ഫാർമ പാർക്ക്: പാരയുമായി അന്യസംസ്ഥാന മരുന്നു കമ്പനികൾ
July 14, 2017, 3:00 am
എസ്. പ്രേംലാൽ
 
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ബൃഹദ് പദ്ധതിയായ ഫാർമ പാർക്കിന് അന്യസംസ്ഥാന മരുന്ന് കമ്പനികൾ പാരപണിയാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ വിശദാംശങ്ങൾ ചർച്ച ചെയ്യാനുള്ള നിർണായക യോഗം നാളെ കൊച്ചിയിൽ നടക്കും. കിൻഫ്ര എം.ഡി ഡോ. ബീനയാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 30 ചെറുകിട മരുന്ന് കമ്പനികൾക്കാണ് ക്ഷണം.
മരുന്ന് കമ്പനികളെ ഒരു കുടക്കീഴിൽ അണിനിരത്തി ഔഷധ ഉദ്പാദനത്തിനൊപ്പം ഈ രംഗത്ത് ലോകനിലവാരത്തിലുള്ള ഗവേഷണത്തിനും കളമൊരുക്കുകയാണ് ഫാർമ പാർക്കിന്റെ ലക്ഷ്യം. ആരോഗ്യ മേഖലയിലെ വലിയൊരു വികസന പദ്ധതി എന്ന നിലയിൽ ഫാർമ പാർക്ക് കേരളത്തിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കും. നിരവധി തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.
കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളെയാണ് ഫാർമ പാർക്ക് സ്ഥാപിക്കാനായി കേന്ദ്രം പരിഗണിച്ചത്. മരുന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനമെന്ന നിലയ്‌ക്കാണ് കേരളത്തെ കണക്കിലെടുത്തത്. 20 കോടി രൂപയും നൽകാമെന്ന് സമ്മതിച്ചു. 100 കോടിയാണ് ചെലവ്. ബാക്കി തുക സംസ്ഥാനം വഹിക്കണം. മറ്റ് എട്ട് സംസ്ഥാനങ്ങളിലും ഫാർമ പാർക്ക് അനുവദിച്ചു.
കേരളവും പാർക്കിനായി തയ്യാറെടുക്കുമ്പോഴാണ് അന്യ സംസ്ഥാന മരുന്നു കമ്പനികൾ ഒളിഞ്ഞും തെളിഞ്ഞും പദ്ധതി പൊളിക്കാൻ ശ്രമം തുടങ്ങിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്‌മീർ, ഉത്തരാഞ്ചൽ എന്നിവിടങ്ങളിലാണ് മരുന്ന് കമ്പനികളിലധികവും പ്രവർത്തിക്കുന്നത്. അവിടെ ഉദ്പാദിപ്പിക്കുന്ന മരുന്നുകളിൽ നല്ലൊരു പങ്കും കേരളത്തിലേക്കാണ് കയറ്റി അയയ്‌ക്കുന്നത്. കേരളത്തിൽ ഫാർമ പാർക്ക് വന്നാൽ ബിസിനസിൽ വൻഇടിവുണ്ടാകുമെന്ന് അവർ ഭയക്കുന്നു.

പാർക്ക് കളമശേരിയിൽ
എറണാകുളത്ത് കളമശേരിയിലെ ബയോടെക്നോളജി പാർക്കിലെ 20 ഏക്കറാണ് ഫാർമ പാർക്കിന്റെ തുടക്കത്തിനായി കണ്ടു വച്ചിരിക്കുന്നത്. പാർക്ക് അനുവദിച്ചാൽ അമ്പലമുകളിലെ എഫ്.എ.സി.ടിയുടെ 120 ഏക്കർ കൂടി വിട്ടുതരണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കും. അത്രയും വിപുലമായ പദ്ധതിയാകുമ്പോൾ വലിയ മരുന്ന് കമ്പനികളെ ആകർഷിക്കാൻ കഴിയും.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ