Saturday, 22 July 2017 8.14 AM IST
വെങ്കയ്യനായിഡു: മന്ത്രി പദത്തിൽ നിന്നും ഉപരാഷ്ട്രപതിയിലേക്ക്
July 17, 2017, 9:18 pm
ന്യൂഡൽഹി: വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡു. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ചാവട്ടപാളത്ത് 1949 ജൂലൈ ഒന്നിനാണ് വെങ്കയ്യ നായിഡു ജനിക്കുന്നത്. കർഷകരുടെയും അധസ്ഥിതരുടെയും ഉന്നമന്നത്തിനുവേണ്ടിയുള്ള നായിഡുവിന്റെ പ്രവർത്തനം 1978ൽ അദ്ദേഹത്തെ ആന്ധ്രാപ്രദേശിൽ നിന്നുള്ള നിയമസഭാ സാമാജികനാക്കി.

ജയപ്രകാശ് നാരായണന്റെ ക്ഷാത്ര സംഘർഷ സമിതിയുടെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെയാണ് രാഷ്‌ട്രീയത്തിലിറങ്ങുന്നത്. 1977 മുതൽ 1980 വരെ ജനതാപാർട്ടി യുവജന വിഭാഗത്തിന്റെ ആന്ധ്രാപ്രദേശ് ഘടകം പ്രസിഡന്റായി പ്രവർത്തിച്ചു. ഭാരതീയ യുവമോർച്ച രൂപവൽക്കരിക്കപ്പെട്ട 1980 മുതൽ മൂന്നു വർഷം ദേശീയ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. ബി.ജെ.പിയുടെ എം.എൽ.എയും നിയമസഭാകക്ഷി നേതാവുമായി പ്രവർത്തിച്ചു. ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റായി 1988ൽ തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. രാജ്യസഭയിലേക്ക് 1998ൽ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഗ്രാമവികസന മന്ത്രിസ്‌ഥാനം രാജിവച്ചശേഷമാണ് 2002ൽ ബി.ജെ.പി ദേശീയ പ്രസിഡന്റായത്. ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ നായിഡു പിന്നീട് 2004ൽ ദേശീയ പ്രസിഡന്റായി തിരികെയെത്തി. അതേവർഷം തന്നെ ഒക്ടോബറിൽ സ്ഥാനമൊഴിയുകയും ചെയ്‌തു.

അനേകവർഷത്തെ രാജ്യസഭയിലെ പ്രവർത്തന മികവാണ് വെങ്കയ്യനായിഡുവിന് ഉപരാഷ്‌ട്രപതി സ്ഥാനത്തിന് മുതൽകൂട്ടായത്. രാജസ്ഥാനിൽനിന്ന് നാലാം വട്ടവും രാജ്യസഭയിലെത്തിയ നായിഡു പ്രതിപക്ഷത്തിന് മേൽക്കോയ്‌മയുള്ള സഭയിൽ ഭരണപക്ഷത്തിന്റെ നിലപാടുകളെ ശക്തമാക്കി നിർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്. പലഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ശക്തിയുക്തം പ്രതിരോധിച്ചിട്ടുമുണ്ട് ഇദ്ദേഹം. 1998 ഏപ്രിലിലാണ് നായിഡു ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2004, 2010, 2016 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിരവധി പാർലമെന്ററി കമ്മിറ്റികളിൽ അംഗവും ചിലവയിൽ അദ്ധ്യക്ഷനുമാണ്.

കേന്ദ്രമന്ത്രിസഭയിൽ അഞ്ചാമനാണ് അറുപത്തി ഏഴുകാരനായ വെങ്കയ്യനായിഡു. നെല്ലൂരിലെ വീ.ആർ കോളേജ്, വിശാഖപട്ടണം ലോ കോളേജ് എന്നിവടങ്ങളിൽ നിന്ന് ബി.എ, ബി.എൽ ബിരുദങ്ങൾ നേടിയിട്ടുണ്ട്. എം. ഉഷയാണ് വെങ്കയ്യ നായിഡുവിന്റെ ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ