എന്റെ വാസുവേട്ടൻ
July 15, 2017, 6:21 am
സി.രാധാകൃഷ്ണൻ
പ്രിയപ്പെട്ട വാസുവേട്ടൻ നൂറു ശരൽക്കാലം ആരോഗ്യസൗഖ്യങ്ങളോടെ സുകൃതിയായി ജീവിച്ചിരിക്കട്ടെ. ഈ നാളിൽ മുഴുവൻ കേരളത്തിന്റെയും പ്രാർത്ഥനയാണല്ലോ ഇത്. എഴുത്തച്ഛൻ 'അഗ്രജൻ മേ സതാം വിദുഷാം അഗ്രേശ്വരൻ' എന്നു വിശേഷിപ്പിക്കുന്ന ജേഷ്ഠന്റെ സ്ഥാനമാണ് അദ്ദേഹത്തിന് എന്റെ മനസിൽ. പുറം പ്രകൃതികൊണ്ട് അൽപം പരുക്കനായ ഈ ആളെ അറിയാൻ കുറച്ചു സമയം എടുത്തു എന്നത് നേര്. പക്ഷെ ആ ഇടവേളയിലും അദ്ദേഹം വാക്കുകൾക്കൊണ്ട് നെയ്യുന്ന അപൂർവ കമ്പളങ്ങൾ എന്നെയും ഏറെ വശീകരിച്ചു കഴിഞ്ഞിരുന്നു. മുപ്പതുകളുടെ ഉത്തരാർത്ഥത്തിൽ കോഴിക്കോട് വിദ്യാർത്ഥി ആയിരിക്കെ മാതൃഭൂമിയിൽ ഉണ്ടായിരുന്നു ' വലിയ' ആളുകളിൽ പ്രായം കൊണ്ട് മുതിർന്നവരെക്കാൾ ഗൗരവക്കാരനായിരുന്ന ഈ ഇളമുറക്കാരൻ. ഒരു അക്ഷരം പറയില്ല. അഥവാ, എന്നോട് പറയാൻ ഒന്നും ഉണ്ടായിരുന്നുമില്ലല്ലോ. ആഴ്ച്ചപതിപ്പ് നടത്തിയ നോവൽ മത്സരത്തിൽ എനിക്കു സമ്മാനം കിട്ടിയതിൽ പിന്നെ പറയുകയും ചെയ്തു. 'നന്നായി' അമൂല്യം, ആദ്യം പറഞ്ഞ ആ മൂന്നക്ഷരം.
പിന്നീട് പലപ്പോഴായി കുറച്ചുകൂടിയൊക്കെ പറഞ്ഞു. ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭാഷാപിതാവിനെക്കുറിച്ചുള്ള എന്റെ കൃതിയ്ക്ക് മൂർത്തീ ദേവീ പുരസ്ക്കാരം പ്രഖ്യാപിച്ച് ജ്ഞാനപീഠസമിതി അത് ആരിൽ നിന്ന് എവിടെ വച്ചു സ്വീകരിക്കാനാണിഷ്ടം എന്ന് ആരാഞ്ഞപ്പോൾ രണ്ടുകാര്യത്തിലും ഒരു സംശയവും എനിക്കുണ്ടായിരുന്നില്ല.
വാസുവേട്ടനെക്കുറിച്ച് ഒരുപാടുപേർ എഴുതിയിട്ടുണ്ട്. ആ കൃതികളെ നിരവധിപ്പേർ പഠിച്ചിട്ടുമുണ്ട്. പക്ഷെ അവയുടെ വിജയരഹസ്യം അത്രകൃത്യമായി രേഖപ്പെടുത്തിയതായി തോന്നുന്നില്ല.

മലയാളത്തിലെ എഴുത്തുഭാഷയെ നമ്മുടെ സംസാരഭാഷയുമായി ആദ്യമായി പൂർണമായും അടുപ്പിച്ചത് വാസുവേട്ടനാണ്. എഴുത്ത് രേഖയാണ് സംസാരമെ അനുഭവമാകുന്നുള്ളു. കഥാ സാഹിത്യത്തിന്റെ ഉപകരണമായ വ്യക്തി സംസാരഭാഷ തന്നെയായി പതിക്കുന്നിടത്താണ് സാഹിത്യപരമായ ഔന്നത്യം ഉണ്ടാകുന്നതെന്ന കാര്യത്തിൽ ഇപ്പോൾ ഭാഷാസാഹിത്യശാസ്ത്രകാരൻമാർക്ക് സന്ദേഹമില്ല താനും. കഥനത്തെ സംഭവത്തിൽ നിന്ന് ഭാവത്തിലേയ്ക്ക് പരിണമിപ്പിച്ചതാണ് രണ്ടാമത്തെ ഇന്ദ്രജാലം. എന്നു വച്ചാൽ, വായിക്കുന്നവന്റെ പുറമെ നിന്ന് പറയുന്നതിന് പകരം അകത്തു നിന്ന് മാത്രം ഉച്ചരിക്കുക. ഇതിലൊരു താദാത്മ്യത്തിന്റെ പ്രശ്നമുള്ളതിനാൽ സംഗതി ഒട്ടും എളുപ്പമല്ല എന്നുമാത്രം. തികച്ചും വേറിട്ട ഒരു കാഴ്ച്ചപ്പാട് ഉണ്ടങ്കിലെ എന്തെങ്കിലും പറയേണ്ടതുള്ളു എന്ന നിർബന്ധം കണിശം. വടക്കൻപാട്ടായാലും സാക്ഷാൽമഹാഭാരതമായാലും ഇതിൽ നീക്കുപോക്കില്ല. സമൂഹത്തിൽ ഓരോരുത്തർക്കുമുള്ള താൻപോരിമ കണ്ടുപിടിച്ച് അതിൽ ഊന്നി നിൽക്കാനും രചനകൾ നടത്താനും കഴിയുന്ന കാലം തന്നെയാണ് മനുഷ്യരാശിയുടെ മഹത്തായ കാലമായിരിക്കുക എന്ന പ്രഖ്യാപനമാണ് വാസുവേട്ടന്റെ ജീവിതം. അങ്ങനെയൊരു കാലത്തിന്റെ സാധ്യതയെപ്പറ്രി അദ്ദേഹം രണ്ടുവാക്കുകൾ നെടുംതൂണുകളായി നാട്ടിയിട്ടുണ്ട്. 'വരും. വരാതിരിക്കില്ല.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ