Saturday, 22 July 2017 8.18 AM IST
വെങ്കയ്യ നായിഡു എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
July 17, 2017, 7:33 pm
ന്യൂഡൽഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകും. ഇന്ന് വൈകിട്ട് ചേർന്ന ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. മറ്റൊരു പേരും ചർച്ച ചെയ്യാതെ, യോഗം ഐകകണ്ഠേനയാണ് വെങ്കയ്യ നായിഡുവിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ പാർട്ടിക്ക് വേരോട്ടം കുറവുള്ളതും, എന്നാൽ സമീപഭാവിയിൽ തന്നെ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് നേതൃത്വം പ്രതീക്ഷയർപ്പിക്കുന്നതുമായ മേഖലകളിൽ ഒന്നിൽ നിന്നാവണം ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെന്നത് ബി.ജെപി നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരമാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള വെങ്കയ്യ നായിഡുവിന് നറുക്ക് വീണത്. കൂടാതെ ഉപരാഷ്ട്രപതി രാജ്യസഭയുടെ ചെയർമാൻകൂടി ആയതിനാൽ, ബി.ജെ.പിക്ക് മേൽക്കെയില്ലാത്ത സഭയെ വരുതിയിൽ നിർത്താൻ തക്ക അനുഭവ സമ്പത്തും, വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടിയെടുക്കാൻ കഴിവുള്ള ഒരാളെത്തന്നെ വേണമെന്ന നിലപാടും അദ്ദേഹത്തിന് തുണയായി. മുൻ ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്ര നഗരവികസന മന്ത്രിയുമായ വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയാണ് (ജൂലായ് 18). ആഗസ്റ്റ് അഞ്ചിന് തന്നെ ഫലപ്രഖ്യാപനവും നടത്തും. ഉ​പ​രാ​ഷ്ട്ര​പ​തി പദവിയിൽ ഹ​മീ​ദ് അ​ൻ​സാ​രി​യു​ടെ കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് 10നാണ് ​അ​വ​സാ​നി​ക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ വെങ്കയ്യക്ക് അനായാസം വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൻ.ഡി.എക്ക് പുറത്ത്‌ നിന്നും അണ്ണാ ഡി.എം.കെ, ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് എന്നീ കക്ഷികളുടെ പിന്തുണയുള്ളതിനാൽ പാർലമെന്റിലെ ഇരുസഭകളിലേയും എം.പിമാർ അടങ്ങിയ 790 അംഗ ഇലക്ടറൽ കോളേജ് വോട്ടുകളിൽ 550ലേറെ വോട്ടുകൾ വെങ്കയ്യക്ക് നേടാനാകുമെന്നാണ് കരുതുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ