Saturday, 22 July 2017 8.17 AM IST
അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയുടെ ജൂനിയറിൽ നിന്ന് മെമ്മറി കാർഡ് കിട്ടി
July 17, 2017, 9:17 am
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ സുപ്രധാന തെളിവെന്ന് കരുതുന്ന യഥാർത്ഥ മെമ്മറികാർഡ് അന്വേഷണ സംഘം കണ്ടെടുത്തതായി സൂചന. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിൽ നിന്നാണ് മെമ്മറി കാർഡ് കണ്ടെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ആലുവ പൊലീസ് ക്ലബിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിനിടെയാണ് മെമ്മറി കാർഡ് സംബന്ധിച്ച വിവരം രാജു ജോസഫ് പൊലീസിന് കൈമാറിയത്. കണ്ടെടുത്ത മെമ്മറി കാർഡിൽ ദൃശ്യങ്ങളില്ലെന്നും വിവരമുണ്ട്. അതേസമയം, ഈ മെമ്മറി കാർഡ് അന്വേഷണ സംഘം ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കും. കേസ് അന്വേഷണത്തിനിടയിൽ നേരത്തെ രണ്ട് മെമ്മറി കാർഡുകൾ പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ, ഇവ രണ്ടും യഥാർത്ഥ മെമ്മറി കാർഡുകളായിരുന്നില്ല. നിലവിൽ കണ്ടെടുത്ത മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്തോ, അതോ മറച്ചുവച്ചിരിക്കുകയാണോ തുടങ്ങിയ കാര്യങ്ങളാകും ഫോറൻസിക് വിദഗ്ദ്ധർ പരിശോധിക്കുക.

അതേസമയം, കേസിൽ നിർണായക തെളിവായ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ ഫോൺ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടൻ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫോൺ വിദേശത്തേക്ക് കടത്തിയോ എന്നതിൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു പോകുന്നത്. ആരു വഴിയാണ് ഫോൺ കടത്തിയത്. അവിടെ വച്ച് ഫോൺ നശിപ്പിക്കപ്പെട്ടോ, ദൃശ്യങ്ങൾ മറ്റ് ഇലട്രോണിക്സ് ഉപകരണങ്ങളിലേക്ക് പകർത്തപ്പെട്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. യൂട്യൂബ് പോലുള്ള സൈറ്റുകളിൽ പുറംനാടുകളിൽ നിന്ന് ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടാതിരിക്കാൻ ജാഗരൂകരായിരിക്കുകയാണ് സൈബർ പൊലീസ്. നടിയെ ആക്രമിച്ചസംഭവം ചിത്രീകരിച്ച മൊബൈൽഫോൺ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നാണ് സുനിയുടെ മൊഴി. ഒളിവിൽക്കഴിയവേ ഫെബ്രുവരി 23ന് എറണാകുളത്ത് അഭിഭാഷകന്റെ ഓഫീസിൽവെച്ച് ഫോൺ നൽകിയെന്നാണ് സുനി പറയുന്നത്. അഭിഭാഷകന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് കിട്ടിയത്. ഫോൺകിട്ടിയില്ല. പൾസർ സുനിയെ അഭിഭാഷകന്റെ അടുത്തേക്കയച്ചത് ദിലീപാണെന്ന് പൊലീസ്‌ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോണിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ