Saturday, 22 July 2017 8.14 AM IST
ആർ.എസ്.എസിന്റെ ഇപ്പോഴത്തെ പ്രവർത്തനം വംശഹത്യയ്‌ക്ക് മുമ്പുള്ള ചാപ്പകുത്ത്: കോടിയേരി
July 17, 2017, 5:19 pm
തിരുവനന്തപുരം: ഹിന്ദുജീവിത ശെെലിയിൽ ജീവിക്കണമെന്ന് രാജ്യത്തെ പൗരൻമാർക്ക് തിട്ടൂരം നൽകുന്നത് ആർ.എസ്.എസ് മുന്നോട്ട് വയ്‌ക്കുന്ന സമഗ്രാധിപത്യ പ്രവണതയുടെ മൂർത്തമായ തലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മെഴുകുതിരി ഊതിക്കെടുത്തി കൊണ്ടുള്ള പാശ്ചാത്യ രീതിയിലുള്ള ജന്മദിനാഘോഷവും മാംസാഹാരവും ഒഴിവാക്കണമെന്നും സ്ത്രീകൾ പുറത്തുപോകുമ്പോൾ സാരി ധരിക്കണമെന്നും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണമെന്നും സംഘപരിവാരം നിർദേശിക്കുന്നു. മാത്രമല്ല, എന്ത് സംസാരിക്കണമെന്ന തിട്ടൂരം പോലും ആർ.എസ്.എസിന്റെ മൂശയിൽ നിന്ന് പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

''നമ്മുടെ ആശയത്തിന്റെ പരിധിക്ക് പുറത്തേക്ക് കടക്കുന്നവർക്ക് ഈ ദേശത്ത് ജീവിക്കുവാൻ ഒരു സ്ഥാനവുമുണ്ടാവാൻ പാടില്ല. തങ്ങളുടെ വ്യത്യാസങ്ങൾ ഉപേക്ഷിച്ച് രാഷ്ട്രത്തിന്റെ മതവും സംസ്‌കാരവും ഭാഷയും സ്വീകരിച്ച് ദേശീയ വംശത്തിൽ പൂർണമായും ലയിച്ചു ചേർന്നാൽ മാത്രമേ അവരെ രാഷ്ട്രത്തിന്റെ ഭാഗമായി ഗണിക്കാനാവൂ. അവർ തങ്ങളുടെ വംശീയവും മതപരവും സാംസ്‌കാരികവുമായ വ്യത്യസ്ഥതകൾ നില നിർത്തുന്ന കാലത്തോളം രാഷ്ട്രത്തോട് സഹൃദയമോ, ശത്രുതയോ ഉള്ള പാശ്ചാത്യരായിരിക്കാൻ മാത്രമേ അവർക്ക് കഴിയൂ.'' ആർ.എസ്.എസ് ആചാര്യനായ എം.എസ്. ഗോൾവാക്കർ രചിച്ച 'നാം അല്ലെങ്കിൽ നമ്മുടെ രാഷ്‌ട്രം നിർണയിക്കപ്പെടുന്നു' എന്ന ഗ്രന്ഥത്തിലെ പരാമർശമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

കേന്ദ്രഭരണകൂടത്തിന്റെ സാദ്ധ്യതകൾ കൂടി ഉപയോഗിച്ചുകൊണ്ട് ആർ.എസ്.എസ് സംഘപരിവാരം രാജ്യത്തെയും ജനങ്ങളെയും നിർണയിക്കാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ എല്ലാ കുടുംബങ്ങളിലും ആർ.എസ്.എസ് മുന്നോട്ടു വയ്‌ക്കുന്ന പെരുമാറ്റച്ചട്ടങ്ങളും വേഷഭൂഷാദികളും അടിച്ചേൽപ്പിക്കുവാൻ വേണ്ടി ഗൃഹസമ്പർക്ക പരിപാടിയുമായി മുന്നോട്ടു പോവുകയാണ് സംഘപരിവാരം. 'ഹിന്ദുജീവിതശൈലി' യിൽ ജീവിക്കണമെന്ന് രാജ്യത്തെ പൗരൻമാർക്ക് തിട്ടൂരം നൽകുന്നത് ആർ.എസ്.എസ് മുന്നോട്ടുവയ്‌ക്കുന്ന സമഗ്രാധിപത്യ പ്രവണതയുടെ മൂർത്തമായ തലമാണ്.

മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ടുള്ള പാശ്ചാത്യ രീതിയിലുള്ള ജന്മദിനാഘോഷം ഒഴിവാക്കണമെന്നും മാംസാഹാരം ഒഴിവാക്കണമെന്നും സംഘികൾ കൽപ്പിക്കുകയാണ്. സ്ത്രീകൾ പുറത്തുപോകുമ്പോൾ സാരി ധരിക്കണമെന്നും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണമെന്നും സംഘപരിവാരം നിർദേശിക്കുന്നു. മാത്രമല്ല, എന്ത് സംസാരിക്കണമെന്ന തിട്ടൂരം പോലും ആർ.എസ്.എസിന്റെ മൂശയിൽ നിന്ന് പുറത്തു വരുന്നുണ്ട്. കുടുംബാംഗങ്ങളുമായി കൂടിയിരിക്കുമ്പോൾ രാഷ്ട്രീയം സംസാരിക്കരുതെന്നും ക്രിക്കറ്റ് പോലുള്ള കളികളെ കുറിച്ച് ചർച്ച നടത്തരുതെന്നും അവർ കണ്ണുരുട്ടുന്നു. സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും വരുന്ന വാർത്തകളും ചർച്ചകളും മുഖവിലക്കെടുക്കരുതെന്നും പറഞ്ഞ് സംഘപരിവാരം ഭീഷണി മുഴക്കുന്നു.

രാഷ്ട്രീയ ഹിന്ദുത്വയുടെ നാവിൽ നിന്നുമുതിരുന്നത് മാത്രം കേൾക്കുകയും അവർ പറയുന്നിടത്തേക്ക് മാത്രം നോക്കുകയും അവർ നിർദേശിക്കുന്നത് മാത്രം രുചിക്കുകയും അവർ പറയുന്നതുപോലെ, അനുസരണയോടെ ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു ജനതയെ വാർത്തെടുക്കാനുള്ള പരിശ്രമത്തിലാണ് ആർ.എസ്.എസ് സംഘപരിവാരമുള്ളത്. ഈ 'കുടുംബപ്രബോധനം' ജനാധിപത്യത്തിന് ഭൂഷണമല്ല. ഈ ഗൃഹസന്ദർശന പരിപാടിയിൽ മുസ്ലീം, കൃസ്ത്‌യൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വർഗീയത ചുരത്തുന്ന ആർ.എസ്.എസിന്റെ സംസ്‌കാരവും മൂല്യബോധവും അടിച്ചേൽപ്പിക്കാനാണ് രാഷ്ട്രീയ ഹിന്ദുത്വ ശ്രമിക്കുന്നത്. ഇത് വംശഹത്യക്ക് മുമ്പായുള്ള ചാപ്പകുത്താണ്.

രാജ്യം എല്ലാ നൻമകളോടും വൈവിദ്ധ്യങ്ങളോടും കൂടി നിലനിൽക്കണമെന്നാഗ്രഹിക്കുന്ന പുരോഗമാനകാരികളും കലാസാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ മനുഷ്യസ്‌നേഹികളും ആർ.എസ്.എസ് സംഘപരിവാരത്തിന്റെ ഫാസിസ്‌റ്റ് രീതിയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാവണം. വർഗീയവിഷം ചുരത്തുന്ന ഈ കൂട്ടത്തെ പ്രതിരോധിക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ