Saturday, 22 July 2017 8.12 AM IST
വിസ്‌മയം വിതറി ത്രിരാഷ്ട്രങ്ങളുടെ സംയുക്ത 'മലബാർ നാവിക അഭ്യാസം'
July 17, 2017, 7:52 pm
ന്യൂഡൽഹി: ത്രിരാഷ്ട്ര ശക്തികളുടെ നാവികാഭ്യാസത്തിന്റെ വിസ്‌മയം വിതറിയ കാഴ്‌ചകളാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ അരങ്ങേറിയത്. 'മലബാർ നാവിക അഭ്യാസം' എന്ന പേരിൽ അണിനിരന്നത് ഇന്ത്യ–യു.എസ്–ജപ്പാൻ നാവിക സേനകളുടെ പുത്തൻ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളുമായിരുന്നു.

മൂന്ന് രാജ്യങ്ങളുടെയും നാവിക ശക്തി വിളിച്ചോതുന്ന അഭ്യാസ പ്രകടനം, ജൂലായ് 10നാണ് ആരംഭിച്ചത്. തിങ്കളാഴ്‌ച അവസാനിക്കുന്ന പ്രകടനത്തിൽ മൂന്ന് രാജ്യങ്ങളിലും നിന്നായി 16 യുദ്ധകപ്പലുകളും 100 ഓളം യുദ്ധവിമാനങ്ങളും പങ്കെടുത്തു. ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണ് അഭ്യാസപ്രകടനത്തിൽ പങ്കെടുത്തത്. ഐ.എൻ.എസ് ജലശ്വാ, ഐ.എൻ.എസ് സഹ്യാദ്രി, ഐ.എൻ.എസ് രൺവീർ, ഐ.എൻ.എസ് ശിവാലിക്, ഐ.എൻ.എസ് ജ്യോതി, ഐ.എൻ.എസ് കൃപാൺ, ഐ.എൻ.എസ് കോറ, ഐ.എൻ.എസ് കമോർത്ത, ഐ.എൻ.എസ് കാഡ്മാട്, ഐ.എൻ.എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത മറ്റ് കപ്പലുകൾ. ഇതു കൂടാതെ ഐ.എൻ.എസ് സിന്ധുധ്വജ് എന്ന അന്തർവാഹിനിയും ഇത്തവണത്തെ മലബാർ അഭ്യാസപ്രകടനത്തിലെ പുതുമയായിരുന്നു.

യു.എസിന്റെ ഭാഗമായി യു.എസ്.എസ് നിമിറ്റ്സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്കർ സംഘമാണ് മലബാർ നാവിക അഭ്യാസത്തിനായി എത്തിയത്. കൂടാതെ യു.എസ്.എസ് പ്രിൻസ്റ്റൺ, യു.എസ്.എസ് ഹൊവാർഡ്, യു.എസ്.എസ് ഷൗപ്, യു.എസ്.എസ് പിൻകിനി, യു.എസ്.എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യു.എസ്.എസ് ജാക്‌സൺ വില്ലേ എന്ന അന്തർവാഹിനിയും പരിശീലനത്തിൽ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലുകളായ ജെ.എസ്. ഇസുമോയും ജെ.എസ്. സസാനമിയുമായാണ് ജപ്പാൻ ശക്തമായ സാന്നിധ്യമറിയിച്ചത്. ആയിരത്തിലധികം നാവിക ഉദ്യോഗസ്ഥരാണ് ജപ്പാനെ പ്രതിനിധീകരിച്ച് മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുത്തത്. മലബാർ സംയുക്ത നാവിക അഭ്യാസത്തിന്റെ 21ആം പതിപ്പാണ് ഇത്തവണ നടന്നത്. കടലിൽനിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തർവാഹിനികളിൽനിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമായിരുന്നു ഇത്തവണത്തെ മലബാർ നാവിക അഭ്യാസത്തിന്റെ പ്രത്യേകതകൾ.

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ മോഹങ്ങൾക്കുള്ള മറുപടിയായാണ് ത്രിരാഷ്ട്ര ശക്തികളുടെ നാവിക അഭ്യാസത്തെ ഈ രംഗത്തെ വിദഗ്‌ദർ കാണുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ