മകനെ അനുഗ്രഹിക്കാൻ മുകേഷും സരിതയും വീണ്ടുമൊരുമിച്ചു
July 16, 2017, 7:14 pm
പര‌സ്‌പരം വേർപിരിഞ്ഞവർ. രണ്ടു പേർക്കും സ്വന്തമായ മകന്റെ ജീവിതത്തിലെ മറക്കാനാകാത്ത മുഹൂർത്തത്തിൽ അവർ വീണ്ടും ഒരുമിച്ചു. വിവാദങ്ങൾ മാറി നിന്ന പകലിൽ സിനിമാ പ്രവേശനത്തിനൊരുങ്ങുന്ന മകനെ തലയിൽ കൈവച്ച് അവരനുഗ്രഹിച്ചു. നടനും എം.എൽ.എയുമായ മുകേഷും നടി  സരിതയുടേയും മകൻ ശ്രാവണിന്റെ ആദ്യ സിനിമയായ 'കല്യാണ'ത്തിന്റെ പൂജാ ചടങ്ങിലാണ് ഇരുവരും ഒരുമിച്ചത്.
             
ദിലീപുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുമ്പോഴായിരുന്നു പൂജാ ചടങ്ങ് നടന്നത്. നിയമപരമായി പിരിഞ്ഞ ശേഷം ആദ്യമായാണ് മുകേഷും സരിതയും ഒന്നിച്ചൊരു ചടങ്ങിനെത്തുന്നത്. രണ്ടു പേരും ഈ മുഹൂർത്തത്തിലൊപ്പമുണ്ടാകണമെന്ന് ശ്രാവണിന്റേയും ആഗ്രഹമായിരുന്നു. രണ്ടുപേരേയും ഇരുവശത്തുമായി ചേർത്തു നിറുത്തി കാളിദാസ കലാകേന്ദ്രത്തിലെ ഇളമുറക്കാരനായ ശ്രാവൺ ഫോട്ടോയ്ക്ക് പോസ് ചെയ്തു. അമ്മാവനായ ഒ. മാധവന്റെ നഷ്ടത്തെ കുറിച്ചാണ് ചടങ്ങിൽ സരിത വാചാലയായത്. മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.
              
നടൻ മധുവിന് ദക്ഷിണ നൽകിയാണ് ശ്രാവൺ സിനിമയിലെ തുടക്കം കുറിച്ചത്. ചിത്രത്തിൽ മുകേഷും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രാവണിന്റെ ആദ്യ ചിത്രത്തിന്റെ പൂജാ വേദി ഹൗസ് ഫുളാണെന്നും അത് പോലെ സിനിമയും ഹൗസ് ഫുളാകട്ടെയെന്ന് നടൻ മധു ആശംസിച്ചു. സ്വയം വഴി കണ്ടെത്തി മുന്നേറണമെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞു. മന്ത്രി എകെ ബാലൻ, നടൻ മണിയൻപിള്ള രാജു,മുകേഷിന്റെ ഭാര്യ മേലതിൽ ദേവിക, അമ്മ വിജയകുമാരി, ഷാജികൈലാസ്, മേനക, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.  രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഹാനയും വർഷയുമാണ് നായികമാർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ