Saturday, 22 July 2017 8.16 AM IST
ഹിന്ദു ജീവിത ശൈലി അടിച്ചേൽപിക്കാൻ ആർ.എസ്.എസ് ശ്രമം: പിണറായി
July 17, 2017, 3:29 pm
തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ സഹായത്തോടെ ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനുളള 'കുടുംബ പ്രബോധന'മാണ് ആർ.എസ്.എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധത കാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്‌കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർ.എസ്.എസിനോട് അദ്ദേഹം ആവശ്യപ്പെടണമെന്നും പിണറായി പറഞ്ഞു.

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തികളാണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താനും ആർ.എസ്.എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണ്. ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടി.വി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയരുത് മുതലായ നിർദേശങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ വീടുകയറുന്നു എന്ന വാർത്ത ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആർ.എസ്.എസിന്റെ അവകാശവാദം. വാസ്തവത്തിൽ മനുസ്മൃതിയിലെ 'മൂല്യങ്ങൾ' കുടുംബങ്ങളിൽ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ