത്തിൽ കൊച്ചിയുടെ പ്രാധാന്യം കണക്കിലെടുത്താണ് കഴിഞ്ഞവർഷം ടീപാർക്ക് എന്ന പേരിൽ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തത്. ദുബായ് ടീ ട്രേഡ് സെന്റർ മാതൃകയിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ നിർമ്മിക്കാനായിരുന്നു നീക്കം. എന്നാൽ, തേയില വ്യാപാരികളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാൽ സാദ്ധ്യതാപഠനം പോലും നടത്താതെ പദ്ധതി തുറമുഖ ട്രസ്‌റ്ര് ഉപേക്ഷിച്ചു.

10 ഏക്കർ
വെല്ലിംഗ്ടൺ ഐലൻഡിൽ തുറമുഖ ട്രസ്‌റ്രിന് കീഴിലുള്ള പത്തേക്കർ‌ ഭൂമി പാട്ടത്തിന് നൽകി ടീ പാർക്ക് പദ്ധതി യാഥാർത്ഥ്യമാക്കുകയായിരുന്നു കൊച്ചി തുറമുഖ ട്രസ്‌റ്റിന്റെ ലക്ഷ്യം. സ്ഥലവാടക ഇനത്തിൽ ഹെക്‌ടറിന് പ്രതിവർഷം 30 ലക്ഷം രൂപയും പ്രതീക്ഷിച്ചിരുന്നു.

25 മില്യൺ കിലോഗ്രാം
പ്രതിവർഷം 15 മില്യൺ കിലോഗ്രാമോളം തേയിലയാണ് കൊച്ചി വഴി വ്യാപാരം ചെയ്യപ്പെടുന്നത്. സംസ്‌കരണവും സംഭരണവുമെല്ലാം മാനുഷിക ശക്തിയുപയോഗിച്ചാണ്. ഇത് പൂർണമായും യന്ത്രവത്‌കൃതമാക്കി കൊച്ചിയെ തേയില വ്യാപാര ഹബ്ബാക്കുകയും വ്യാപാര അളവ് 25 മില്യൺ കിലോഗ്രാമിന് മുകളിലേക്ക് ഉയ‌ത്തുകയുമായിരുന്നു 'ടീപാർക്ക്" പദ്ധതിയുടെ ഉദ്ദേശ്യം.

ടീ പാർക്കിനുള്ളിൽ...
 ലേല കേന്ദ്രം
 തേയില പാക്കേജിംഗ് കേന്ദ്രങ്ങളും അനുബന്ധ സംവിധാനങ്ങളും
 ടെമ്പറേച്ചർ കൺട്രോൾഡ് വെയർഹൗസുകൾ
 തേയില കമ്പനികൾക്ക് ഓഫീസുകൾ
 മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ നിർമ്മിക്കാൻ ഫാക്‌ടറി
 പാക്കേജിംഗും കയറ്റുമതിയും ഒരു കുടക്കീഴിലാക്കാൻ ഷിപ്പിംഗ് കമ്പനികൾക്ക് ഓഫീസുകൾ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ