Saturday, 22 July 2017 8.18 AM IST
പുതുവൈപ്പ് സമരം: സമരക്കാരെ വലിച്ചിഴച്ച് മർദ്ദിച്ചിട്ടില്ലെന്ന് ഡി.സി.പിയുടെ വിശദീകരണം
July 17, 2017, 5:24 pm
തിരുവനന്തപുരം: പുതുവൈപ്പിൽ എൽ.പി.ജി പ്ളാന്റിനെതിരെ സമരം ചെയ്തവരെ വലിച്ചിഴച്ച് മർദ്ദിച്ചിട്ടില്ലെന്ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മിഷനു മുന്പാകെ വ്യക്തമാക്കി. പുതുവൈപ്പ് സമരക്കെ ദേശീയ തലത്തിൽ എത്തിക്കാനുള്ള ശ്രമമാണ് ഹൈക്കോടതി ജംഗ്ഷനിൽ സമരക്കാർ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ തടസപ്പെടുത്താനും അതുവഴി സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനുമായിരുന്നു സമരക്കാരുടെ ശ്രമം. പ്ളാന്റിന് സുരക്ഷയൊരുക്കാൻ നിർദേശം നൽകിയ ഹൈക്കോടതിക്കുള്ളിലേക്കു മാർച്ച് നടത്താനും സമരക്കാർ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിക്കു കൊച്ചിയിൽ സുരക്ഷാ ഭീഷണിയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ട് നൽകിയിരുന്നു. അത് കണക്കിലെടുത്താണ് ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് സമരക്കാരെ നീക്കിയത്. സമരക്കാരെ നിയമവിധേയമായ ബലപ്രയോഗത്തിലൂടെ മാത്രമാണ് നീക്കം ചെയ്തത്. ആരെയും മർദ്ദിക്കുകയോ വലിച്ചിഴയ്ക്കുകയോ ചെയ്തിട്ടില്ല. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ കൊച്ചി മെട്രോ ഉദ്ഘാടനത്തിനുള്ള പ്രധാനമന്ത്രിയുടെ വരവ് തന്നെ തടസപ്പെട്ടേനെ.

പൊലീസിനെ ഇടിച്ചുതാഴ്‌ത്താൻ ഉദ്ദേശിച്ചാണ് സമരക്കാർ പരാതി നൽകിയത്. വില കുറഞ്ഞ പ്രചാരണമാണ് ഇതിലൂടെ സമരക്കാർ ലക്ഷ്യമിട്ടതെന്നും യതീഷ്ചന്ദ്ര വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ