Sunday, 23 July 2017 6.15 AM IST
12,000 ഒ. ബി. സി ഒഴിവുകളിൽ നിയമനം നടത്താതെ കേന്ദ്രം
July 17, 2017, 12:37 am
വി.എസ്. സനകൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഒൻപത് സുപ്രധാന മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി ) സംവരണം ചെയ്തിട്ടുള്ള പന്ത്രണ്ടായിരത്തോളം ഒഴിവുകളിലേക്ക് നിയമനം നടന്നിട്ടില്ല. ആഭ്യന്തരം അടക്കമുള്ള മന്ത്രാലയങ്ങളിലാണ് ഈ ഒഴിവുകൾ. കേന്ദ്ര പഴ്സണൽ മന്ത്രാലയം പാർലമെന്ററി സമിതിയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
മൊത്തമുള്ള 11,797 ഒഴിവുകളിൽ 3,393 എണ്ണവും ആഭ്യന്തര മന്ത്രാലത്തിലാണ്. ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് രണ്ടാം സ്ഥാനത്ത് - 2,988 ഒഴിവുകൾ. ഫിനാൻഷ്യൽ സർവീസസിൽ1,425 ഒഴിവുകളും പ്രതിരോധ മന്ത്രാലയത്തിൽ 1,268 ഒഴിവുകളുമുണ്ട്. റെയിൽവേയിൽ പിന്നാക്കക്കാരുടെ ഒരു ഒഴിവും നികത്താനില്ലെന്നും കേന്ദ്രം അറിയിച്ചു.
പത്ത് സുപ്രധാന വകുപ്പുകളിലായി 40,562 ഒഴിവുകളാണ് നികത്താനുണ്ടായിരുന്നത്. പിന്നാക്കക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് എത്രയും വേഗനം നിയമനം നടത്താൻ പഴ്സണൽ മന്ത്രാലയം ഈ വകുപ്പുകളോട് പലവട്ടം നിർദ്ദേശിച്ചിരുന്നു. അതിന്റെ ഫലമായി ഇക്കൊല്ലം മാർച്ച് 31വരെയുള്ള കണക്കനുസരിച്ച് 28,765 ഒഴിവുകളിലേക്ക് നിയമനം നടന്നു. റെയിൽവേയിൽ ഒ.ബി.സി വിഭാഗങ്ങളുടെ 2,204 ഒഴിവുകളിലേക്കും മാർച്ചോടെ നിയമനം നടന്നു. ധനമന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ സർവീസസിലെ 14,455 ഒഴിവുകളിൽ 13,030 പേരെ നിയമിച്ചു. ഇനിയുള്ളത് 1,425 ഒഴിവുകളാണ്. ആഭ്യന്തര മന്ത്രാലയത്തിൽ11,577 ഒഴിവുകളുണ്ടായിരുന്നു. ഇതിൽ 8,164 ഒഴിവുകൾ മാത്രമാണ് നികത്തിയത്. 3,393 ഒഴിവുകളിലേക്ക് നിയമനം നടക്കാനുണ്ട്. മാനവശേഷി മന്ത്രാലയത്തിലെ 1,557 ഒഴിവുകളിൽ 571 തസ്തികകളിലേക്ക് നിയമനം നടന്നു. നഗരവികസന മന്ത്രാലയത്തിലെ 992 ഒഴിവുകളിൽ 95 എണ്ണത്തിൽ മാത്രമാണ് നിയമനം നടന്നതെന്നും കേന്ദ്രം സമർപ്പിച്ച കണക്കുകളിൽ പറയുന്നു.

ഒഴിവുകൾ

 ആഭ്യന്തര മന്ത്രാലയം: 3393
 റവന്യൂ : 2988
 ഫിനാൻഷ്യൽ സർവീസസ്: 1425
 പ്രതിരോധം : 1268
 മാനവവിഭവശേഷി : 986
 അറ്റോമിക് എനർജി: 642
 നഗരവികസനം : 597
 പോസ്റ്റൽ :484
 ഡിഫൻസ് പ്രൊഡക്‌ഷൻ : 14
 റെയിൽവേ : 0
ആകെ : 11797
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ