Sunday, 23 July 2017 6.15 AM IST
അതിർത്തിയിൽ പ്രത്യാക്രമണത്തിന് മടിക്കില്ലെന്ന് പാകിസ്ഥാനോട് ഇന്ത്യ
July 18, 2017, 12:05 am
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ ധാരണ ലംഘിക്കുന്ന പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്താൻ മടിക്കില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് കരസേനാ മേധാവിയുടെ അഭ്യർത്ഥന പ്രകാരം ഇന്നലെ ഇന്ത്യ-പാക് മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽമാർ നടത്തിയ ചർച്ചയിലായിരുന്നു ഇന്ത്യ നിലപാട് അറിയിച്ചത്. എന്നാൽ പാക് സേനയെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതായി പാകിസ്ഥാൻ ആരോപിച്ചു. എന്നാൽ പാകിസ്ഥാന്റെ വെടിനിറുത്തൽ കരാർ ലംഘനത്തിന് മറുപടി എന്നോണമാണ് സൈന്യം പ്രതികരിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിലെ അത്‌മുക്വം സെക്ടറിലുണ്ടായ ഇന്ത്യൻ വെടിവയ്പിൽ നാല് പാക് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായും പാക് ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് ഷഹീദ് ഷംഷാദ് മിർസ ആരോപിച്ചു.
എന്നാൽ അടുത്തിടെ അതിർത്തിയിൽ വെടിനിറുത്തൽ കരാർ തുടർച്ചയായി ലംഘിച്ചത് പാകിസ്ഥാനാണെന്നും ഇന്ത്യ അതിന് അനുയോജ്യമായി മാത്രമേ പ്രതികരിച്ചിട്ടുള്ളൂവെന്നും നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവർക്കുനേരെ മാത്രമാണ് സൈന്യം വെടിയുതിർത്തതെന്നും ഇന്ത്യയുടെ ഡി.ജി.എം.ഒ ജനറൽ ഭട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഏതെങ്കിലും ഒരു രാജ്യത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് മാത്രമാണ് ഇരു രാജ്യങ്ങളിലെയും ഡി.ജി.എം.ഒമാർ തമ്മിൽ സംഭാഷണം നടത്താറുള്ളത്. നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം ഇക്കഴിഞ്ഞ ജൂൺ 5നാണ് ഇരുരാജ്യങ്ങളിലെയും ഡി.ജി.എം.ഒമാർ തമ്മിൽ അവസാനമായി ചർച്ച നടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ