'ബഷീറിന്റെ പ്രേമലേഖനം' പാഴ്ക്കടലാസാണ്
July 21, 2017, 7:04 pm
ആർ.സുമേഷ്
അനീഷ് അൻവർ എന്ന സംവിധായകന്റെ നാലാമത്തെ ചിത്രമാണ് 'ബഷീറിന്റെ പ്രേമലേഖനം'. പ്രേമലേഖനം എഴുതുന്ന ലാഘവത്തോടെ സിനിമയെ സമീപിച്ചതിനാൽ തന്നെ പാഴ്കടലാസിന്റെ വില മാത്രമുള്ള ഒന്നായി സിനിമ മാറിപ്പോകുന്നു.

ബഷീറെഴുതിയ പ്രേമലേഖനം
1980കളാണ് സിനിമയുടെ പശ്ചാത്തലം റേഡിയോ മാത്രം ഉണ്ടായിരുന്ന കാലത്തേക്ക് വീടിന് മുകളിൽ ഏരിയൽ (ആന്റിന)​ കുത്തി തരംഗങ്ങളുടെ സഹായത്താൽ ബ്ളാക്ക് ആൻഡ് വൈറ്റ് ടി.വി പ്രചാരം നേടുന്ന കാലം. കോഴിക്കോട് ജില്ലയിൽ ആദ്യമായി,​ പ‍ഞ്ചായത്ത് പ്രസി‌ഡന്റ് ഹാജിയാ(ജോയ് മാത്യൂ)​ രുടെ വീട്ടിലേക്കാണ് ഒരു ടെലിവിഷൻ എത്തുന്നത്. ഹാജിയാരുടെ മകൾ സുഹ്‌റ (സന അൽത്താഫ്)​ യുടെ ഭാവിവരൻ ഗൾഫിൽ നിന്ന് കൊടുത്തുവിട്ട ആ ടി.വി നാട്ടിൻപുറത്തെ ജനങ്ങളുടേയും ബഷീറി (ഫർഹാൻ ഫാസിൽ)​ ന്റേയും ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെത്തുക.

മടുപ്പിക്കുന്ന ആഖ്യാന രീതി
തുടക്കം മുതൽ താളവും വേഗവും നഷ്ടപ്പെട്ട് മുടന്തിനീങ്ങുന്ന സിനിമ കാഴ്‌ചക്കാർക്ക് നവ്യാനുഭവമൊന്നും സമ്മാനിക്കുന്നില്ല. ടി.​വിയുടെ ആവിർഭാവത്തിന്റെ കഥ പറഞ്ഞ് ഗൃഹാതുരത്വം വിളന്പാനുള്ള പാഴ്‌ശ്രമമാണ് തിരക്കഥാകൃത്തുകളായ ഷിനോദ്,​ ഷംസീർ,​ ബിബിൻ എന്നിവരുടേത്. നായകനും നായികയും തമ്മിലുള്ള പ്രണയത്തിന്റെ നൂൽപ്പാലമായും ടി.വി. നിൽക്കുന്നു. സിനിമയിലെ തോണിക്കാരനായ കഥാപാത്രം തുടക്കം മുതൽ ഒടുക്കം വരെ ചോദിക്കുന്ന ചോദ്യം പോലെ,​ 'ഇവിടെ പാലം വരുമോ'. അപ്പോൾ, പാലം വരില്ല,​ മറിച്ച് പാലം വലിക്കും എന്നു മറുപടി പറയുന്ന ഹരീഷ് കണാരന്റെ കഥാപാത്രം ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഒടുവിൽ പാലം വലിക്കപ്പെട്ട അവസ്ഥയിലാവും പ്രേക്ഷകരെന്ന മുന്നറിയിപ്പ്,​

അങ്ങിങ്ങ് ചിതറിത്തെറിച്ചു കിടക്കുന്ന കോമഡികൾ കൊണ്ടുവന്ന് പ്രേക്ഷകർക്ക് സിനിമയെ അനുഭവവേദ്യ​മാക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങളുള്ള കോമഡികളും സിനിമയുടെ മൂഡ് നന്നായിത്തന്നെ നശിപ്പിക്കുന്നുണ്ട്. കഥയുടെ കേന്ദ്രബിന്ദുവിൽ നിന്ന് സിനിമ പലപ്പോഴും വഴുതി മാറുകയും അനാവശ്യ സീനുകൾ കൊണ്ടുവന്ന് പ്രേക്ഷകരുടെ ക്ഷമയെ നല്ലതുപോലെ പരീക്ഷിക്കാനുള്ള അതിസാഹസവും സംവിധായകൻ കാണിച്ചിരിക്കുന്നു. കംപ്യൂട്ടറുകളോടുള്ള എതിർപ്പുകളെ ടെലിവിഷനോടുള്ളതെന്നാക്കി മാറ്റി കമ്മ്യൂണിസ്‌റ്റ് പാർട്ടികളെ കുത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

കഥാപാത്രങ്ങൾ തമ്മിലുള്ള ഇഴയടുപ്പമില്ലായ്‌‌മയാണ് സിനിമയുടെ മറ്റൊരു പോരായ്‌മ. വൻതാരനിര തന്നെ ഉണ്ടെങ്കിലും അവരെല്ലാം ചരട് പൊട്ടിയ പട്ടം പോലെ പറന്നു നടക്കുന്നു. ഒളിച്ചോടുന്ന കാമുകനേയും കാമുകിയേയും കണ്ടെത്താനുള്ള ശ്രമത്തിനിടെ നാട്ടിലുള്ളവരുടെ വീടുകളിൽ കയറി കൂട്ടപ്പൊരിച്ചൽ നടത്തുന്ന രംഗങ്ങളൊക്കെയും ആസ്വാദകരെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചുതരും. ഈ പോരായ്‌മകൾക്കിടയിലും മരുഭൂമിയിലെ മഴ പോലെ ചില്ലറ ട്വിസ്‌റ്റുകൾ വന്നുപോവും. എന്നാൽ,​ അവയൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്നവയല്ല എന്നതാണ് ഏറെ ദു:ഖകരം.

ബഷീറായി എത്തുന്ന ഫർഹാൻ ഫാസിൽ (യുവനടൻ ഫഹദ് ഫാസിലിന്റെ സഹോദരൻ)​ അത്ര മികച്ച അഭിനയമൊന്നും കാഴ്‌ചവയ്ക്കുന്നില്ല. ഒരു പ്രണയനായകന്റെ മാനറിസങ്ങളെല്ലാം ഫർഹാനിൽ നിന്ന് അകന്നു നിൽക്കുന്നു. എൺപതുകളിലെ പശ്ചാത്തലത്തിന് അനുസരിച്ച് ഷർട്ടും പാന്റും ധരിച്ച് സൈക്കിളിൽ കറങ്ങിയാൽ കഥാപാത്രമാവില്ലെന്ന സത്യം അദ്ദേഹം തിരിച്ചറ‌‌ിയേണ്ടിയിരിക്കുന്നു. 'ഞാൻ സ്‌റ്റീവ് ലോപ്പസ്' എന്ന സിനിമയിൽ നിന്ന് ഇവിടെ എത്തുന്പോൾ പരിവർത്തനത്തിനുള്ള കഠിനാദ്ധ്വാനമോ ഗൃഹപാഠമോ ഫർഹാൻ ചെയ്തിട്ടുമില്ല. ഈയൊരു കാര്യത്തിൽ ഫഹദ് എടുക്കുന്ന പരിശ്രമങ്ങൾ ഫർഹാന് മാതൃകയാക്കാവുന്നതാണ്.

ഉസ്‌മാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മണികണ്ഠൻ (കമ്മട്ടിപ്പാടം ഫെയിം ബാലൻ)​ ചെറുതാണെങ്കിലും മികച്ച രീതിയിലാണ് അഭിനയിക്കുന്നത്. ബാലൻ എന്ന കഥാപാത്രത്തിനു ശേഷം ഉസ്‌മാനേയും പ്രേക്ഷകർ ഓർമിക്കും.

സന അൽത്താഫിന് മലയാളത്തിലേക്കുള്ള തിരിച്ചുവരവാണെങ്കിലും മികച്ചതാക്കാമായിരുന്ന വേഷത്തെ ശരാശരിയിൽ മാത്രം ഒതുക്കിയത് എന്തിന് എന്ന ചോദ്യം ബാക്കിയാണ്. ദന്പതിമാരുടെ വേഷം അഭിനയിക്കുന്ന മധുവും ഷീലയും പക്ഷേ,​ സിനിമയെ കാര്യമായി സ്വാധീനിക്കുന്നില്ല. മധുവിന്റെ കഥാപാത്രം മരിച്ചു പോയതയാണ് അവതരിപ്പിക്കുന്നതിനാൽ ഒരുമിച്ചുള്ള രംഗങ്ങളും ഇല്ല. എന്നാൽ,​ സുഹ്റയുടെ ശക്തിയും പിന്തുണയുമായ അമ്മൂമ്മയായി ഷീല അനായാസം മാറുന്നുണ്ട്. രഞ്ജിനി ജോസ്,​ പ്രേം നവാസ്,​ സുനിൽ സുഗത,​ നോബി,​ ശ്രീജിത്ത് രവി,​ ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഗാനങ്ങൾ മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല.

വാൽക്കഷണം: പ്രേമലേഖനം പോലെ സില്ലിയാണ് സിനിമയും
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ