നിറങ്ങളുടെ കൂട്ടുകാരൻ
July 23, 2017, 9:00 am
ആതിര എം.എം
ഒരു കൽക്കരി കഷണം കൊണ്ടുപോലും ശ്രീരാജിന് മനോഹരമായി ചിത്രങ്ങൾ വരയ്ക്കാൻ പറ്റും, ചിത്രകാരനാകാൻ ചിത്രകല പഠിക്കേണ്ടതില്ലെന്നും മനസു മാത്രം മതിയെന്നും തെളിയിക്കുകയാണ് വരയുടെ ലോകത്ത് വലിയ പാരമ്പര്യമൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ. ഇതുവരെ ഒരു ചിത്രപ്രദർശനം പോലും സംഘടിപ്പിക്കാൻ ശ്രീരാജിന് കഴിഞ്ഞിട്ടില്ല. എന്നിട്ടും കണ്ടു പഠിച്ച വരയിലൂടെ ഒരു റെക്കാഡും ഈ ചിത്രകാരൻ സ്വന്തമാക്കി. വർണങ്ങളും ചായക്കൂട്ടുകളും മാത്രമല്ല, കൊതിപ്പിക്കുന്ന ശില്പങ്ങൾ നിർമ്മിക്കാനും ശ്രീരാജിന് നിമിഷങ്ങൾ മതി. മെടഞ്ഞ ഓലയിൽ ഓയിൽ പെയിന്റ് കൊണ്ട് വരച്ച മഹാത്മാഗാന്ധിയുടെ ചിത്രം, കൽക്കരി ഉപയോഗിച്ച് ചാർക്കോൾ പെൻസിൽ കൊണ്ട് വരച്ച മുൻപ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കലാമിന്റെ ചിത്രം, ചില്ലു കഷണങ്ങൾ കൊണ്ട് നിർമ്മിച്ച ഗാന്ധിജിയുടെ രൂപം എന്നിങ്ങനെ ഒട്ടേറെ വിസ്മയങ്ങൾ 28കാരനായ ശ്രീരാജിന്റെ കൈകളിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്. മഞ്ഞാലുംമൂട് തിട്ടമൺതോട്ടം വീട്ടിൽ സുശീലയുടെ മകനാണ് ശ്രീരാജ്.
ഗുരുവിൽ നിന്ന് ചിത്രകലയും ശില്പകലയും അഭ്യസിക്കാനുള്ള അവസരം കുഞ്ഞുനാളിൽ ശ്രീരാജിനുണ്ടായില്ല. എന്നാൽ മനസിൽ ചിത്രങ്ങളുണ്ടായിരുന്നു താനും. ഏഴാംക്ലാസ് മുതൽ മോഡലുകൾ നോക്കി ചിത്രങ്ങൾ വരച്ച് അതിന് പെയിന്റിംഗ് നൽകിയായിരുന്നു വരയുടെ തുടക്കം. പിന്നീയ് ഓയിൽ പെയിന്റ്, കൽക്കരി, വാട്ടർകളർ, ചാർക്കോൾ പെൻസിൽ, പെൻസിൽ സ്‌കെച്ച് മുതലായവ ഉപയോഗിച്ച് നൂറുകണക്കിന് വ്യത്യസ്തമായ ചിത്രങ്ങളാണ് ശ്രീരാജ് വരച്ചിട്ടുള്ളത്. കറുത്ത ചാർക്കോൾ പെൻസിൽ ഉപയോഗിച്ച് 25 അടി നീളവും 20 അടി വീതിയുമുള്ള മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചിത്രം ഏഴരമണിക്കൂർ കൊണ്ടു വരച്ചുതീർത്തതിന് അസിസ്റ്റ് വേൾഡ് റെക്കോർഡ് റിസർച്ച് ഫൗണ്ടേഷനിൽ നിന്ന് ലോകറെക്കോർഡ് അംഗീകാരം ലഭിച്ചു. 109 ചാർട്ട് പേപ്പർ ഒട്ടിച്ചു ചേർത്ത് 25 അടിനീളവും 20 അടി വീതിയിലും വലുതാക്കി അതിന്റെ പുറത്താണ് ശ്രീരാജ് ചിത്രം വരച്ചത്.

കുഞ്ഞുനാളിൽ പിതാവ് നഷ്ടപ്പെട്ട ശ്രീരാജിനെ വളരെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. കശു അണ്ടിതൊഴിലാളിയായിരുന്നു അമ്മ. അമരവിള എൻ.ഐ.ടി.ഐയിൽ ഐ.ടി. സി കോഴ്സ് പൂർത്തിയാക്കി. ശ്രീരാജ് ഇപ്പോൾ വിവാഹകാർഡുകൾ ഡിസൈൻ വർക്കുകൾ ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുകയാണ്. ശാസ്ത്രീയമായ രീതിയിലൊന്നും ചിത്രകല പഠിക്കാൻ പറ്റിയിട്ടില്ല എങ്കിലും ശ്രീരാജിന്റെ കരവിരുതിൽ നിന്നും വിരിയുന്ന ഓരോ കലാസൃഷ്ടിയും അതിന്റേതായ മൂല്യം അർഹിക്കുന്നതാണ്. കാണുന്നതെല്ലാം ചിത്രമാക്കുമെങ്കിലും പ്രകൃതിയെയും മനുഷ്യനെയും തമ്മിൽ ബന്ധിക്കുന്ന ചിത്രങ്ങൾ വരയ്ക്കാനാണ് ശ്രീരാജിന് കൂടുതൽ ഇഷ്ടം.
കുഴിത്തുറയിൽ കർക്കടകവാവുബലിയോടു അനുബന്ധിച്ചു നടന്ന ചിത്രപ്രദർശനത്തിൽ നിർമ്മിച്ച അനാക്കോണ്ട ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലുമൊക്കെ വൈറലായിരുന്നു. ഏഴുകിലോ പേപ്പർകൊണ്ട് മരത്തടി നിർമ്മിച്ചു. പേപ്പർ കൊണ്ടുതന്നെ 20 അടി ഉയരത്തിൽ നിർമ്മിച്ച അനാകൊണ്ടയുടെ രൂപം ചിത്രകലയും ശില്പചാരുതയുടെയും പൂർണതയാണ്. കാണികൾക്കും സെൽഫിപ്രേമികൾക്കും ഈ അനാകോണ്ടയോടൊപ്പമുള്ള ചിത്രമെടുക്കൽ ഹരമായി തീർന്നു. കഴിഞ്ഞ മൂന്നുവർഷമായി ബെസ്റ്റ് ക്രിയേറ്റിവിറ്റിയ്ക്കുള്ള അവാർഡ് ശ്രീരാജിനാണ്. ഈ വർഷത്തെ ജെ.സി.ഐ (ജൂനിയർ ചേംബർ ഇന്റർനാഷണൽ)യുടെ ഔട്ട്സ്റ്റാന്റിംഗ് യംഗ് പേഴ്സണുള്ള അവാർഡും ശ്രീരാജിനെ തേടിയെത്തി.

ഒട്ടനവധി ചിത്രങ്ങൾ ശ്രീരാജ് വരച്ചു. പക്ഷേ അത്രയും ചിത്രങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം പോലും ഈ കലാകാരന്റെ വീട്ടിൽ ഇല്ല. വീട്ടിലെ അടുക്കളയിൽ വരെ ചിത്രങ്ങൾ നിറഞ്ഞപ്പോൾ ഇപ്പോൾ വരക്കുന്നതെല്ലാം സൂക്ഷിക്കുന്നത് സുഹൃത്തുക്കളുടെ വീട്ടിലാണ്. ലോകറെക്കോർഡ് നേടിയ കലാമിന്റെ ചിത്രം സുഹൃത്തിന്റെ വീടിന്റെ ടെറസ്സിൻ മുകളിൽ വച്ചാണ് വരച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചിത്രകല ഇപ്പോൾ മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയുമുണ്ട്. എവിടെ നിന്നെങ്കിലും ഒരു കൈ സഹായം ലഭിക്കുകയാണെങ്കിൽ ഇനിയുമേറെ മുന്നോട്ടു പോകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ശ്രീരാജ്.
(ശ്രീരാജിന്റെ ഫോൺ : 97884 74969)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.