വില എം.ആർ.പിയിൽ കൂട്ടാൻ അനുവദിക്കില്ല
July 18, 2017, 12:16 am
വി.എസ്. രാജേഷ്
ചരക്കു സേവന നികുതിയെക്കുറിച്ച് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് കൗമുദി ടിവിയിലെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിച്ചു.പ്രസക്തഭാഗങ്ങളിൽ നിന്ന് :

ചരക്കു സേ​വ​ന നി​കു​തി(ജി.എസ്.ടി) നി​ലവിൽ വന്നു. ജ​നം വല​ഞ്ഞു എ​ന്ന മ​ട്ടി​ലാ​ണല്ലോ കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്?

ച​ര​ക്കു​സേ​വ​ന നി​കു​തി തു​ട​ക്കത്തിൽ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാം. അ​റി​ഞ്ഞു​കൂ​ട​ല്ലോ. എന്നാൽ യ​ഥാർ​ത്ഥത്തിൽ ഉ​പ​ഭോ​ക്​താ​ക്കൾ​ക്ക് വലി​യ നേ​ട്ട​മാ​ണ്. പക്ഷേ, കേ​ര​ള​ത്തി​ലെ പോ​ലെ ബാ​ക്കി​യെല്ലാ​യി​ടത്തും പ​ല ക​ച്ച​വ​ട​ക്കാരും ചെയ്യാൻ ശ്ര​മി​ച്ചത് നി​കു​തി കു​റ​ച്ചി​ല്ലെ​ന്ന് മാ​ത്രമല്ല, പ​ലരും എം.ആർ.പി വി​ല​യേക്കാൾ കൂ​ടു​തൽ വി​ല കൂട്ടി. അ​ത് തി​കച്ചും പ്ര​തി​ഷേ​ധാർ​ഹ​മാ​ണ്. എം.ആർ.പി​യേക്കാൾ ഒ​രി​ക്കലും കൂടാൻ പാ​ടില്ല.

ജി. എ​സ്.ടി.യി​ലു​ണ്ടാകു​ന്ന നി​കു​തി​യിള​വ് ഫ​ലത്തിൽ ഉ​പ​ഭോ​ക്താ​വിന് കി​ട്ടുന്നില്ലല്ലോ?
കി​ട്ടു​ന്നില്ല. ഇ​നി ചെ​യ്യാ​നുള്ള​ത് അടു​ത്ത ബാ​ച്ച് ഉ​ത്​പന്ന​ങ്ങൾ ഇ​റ​ങ്ങു​മ്പോൾ എം.ആർ. പി താ​ഴ്​ത്തി​വ​യ്​ക്കണം. ഇ​പ്പോ​ഴു​ള്ളതി​നേ​ക്കാൾ. അ​തി​ന് കേ​ന്ദ്ര​സർക്കാർ ക​മ്പ​നിക​ളെ നിർ​ബ​ന്ധി​ക്ക​ണം.

വി​ല​ക്കയ​റ്റം നി​യ​ന്ത്രിക്കാൻ സർ​ക്കാ​രി​ന് എ​ന്തെ​ങ്കിലും മാർ​ഗ​ങ്ങ​ളു​ണ്ടോ?
സംസ്ഥാ​ന സർ​ക്കാ​രിന് ഒ​റ്റ മാർ​ഗ​മേ​യുള്ളൂ. എം.ആർ.പി വി​ല​യു​ണ്ടെങ്കിൽ അതിൽ കൂ​ട്ടിയാൽ ശി​ക്ഷി​ക്കാം. ലീ​ഗൽ മെട്രാള​ജി വ​കു​പ്പി​ന് അ​തി​ന് അ​ധി​കാ​ര​മുണ്ട്. ഞ​ങ്ങൾ ടെ​സ്​റ്റ് പർ​ച്ചേ​സു​കൾ ന​ട​ത്തു​ന്നു​ണ്ട്. എ​വി​ടെ​യെ​ങ്കിലും എം.ആർ.പി​യേക്കാൾ വ​ന്നി​ട്ടു​ണ്ടെങ്കിൽ കേ​സെ​ടു​ക്കും.

സം​സ്ഥാ​നത്ത് ധ​ന​കാ​ര്യ​മന്ത്രി പ​റയു​ന്ന വാക്ക് കോ​ഴി​ക്ക​ച്ച​വ​ടക്കാർ പോലും പാ​ലി​ക്കുന്നില്ല എ​ന്നാണ്?

നാ​ലഞ്ചു ക​മ്പ​നി​ക​ളു​ണ്ട്. അ​വ​രാണ് ഇ​തു മു​ഴു​വൻ നി​യ​ന്ത്രി​ക്കു​ന്നത്. ഭയ​ങ്ക​ര നി​കു​തി​വെ​ട്ടി​പ്പാണ്.നി​കു​തി​യു​ടെ പാ​തി​യേ ത​രാ​റു​ള്ളൂ. ബാ​ക്കി വെ​ട്ടി​ച്ചു​കൊ​ണ്ടു പോ​കു​ക​യാണ്. അ​തു​കൊ​ണ്ട് നീ​ണ്ട നാള​ത്തെ ഫൈ​റ്റാ​ണ് ഈ ക​മ്പ​നി​ക​ളു​മാ​യിട്ട്.

അ​ന്യ​സംസ്ഥാ​ന ക​മ്പ​നി​ക​ളാണോ ?
ക​മ്പ​നി​കൾ ന​മ്മു​ടെ നാ​ട്ടി​ലു​ള്ള​വ​രാണ്. അ​വർ ത​മി​ഴ്‌​നാ​ട് ലോ​ബി​യു​ടെ വ​ക്താ​ക്ക​ളാ​യി നിൽ​ക്കു​ക​യാണ്. അ​വർ തമ്മിൽ ഭയ​ങ്ക​ര യോ​ജി​പ്പാണ്. ഇവ​രെ പി​ണ​ക്കി​ക്ക​ഴിഞ്ഞാൽ കോ​ഴി ഡീ​ലർ​മാർ​ക്ക് കി​ട്ട​ത്തില്ല. അ​പ്പോൾ ഒ​രു ദി​വ​സ​മെ​ങ്കിലും മേ​മ്പൊ​ടി​ക്കെ​ങ്കിലും ഇള​വ് കൊ​ടു​ക്കേണ്ടേ. ഇല്ല, അങ്ങ​നെ ന​മ്മൾ ഇ​ട​പെട്ടു. കെ​പ്‌​ക്കോ​യേക്കാൾ കൂ​ടു​തൽ വി​ല​യ്ക്ക് വിൽ​ക്ക​ത്തി​ല്ലെ​ന്ന് പ​റഞ്ഞു. കെ​പ്‌​കോ​യി​ലാണ് ഏ​റ്റവും ന്യാ​യ​വി​ല​യെ​ന്ന് എ​നി​ക്ക​ഭി​പ്രാ​യ​മില്ല.


കെ​പ്‌​ക്കോ​യും വി​ല കൂ​ട്ടി വിൽ​ക്കു​ന്നു​ണ്ട്?
വി​ല കൂട്ടി. അ​ത് മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ദ്ധ്യത്തിൽ അ​തു കു​റ​പ്പിച്ചു. പ​തി​ന​ഞ്ചു​ശ​ത​മാ​ന​മു​ള്ളത് കു​റച്ചു. ആ വി​ല​യ്​ക്ക് വിൽ​ക്ക​ണ​മെ​ന്ന് കേര​ളം മു​ഴു​വൻ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്. എ​ന്നാൽ ലൈ​വ് ചിക്ക​ന് എൺ​പ​ത്തി​യേ​ഴു രൂ​പ​യ്​ക്ക് വിൽ​ക്ക​ണ​മെ​ന്നു​മുള്ള​ത് അ​ത്ര പാ​ലി​ക്ക​പ്പെ​ടു​ന്നില്ല.

ലൈ​വ് ചി​ക്കൻ വി​രി​യി​ച്ചെ​ടു​ത്ത് വ​രു​മ്പോൾ 83രൂപ വി​ല​യാ​കു​മെന്ന​ല്ലേ അ​വർ പ​റ​യു​ന്നത്?

ആ​രു പ​റ​ഞ്ഞു. നാൽ​പ്പ​ത്തി​യ​ഞ്ചുരൂ​പ ഒ​രു കോ​ഴി​ക്കു​ഞ്ഞി​ന് വി​ല വ​രു​മെ​ന്ന്. കേ​ര​ള സർക്കാർ രണ്ടു മാ​സ​ത്തി​നുള്ളിൽ ഇ​രു​പ​ത്തി​യ​ഞ്ചു​രൂ​പ​യ്​ക്ക് കൊ​ടുക്കാൻ പോ​കു​ക​യാ​ണ്. വലി​യ കു​ത്ത​ക ക​മ്പ​നി​ക​ളു​ടെ ധാ​ര​ണ അ​വർ പ​റ​യുന്ന​തു പോല​യേ കേ​ര​ളത്തിൽ കോ​ഴി​ക്ക​ച്ചവ​ടം ന​ട​ക്കു​ക​യു​ള്ളൂ എന്ന്. ഇ​പ്പോൾ കേ​ര​ള​ത്തി​ലെ ഹാ​ച്ച​റി​കളിൽ ഒ​രു വർ​ഷം വി​രി​യി​ച്ചെ​ടു​ക്കുന്ന​ത് ഏ​ഴുല​ക്ഷം കോ​ഴി​ക​ളാണ്. അ​ത് ഒ​രു കോ​ടി കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളാകാൻ പോ​കു​ക​യാണ്. ഒ​രു ദിവ​സം മു​പ്പ​തി​നാ​യി​രം കോ​ഴി​ക്കു​ഞ്ഞുങ്ങ​ളെ വി​രി​യി​ച്ചെ​ടു​ക്കാൻ പോ​കു​ക​യാണ്. അ​തു വ​ന്നു ക​ഴിഞ്ഞാൽ കേ​ര​ളത്തിൽ ആ​വ​ശ്യ​മു​ള്ള കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ മൂ​ന്നി​ലൊ​ന്ന് സർ​ക്കാ​രിന്റെ വ​രു​തി​യി​ലാ​കും.

എൺ​പ​ത്തി​യേ​ഴു രൂ​പ എ​ന്നു പ​റഞ്ഞ​ത് വേണ്ട​ത്ര ആ​ലോ​ചിക്കാ​തെ പ​റ​ഞ്ഞ പ്ര​ഖ്യാ​പ​ന​മാ​യി​രുന്നോ?

അല്ല. ഞ​ങ്ങ​ളു​ടെ വ​കു​പ്പി​ന്റെ ക​ണ​ക്കാണ്, നൂ​റ്റി​മൂന്ന് രൂ​പ​യ്​ക്കാ​ണ് ചി​ക്കൻ വി​റ്റി​രു​ന്ന​തെന്ന്. അതിൽ നിന്ന് പ​തിന​ഞ്ചു ശ​ത​മാ​നം കു​റ​ച്ച വി​ല​യാണ് എൺ​പ​ത്തി​യേ​ഴു​രൂപ.

ജന​ങ്ങൾ സ​ഹ​ക​രി​ക്ക​ണ​മെന്ന് പ​റ​ഞ്ഞത് ഏ​തു അർ​ത്ഥ​ത്തി​ലാണ്. വാ​ങ്ങാ​തെ സ​ഹ​ക​രി​ക്ക​ണ​മെ​ന്നാണോ?
അ​തേ. ത​ത്​കാ​ലം വാ​ങ്ങി​ല്ലെന്ന് പ​റഞ്ഞാൽ വിൽ​ക്കാതെ കോ​ഴി വ​ച്ചി​രിക്കാൻ സാ​ധി​ക്കു​മോ. മൂ​ന്നു​ദി​വ​സം കോ​ഴി​യെ വി​റ്റില്ലല്ലോ കേ​ര​ള​ത്തിൽ. വേ​ണ​മെങ്കിൽ ഇങ്ങ​നെ ചെ​യ്യണം. അ​തല്ല ഇ​വർ പ​റയു​ന്ന വി​ല കൊ​ടു​ത്ത് വാങ്ങാൻ ത​യ്യാ​റാ​ണെങ്കിൽ സർ​ക്കാ​രി​ന് എ​ന്തു ചെയ്യാൻ ക​ഴി​യും. സർക്കാർ എ​ന്ന നി​ല​യിൽ ഉ​പ​ഭോ​ക്താ​ക്കൾക്ക് നി​കു​തി​യിള​വ് വാ​ങ്ങി​ക്കൊ​ടുക്കാൻ പ​ര​മാവ​ധി ശ്ര​മി​ക്കും. ഇ​ത് വി​ജ​യി​ക്കു​മോ, ഇ​ല്ലെയോ എ​ന്ന് വേ​റൊ​രു കാ​ര്യം.
ജി.എസ്.ടി കൊണ്ട് കേരളത്തിനുള്ള ഗുണം എന്താണ്?
നേരത്തെ ന​മ്മു​ടെ നാ​ട്ടിൽ ന​മ്മൾ നി​കു​തി കൊ​ടു​ത്ത​തിന്റെ ഗ​ണ്യമാ​യ ഭാ​ഗം ന​മു​ക്ക് കി​ട്ടാ​റില്ല. മ​റ്റു സം​സ്ഥാ​ന​ങ്ങൾ​ക്കു കി​ട്ടും. മ​റ്റു​സം​സ്ഥാ​ന​ങ്ങളിൽ നി​ന്നു വാ​ങ്ങു​മ്പോൾ അ​വി​ടെ​യാ​ണ് നി​കു​തി കി​ട്ടു​ക, ന​മു​ക്ക് കി​ട്ടാ​റില്ല. ഇ​നി മേൽ അ​ങ്ങ​നെയല്ല. ന​മ്മു​ടെ സം​സ്​ഥാ​ന​ത്ത് ഉ​പ​യോ​ഗിക്കാൻ വേ​ണ്ടി മറ്റു സം​സ്ഥാന​ത്തു നി​ന്നു​വാങ്ങു​ന്ന സാ​ധ​ന​ങ്ങൾ​ക്കു​ള്ള നി​കു​തിയും ന​മു​ക്ക് ത​ന്നെ കി​ട്ടും.

ഈ രീ​തിയിൽ ഒ​രു ഏ​ഴാ​യി​രം കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ന​മു​ക്ക് കി​ട്ടുമോ?
സത്യം പ​റഞ്ഞാൽ എ​നി​ക്ക​റി​ഞ്ഞു കൂടാ. എ​ത്ര​യാ​ണെന്ന്. പക്ഷേ, ഒ​രു സം​ശ​യവും എ​നി​ക്കില്ല, ഒ​രു മൂ​വാ​യി​രം കോ​ടി രൂ​പ വ​രു​മെ​ന്നത്. കേ​ര​ള​ത്തിന്റെ നി​കു​തി വ​രു​മാ​നം കൂ​ടും. ഇ​തല്ലാ​തെ മ​റ്റു മാർ​ഗം നോ​ക്കി​യി​ട്ട് കാ​ര്യ​മില്ല.
ജി എ​സ് ടി​യെ​ക്കു​റിച്ച് ആദ്യം പ​റഞ്ഞ​ത് കോർ​പ്പ​റേ​റ്റു​കൾ​ക്ക് നല്ലതും ചെ​റുകി​ട കർ​ഷ​കർ​ക്ക് അ​ത്ര ഗു​ണം ചെ​യ്യു​ന്ന​ത​ല്ലെ​ന്നു​മാ​ണ്. അ​ത് വി​ശ​ദീ​ക​രി​ക്കുമോ?
ഉ​ദാ​ഹ​ര​ണ​ത്തി​ന് ന​മ്മു​ടെ പ​ല വ്യ​വ​സാ​യ​ങ്ങൾക്കും ഒ​ന്ന​ര​ക്കോ​ടിയിൽ താ​ഴെ​യാ​ണെങ്കിൽ എക്‌​സൈ​സ് നി​കു​തി ഉ​ണ്ടാ​യി​രു​ന്നില്ല. വാ​റ്റ് ഉ​ണ്ടാ​യി​രുന്നു. ഇ​പ്പോഴ​ത്തെ പുതി​യ നി​കു​തി ഒ​ന്ന​ര​ക്കോ​ടി​ക്ക് മു​ക​ളി​ലു​ണ്ടാ​യിരു​ന്ന എക്‌​സൈ​സ് നി​കു​തിയും വാറ്റും കൂ​ട്ടി​ച്ചേർ​ന്ന് എ​ത്ര നി​കു​തി വ​രുന്നോ അ​തിന്റെ താ​ഴെ​യു​ള്ള സ്‌​ളാ​ബി​ലാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്നത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് പ്ലൈ​വുഡ്. പെ​രു​മ്പാ​വൂ​രി​ലെ കൊ​ച്ചു സ്ഥാ​പ​ന​ങ്ങ​ളൊ​ക്കെ വാ​റ്റാ​ണ് കൊ​ടു​ത്തി​രു​ന്നത്, എക്‌​സൈ​സ് നി​കു​തിയല്ല. ഇ​പ്പോൾ പ​തി​നെ​ട്ടു ശ​ത​മാ​ന​മായി, നേര​ത്തെ പ​തി​നാ​ലു ശ​ത​മാനം. അ​പ്പോൾ നാ​ലു​ശ​ത​മാ​നം കൂ​ടി​യില്ലേ. അ​തു വലി​യ ക​മ്പ​നി​ക​ളു​മാ​യു​ള്ള അ​വ​രു​ടെ മ​ത്സ​ര​ശേ​ഷി​യെ ബാ​ധി​ക്കും. ഇ​തു​പോലെ പ​ല ചെ​റുകി​ട വ്യ​വ​സാ​യ​ങ്ങൾക്കും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കും. ഇതിൽ ചില വൈ​രു​ദ്ധ്യ​ങ്ങ​ളുണ്ട്. ഇ​പ്പോൾ ഉ​പ​ഭോ​ക്താക്കളും വിൽ​പ്പ​ന​ക്കാരും ത​മ്മി​ലു​ള്ള തർക്കം. ആ തർ​ക്കത്തിൽ എന്റെ ഒ​രു ധാ​ര​ണ അ​ടു​ത്ത​ബാ​ച്ച് സാ​ധന​ങ്ങൾ വ​രു​മ്പോൾ എം. ആർ. പി കു​റ​യും. എം.ആർ.പി​ താ​ഴ്​ത്തി നി​റുത്താൻ കേ​ന്ദ്ര​സർക്കാർ ശ്ര​മി​ക്കും. അ​ല്ലെങ്കിൽ വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്ക് പോ​കും. സംഗ​തി പ്ര​ശ്‌​ന​മാ​കും. പെട്ടെന്ന് അങ്ങ​നെ ഗു​ണം കി​ട്ടി​യി​ട്ടില്ല. പക്ഷേ, നാ​ളെ അങ്ങ​നെ ഒ​രു സാ​ദ്ധ്യ​ത​യുണ്ട്. അ​തി​നു​വേ​ണ്ടി​യാ​ണ് ഞ​ങ്ങൾ പ​രി​ശ്ര​മി​ക്കു​ന്നത്. ഉ​പ​ഭോ​ക്​തൃസം​സ്ഥാ​നമെ​ന്ന നി​ലയിൽ സം​സ്ഥാ​ന​ത്തി​ന് വലി​യ നേ​ട്ട​മാണ്. കേ​രളത്തിന്റെ ധ​ന​മ​ന്ത്രിയെ​ന്ന നി​ലയിൽ ഞാൻ പ്രാ​ഥ​മി​ക​മാ​യി നോക്കിയത് അ​താ​ണ്.

ക​മ്പ്യൂ​ട്ടർ ഫ​യ​ലിംഗ്. ബില്ലിം​ഗ് ഇങ്ങ​നെ പ​ല കാ​ര്യ​ങ്ങ​ളിലും വ്യാ​പാ​രി​കൾ​ക്ക് ഉ​ത്​ക​ണ്ഠ​യുണ്ട്?
ക​മ്പ്യൂ​ട്ട​റി​ല്ലെങ്കിൽ വേ​ണ്ട. ആ​രെ​ങ്കി​ലും ക​മ്പ്യൂ​ട്ടറിൽ ത​ന്നെ ബിൽ എ​ഴു​തി കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടോ. ഇ​തൊന്നും പ​റ​ഞ്ഞി​ട്ടില്ല. അ​തു​ണ്ടെങ്കിൽ വള​രെ എ​ളു​പ്പ​മാണ്. അ​തിന്റെ സോ​ഫ്​റ്റ് വെ​യർ ഉ​ണ്ടെങ്കിൽ എല്ലാം ഓ​ട്ടോ​മാ​റ്റി​ക്കാ​യി ജ​ന​റേ​റ്റ് ചെ​യ്യും. അ​ല്ലെങ്കിൽ ഒ​രു പ്രാ​ക്​ടീ​ഷന​റെ വി​ളിച്ച് ചെ​യ്യി​ക്കണം. ഇ​പ്പോൾ അ​ങ്ങ​നെ​യാ​ണ് ചെ​യ്യു​ന്നത്. എ​ഴു​തി​യു​ണ്ടാ​ക്കുന്ന​വർ അങ്ങ​നെ തു​ടർ​ന്നേച്ചാൽ മതി.

സാ​നിറ്റ​റി നാ​പ്​കി​ന് പ​ന്ത്ര​ണ്ടു​ശ​ത​മാ​നം നി​കു​തി​ വച്ചത് ശരിയാണോ?

അ​തു പ​റ​ഞ്ഞി​രുന്നു. പ​റ​ഞ്ഞുക​ഴി​ഞ്ഞ​പ്പോൾ അ​തു കു​റ​യ്​ക്കുമെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാണ് എനിക്കുണ്ടായത്. അ​തി​ലൊ​രു പ്ര​ശ്‌​ന​മുണ്ട്. പൂ​ജ്യ​മാ​ക്കു​ന്നതിൽ കാ​ര്യ​മില്ല, അ​ഞ്ചാ​ക്ക​ണ​മെ​ന്നാ​ണ് ഞാൻ ആ​വ​ശ്യ​പ്പെ​ട്ടത്. എ​ന്താ​ണ് ഈ അ​ഞ്ചെ​ന്ന് ചോ​ദി​ച്ചേ​ക്കാം. ഇതിൽ ഉ​പ​യോ​ഗി​യു​ന്ന അ​സം​സ്‌കൃ​ത വ​സ്​തു​ക്ക​ളിൻ​മേ​ലെല്ലാം നി​കു​തി​യുണ്ട്. ആ ഉ​ത്​പ​ന്ന​ത്തി​ന് നി​കു​തി എം​ബഡ​ഡ് ആണ്. പക്ഷേ ഇ​വി​ടെ നി​കു​തി അ​ഞ്ചു​ശ​ത​മാ​നം വ​ച്ചി​ല്ലെങ്കിൽ ഇ​റ​ക്കു​മ​തി​യി​യു​ടെ മേൽ നി​കു​തി വ​യ്ക്കാൻ പ​റ്റില്ല.
ഇ​നി ഇ​ത് കു​റ​യ്ക്കാൻ സാ​ദ്ധ്യ​ത​യുണ്ടോ?
പിന്നേ. ജി.എ​സ്.ടി കൗൺസിൽ എ​പ്പോൾ തീ​രു​മാ​നി​ച്ചാ​ലു​മാ​വും. ഇ​ത് ബുദ്ധിമുട്ടുള്ളവാക്കുമെന്ന് ഞാൻ പ​ലവ​ട്ടം പ​റ​ഞ്ഞി​രുന്നു.
മരു​ന്നു​കൾ വാ​ങ്ങി​ക്കു​മ്പോഴും അ​നി​ശ്​ചി​ത​ത്വ​മു​ണ്ട​ല്ലോ?
അ​ത് ആ​ദ്യ​ഘ​ട്ട​ത്തി​ലെ അ​നി​ശ്​ചി​ത​ത്വ​മാണ്. അ​തി​ലെ പ്ര​ശ്‌​ന​മെ​ന്താ​ണെ​ന്ന് വച്ചാൽ അ​വ​ശ്യ​മ​രു​ന്നു​കൾ​ക്ക് നി​കു​തി​യില്ല. അ​വ​ശ്യ​മ​രു​ന്നു​കൾ ഏത്. അ​ത് തീ​രു​മാ​നി​ക്കുന്നത് കേ​ന്ദ്ര​സർ​ക്കാ​രാണ്. ന​മ്മ​ളി​വി​ടെ അ​വ​ശ്യ​മ​രു​ന്നു​ക​ളെ​ന്ന് പറ​ഞ്ഞ് നി​കു​തി​യി​ളവ് കൊ​ടു​ക്കു​ന്ന​തൊക്കെ അ​വി​ടെ​യു​ള്ള പട്ടി​ക പ്ര​കാ​രം അ​ങ്ങ​നെയല്ല. അ​തിന്റെ പ്ര​ശ്‌​ന​മു​ണ്ട്. ആ കൺ​ഫ്യൂ​ഷ​നുള്ള​തു കൊ​ണ്ട് പുതി​യ മ​രു​ന്നു​കൾ വ​രു​ന്നില്ല.
ജി.എ​സ്.ടി പൂർ​ണ​മായും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സംസ്ഥാ​ന സർ​ക്കാർ, അ​ല്ലെങ്കിൽ ധ​ന​കാ​ര്യ​വ​കു​പ്പ് ത​യ്യാ​റാ​യി​രുന്നോ?
ഏ​യ് പൂർ​ണ​മാ​യിട്ടൊന്നും സജ്ജമായിട്ടില്ല. ഈ വേ ബിൽ ഇനിയും ശരിയായിട്ടില്ല. ഇ​പ്പോൾ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഈ വേ ബില്ലു​ണ്ടെങ്കിൽ എ​ന്തൊ​ക്കെ ച​ര​ക്കു​കൾ വ​രു​ന്നെ​ന്ന് കാണാൻ പ​റ്റും.
വ്യാ​പാ​രി​കൾ പ​റയു​ന്ന ഒരു പ​രാ​തി അ​വ​ശേ​ഷിക്കു​ന്ന സ്‌​റ്റോ​ക്കിന്റെ കാ​ര്യ​ത്തി​ലാ​ണല്ലോ?
ഒ​രു അ​ടി​സ്ഥാ​ന​വു​മില്ലാ​ത്ത കാ​ര്യ​മാണ്. എ​നിക്ക​ത് മ​ന​സി​ലാ​യി​ട്ടേ​യില്ല. വാറ്റ് കൊ​ടു​ത്തു വാ​ങ്ങി​യ​താ​ണെ​ങ്കിൽ, മാർ​ച്ച് വ​രെ​യു​ള്ള പ​ണ​മെല്ലാം റീഫ​ണ്ട് ചെ​യ്​തു ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇനി മൂ​ന്നു​മാ​സ​ത്തെ​യാ​ണു​ള്ളത്. അ​ത് വാ​റ്റ് കൊ​ടു​ത്തു വാ​ങ്ങി​ച്ച​താ​ണെങ്കിൽ സെ​പ്​തം​ബർ മാ​സത്തിൽ നി​കു​തി കൊ​ടു​ക്കു​മ്പോൾ ഈ തു​ക കി​ഴി​ച്ചുള്ള​ത് കൊ​ടുത്താൽ മ​തി. ആ​കെ ഒ​രു പ്ര​ശ്‌​നം ഞാൻ കേ​ര​ളത്തിൽ വാ​റ്റു കൊ​ടു​ത്തു വാ​ങ്ങിച്ചു, അ​തിന്റെയുള്ളിൽ എക്‌​സൈ​സ് നി​കു​തി കി​ട​പ്പുണ്ട്. അ​തിന്റെ മു​ക​ളി​ലാ​ണ് വാ​റ്റ് വ​ന്നി​ട്ടു​ള്ളത്. അ​ത് കി​ട്ടുമോ എ​ന്നാ​ണ് ചോ​ദ്യം. അ​തു​പോലും ഉ​ദാ​ര​മാണ്. അ​റുപ​ത് ശ​ത​മാ​നം വ​രെ അതും വ​കവ​ച്ചു കി​ട്ടും. വിൽക്കു​ന്ന വി​ല എം.ആർ.പി പൈസയേക്കാൾ അ​പ്പോഴും മു​ക​ളി​ലാ​ണെങ്കിൽ അങ്ങ​നെ വ​രി​ക​യാ​ണെങ്കിൽ ന​ഷ്​ടം വ​രും. അങ്ങ​നെ കേ​സു​ണ്ടെങ്കിൽ കൊ​ണ്ടു​വ​രി​ക, ഇ​തിന്റെ മു​ഴു​വൻ എക്‌​സൈ​സ് നി​കു​തി​യു​ടെയും ഇള​വ് ക​മ്പ​നി​ക്ക് കി​ട്ടു​ന്നുണ്ട്. അ​ത് ഉ​ത്​പാ​ദക​ന് കൊ​ടു​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യുണ്ട്. അ​തി​ന് കുറ​ച്ച് താ​മ​സ​മെ​ടു​ക്കും. വാ​റ്റി​ലേ​ക്ക് വ​ന്ന​പ്പോൾ ഈ പ്ര​ശ്‌​ന​മു​ണ്ടാ​യി​രുന്നു.
എല്ലാ ബജറ്റിന്റെയും ഗ്ലാമർ വരാൻ പോകുന്ന നികുതിയെ കുറിച്ചുള്ള ആശങ്കകളാണ്. ഇനി സംസ്ഥാന ബഡ്ജറ്റിന് എന്താണ് പ്രസക്തി?
സംസ്ഥാന ബഡ്ജറ്റിന്റെ ഗ്ലാമർ നികുതി ആയിരുന്നില്ല. വാറ്റ് വന്നപ്പോഴേ അത് പോയി. അല്ലറ ചില്ലറ അങ്ങോട്ടുമിങ്ങോട്ടും മാറ്റങ്ങളേയുള്ളൂ.കഴിഞ്ഞ രണ്ട് ബജറ്റ് എടുത്ത് നോക്കിക്കേ. ആരും നികുതിയെ കുറിച്ച് സംസാരിച്ചിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ഞാൻ നികുതി കൂട്ടാനോ കുറയ്ക്കാനോ പോയില്ല.

ധനകാര്യ മന്ത്രിയുടെ റോൾ ഒരു മുനിസിപ്പൽ ചെയർമാന്റെ നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ടോ?
എന്നാണ് ഞാൻ കളിയാക്കി പറഞ്ഞത്. ഐ ആം എ ഗ്ലോറിഫൈഡ് മുനിസിപ്പൽ ചെയർമാൻ. മുനിസിപ്പിലാറ്റി നികുതി പിരിക്കാൻ അവകാശമില്ല. അതുപോലെയായി സംസ്ഥാന സർക്കാരും. ഇതൊക്കെ വയ്ക്കുമ്പോഴും ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഒരു ധനമന്ത്രിയാണ് ഞാൻ. എനിക്ക് വേറെ ചോയ്സ് ഇല്ല
അന്യസംസ്ഥാന ലോട്ടറികളുടെ കാര്യത്തിൽ മന്ത്രി പറഞ്ഞതനുസരിച്ച നികുതി വർദ്ധിപ്പിച്ചു. അവരുടെ സാന്നിധ്യം കേരളത്തിൽ ഉണ്ടാകുമോ?
അന്യസംസ്ഥാന ലോട്ടറി പ്രവർത്തിക്കാൻ അനുവദിക്കില്ല. 28 ശതമാനം നികുതി കൊടുത്തിട്ടാണെങ്കിലും ചെയ്യാൻ പറ്റില്ല. ലാഭത്തേക്കാൾ കൂടുതലും നികുതി ആയിരിക്കും. അതിന്റെ പാതി നമുക്ക് കിട്ടുന്നതുകൊണ്ട് അത് വച്ച് നമുക്ക് പോകാം. അവരെ വച്ച് നടത്തുന്നതിലും നല്ലത് വേണ്ടെന്ന് വയ്ക്കുന്നതാണ്, അമ്പതിനായിരം പേർക്ക് കേരളസർക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരും. പക്ഷേ, മനുഷ്യന്മാർക്ക് ശാന്തമായി ജീവിക്കാലോ.
വൈറ്റില പാലത്തിന്റെ ഡി.പി. ആർ തയ്യാറാക്കി സമർപ്പിച്ചിട്ടും ധനകാര്യ വകുപ്പ് ഇനിയും പണം നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ?
ചില ചിട്ടകളുണ്ട്. സാധാരണ പി ഡബ്ല്യു ഡി ചെയ്യുന്നതു പോലെ ചെയ്താൽ പോര. പ്രോജക്ട് തയ്യാറാക്കി നൽകുന്നതിന് അംഗീകൃതമായിട്ടുള്ള ചില രീതികളുണ്ട്. അതനുസരിച്ച് സമർപ്പിക്കും.അത് അപ്രൈസൽ ചെയ്യും. ഡയറക്ടർ ബോർഡ് നോക്കും. വിനോദ് റോയിയെ പോലുള്ളവരാണ് ഇരിക്കുന്നത്. ഇതാണ് അതിന്റെ ഫോർമാറ്റ്. ആ ഫോർമാറ്റിൽ അല്ലെങ്കിൽ അവരത് പാസാക്കൂല. അതുകൊണ്ട് ആ ഫോർമാറ്റിൽ എഴുതണം.
കേരള ബാങ്ക് എന്തായി? എന്നത്തേക്ക് പ്രവർത്തനം തുടങ്ങും?
രണ്ട് വർഷമെങ്കിലും എടുക്കും. പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
നോട്ടു പ്രതിസന്ധിയെ സംസ്ഥാനം മറികടന്നോ?
രാജ്യത്തിന് കടക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെ സംസ്ഥാനം മറികടക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ