ഓപ്പറേഷൻ തിയേറ്ററിലെ മരണവേദനയിലും ഗിറ്റാർ വായിച്ച രോഗി അത്ഭുതമായി
July 20, 2017, 10:22 pm
ബംഗളൂരു: ഓപ്പറേഷൻ തിയേറ്ററിൽ തലച്ചോർ തുരന്ന് ഡോക്‌ടർമാർ ശസ്ത്രക്രിയ ചെയ്യുമ്പോൾ രോഗി ഗിറ്റാർ വായിച്ചത് മെഡിക്കൽ ലോകത്തിന് അത്ഭുതമായി. ഗിറ്റാർ വായനക്കാർക്ക് മാത്രം സംഭവിക്കുന്ന അപൂർവ രോഗത്തിനുള്ള ചികിത്സയ്‌ക്കിടെയാണ് 37 വയസുകാരനായ അഭിഷേക് പ്രസാദ് തന്റെ കഴിവ് പുറത്തെടുത്ത് ശ്രദ്ധേയനായത്.

ജൂലൈ 11ന് ബംഗളൂരുവിലെ ഭഗവാൻ മഹാവീർ ആശുപത്രിയിലാണ്, രാജ്യത്തെ ആദ്യത്തേതെന്ന് കരുതുന്ന, ബ്രെയിൻ സർക്യൂട്ട് സർജറി നടത്തിയത്. ഗിറ്റാർ വായനക്കാർക്ക് മാത്രം ഉണ്ടാകുന്ന നാഡീ വ്യൂഹത്തെ ബാധിക്കുന്ന ഗിറ്റാറിസ്‌റ്റ് ഡൈസ്‌റ്റോനിയ്‌ക്കാണ് ഇവിടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടക്കുന്ന സമയം മുഴുവൻ ഉണർന്നിരുന്ന അഭിഷേക് ഗിറ്റാർ വായനയിൽ മുഴുങ്ങിയത് ഇടയ്‌ക്ക് ഡോക്‌ടർമാരെ ഏറെ സഹായിക്കുകയും ചെയ്‌തു. തലച്ചോറിലെ തകരാർ കൃത്യമായി കണ്ടെത്താൻ ഇത് തങ്ങളെ സഹായിച്ചെന്നും ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

ശസ്ത്രക്രിയ വിജയത്തിൽ കലാശിച്ചതിൽ താനും ഡോക്‌ടർമാരും ഏറെ സന്തോഷിക്കുന്നുവെന്ന് അഭിഷേക് പ്രസാദ് പിന്നീട് പ്രതികരിച്ചു. ഓപ്പറേഷൻ ടേബിളിൽ നിന്ന് തന്നെ തന്റെ രോഗത്തിന് പൂർണ ശമനമായി. ഒരു മാസത്തിനകം തനിക്ക് വീണ്ടും ഗിറ്റാർ വായിക്കാമെന്നത് വളരെയേറെ സന്തോഷം പകരുന്ന കാര്യമാണ്. ഇപ്പോൾ എന്റെ കൈവിരലുകൾ തലച്ചോർ പറയുന്നത് കേൾക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കൽ അനസ്‌ത്യേഷ്യ കൊടുത്ത ശേഷം തലച്ചോറിൽ 14മില്ലീ മീറ്ററിൽ ഒരു സുഷിരം ഉണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്‌ടർ ശരൺ ശ്രീനിവാസൻ പ്രതികരിച്ചു. തലയിൽ പ്രത്യേക ഫ്രെയിം ഘടിപ്പിച്ച ശേഷം എം.ആർ.ഐ സ്‌കാനിങ്ങിലൂടെ പ്രശ്‌നങ്ങൾ കണ്ടെത്തിയ ഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതിന് രണ്ട് ലക്ഷം രൂപ ചെലവായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ