ചുണക്കുട്ടികൾ
July 30, 2017, 9:15 am
സാംപ്രസാദ് ഡേവിഡ്
വിരാട് കൊഹ്ലിയിൽ നിന്ന് മിഥാലി രാജിലേക്കുള്ള ദൂരം എത്രയാണ്... 2017 ജൂൺ അവസാനവാരം വരെ ഈ ചോദ്യത്തിന് ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയുടെയും ഉത്തരം മഴപെയ്യുന്നു മദ്ദളം കൊട്ടുന്നുവെന്ന സിനിമയിൽ മോഹൻലാൽ പറഞ്ഞ പോലെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നായിരുന്നു. പക്ഷേ ഒരുമാസത്തിനിപ്പുറം കഥയാകെ മാറി, ക്രിക്കറ്റിനെ മതമായിക്കാണുന്ന കോടിക്കണക്കിന് ഇന്ത്യൻ മനസുകളിൽ മിഥാലി ഇപ്പോൾ ഒരു ദൈവമാണ്. സച്ചിനെയും കപിലിനെയും ഗവാസ്‌കറെയും ധോണിയെയും കൊഹ്ലിയെയും ഒക്കെപ്പോലെ അവർ മിഥാലിയെയും അവളുടെ മാലാഖക്കൂട്ടത്തെയും ആരാധിക്കുന്നു, സ്‌നേഹിക്കുന്നു. ഏകദിന വനിതാലോകകപ്പിൽ കളിക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാനായി വിമാനം കയറുമ്പോഴുള്ള അവസ്ഥയിലല്ല ഇപ്പോൾ ഇന്ത്യൻ ടീം.

അനശ്വരതയ്ക്ക് തൊട്ടരികെ അടിതെറ്റിപ്പോയെങ്കിലും ശൂന്യതയിൽ നിന്ന് ഇതിഹാസമെഴുതിക്കഴിഞ്ഞു മിഥാലിയുടെ മാലാഖക്കൂട്ടം. നാട്ടിൽ പോലും കളികാണാൻ ആളെക്കിട്ടാത്തിടത്തു നിന്ന് പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ ഗാലറികളെയും ടെലിവിഷന് മുന്നിൽ നഖംകടിച്ച് കളികാണുന്ന കോടിക്കണക്കിന് ആരാധകരെയും സൃഷ്ടിച്ചാണ് മിഥാലിയും കൂട്ടരും ലണ്ടനിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറിയത്.

ഇംഗ്ലീഷ് ഡയറി
ലോകകപ്പിൽ കളിക്കാൻ ഇംഗ്ലണ്ടിൽ എത്തുമ്പോൾ നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു മിഥാലിയുടെ മാലാഖക്കൂട്ടത്തിന്. എന്നാൽ നേടുവാൻ ഏറെയുണ്ടായിരുന്നുതാനും. ടൂർണമെന്റിനു മുൻപ് ഇഷ്ടപ്പെട്ട പുരുഷതാരം ആരാണെന്ന് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് ഒരു പുരുഷ താരത്തോട് നിങ്ങൾ ഇഷ്ടപ്പെട്ട വനിതാതാരം ആരെന്ന് തിരക്കുമോയെന്ന് ഉരുളയ്ക്കുപ്പേരിപോലെ പോലെ മറുപടി നൽകി മിഥാലി നയംവ്യക്തമാക്കി കഴിഞ്ഞിരുന്നു. ഫൈനലിൽ തങ്ങളെ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ടൂർണമെന്റിൽ ഇന്ത്യ തുടങ്ങിയത്. തൊട്ടുത്ത മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ വെസ്റ്റിൻഡീസിനെയും പരാജയപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ അർദ്ധസെഞ്ച്വറിയും വിൻഡീസിനെതിരെ സെഞ്ച്വറിയും നേടി നാണവും കുസൃതിയും കലർന്ന പുഞ്ചിരിയുമായി സ്മൃതി മന്ദാനയെന്ന ഇന്ത്യൻ ഓപ്പണർ ലോകത്തിന്റെ മുഴുവൻ ഓമനയായി മാറി. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ആദ്യത്തെ 'പോസ്റ്റർ ഗേളിന്റെ ജനനം. അവളുടെ കവർഡ്രൈവുകളുടെ സൗന്ദര്യം പോലെതന്നെ ആ ക്യൂട്ട്‌നെസും ഇന്ത്യൻ യുവത്വം ഏറ്റെടുത്തു. ബോളിവുഡ് സുന്ദരിമാർക്കും മേലെ ഇന്ത്യയിലെ ആൺകുട്ടികളുടെ നമ്പർ വൺ ക്രഷായി ഈ മഹാരാഷ്ട്രക്കാരി.

ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന മിഥാലി സ്ഥിരതയുടെ പര്യായമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ പ്രായമല്ല പ്രതിഭയുടെ അളവുകോൽ എന്ന് തെളിയിച്ച് പേസ് ബൗളിംഗിലെ ക്ലാസ് ജുലാൻ ഗോസ്വാമിയും കാണിച്ചുതന്നു. പ്രത്യേകിച്ച് നോക്കൗട്ട് റൗണ്ടുകളിൽ. പാകിസ്ഥാനെ പമ്പരം കറങ്ങും പോലെ കറക്കിവീഴ്ത്തി ഏക്ത ബിഷ്തും ന്യൂസിലൻഡിന്റെ നട്ടെല്ലൊടിച്ച് രാജേശ്വരി ഗെയ്ക് വാദും നിറഞ്ഞാടിയപ്പോൾ വിക്കറ്റിന് മുന്നിലും പിന്നിലും സുഷമ വർമ്മ പുലിക്കുട്ടിയായി. ബാറ്റുകൊണ്ടും ബാളുകൊണ്ടും ദീപ്തി ശർമ്മയെന്ന പത്തൊൻപതുകാരി വിശ്വസ്തതയുടെ പര്യായമായി. കൈയിൽ മുറുകെപിടിച്ച ബാറ്റുമായി ചരിത്രമെഴുതിയ ഹർമ്മൻ പ്രീത് കൗർ ക്രിക്കറ്റിൽ അസാദ്ധ്യമായി ഒന്നുമില്ലെന്ന്‌തെളിയിച്ചു. ഒപ്പം പുരുഷ താരങ്ങളെ വെല്ലുന്ന ബാറ്റിംഗ് ടെക്നിക്കുകളുമായി പൂനം റാവത്തും സ്‌ഫോടനാത്മകതയുടെ സൗന്ദര്യമായി വേദ കൃഷ്ണ മൂർത്തിയും, ലെഗ് സ് പിന്നിന്റെ കരുത്ത് കാട്ടി തന്ന പൂനം യാദവും,അത്ഭുത പ്രകടനങ്ങളുമായി അമ്പരപ്പിച്ച ശിഖാ പാണ്ഡേയും... അങ്ങനെ ഇന്ത്യ മുഴുവൻ പ്രകമ്പനം കൊള്ളുകയാണ് മിഥാലി കൂട്ടത്തിന്റെ വീരചരിത്രം.

2005 ൽ ആദ്യമായി ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ കളിക്കുമ്പോൾ അതൊന്ന് ലൈവ് ടെലികാസ്റ്റ് ചെയ്യാൻ പോലും ആരുമില്ലായിരുന്നു.അന്ന് ഫൈനലിൽ കളിച്ച രണ്ടുപേർ ഇത്തവണയും ടീമിലുണ്ടായിരുന്നു. മിഥാലിയും ജുലാനും. ഇവരെ ഒഴിച്ച് അന്ന് ഇന്ത്യയെ ഫൈനലിൽ എത്തിച്ച പഴയതാരങ്ങളെ ആരും ഓർക്കുന്നില്ല. ഓർക്കാൻ അവരെ ആരെയും അറിയില്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. എന്നാൽ പന്ത്രണ്ടുവർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇറങ്ങുമ്പോൾ ടീമിലെ ഓരോ താരങ്ങളുടെയും പ്രൊഫൈൽ ക്രിക്കറ്റ് ആരാധകർക്ക് കാണാപാഠമായി. 2005 ൽ സെഞ്ചൂറിയനിലെ ശൂന്യമായ ഗാലറിയുടെ സ്ഥാനത്ത് നിന്ന് 2017ലെത്തുമ്പോൾ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സ് നിറഞ്ഞുകവിഞ്ഞു. ടെലിവിഷനിലൂടെ കോടിക്കണക്കിനാളുകൾ മത്സരം തത്സമയം കണ്ടു.

ആദ്യമായിട്ടാണ് ഇന്ത്യൻ താരങ്ങൾ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചത്. അതിന്റെ അങ്കലാപ്പ് കളിയെയും ബാധിച്ചിരുന്നു. 229 റൺസ് എന്ന ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യം അപ്രാപ്യമൊന്നുമല്ലാതിരുന്നിട്ടുപോലും ഇന്ത്യ തോറ്റു. 28 റൺസിനിടെ ചീട്ടുകൊട്ടാരംപോലെ കൊഴിഞ്ഞുവീണ ഏഴു വിക്കറ്റുകൾ ഇന്ത്യയുടെ വിധിയെഴുതി. ലോർഡ്സിലേക്ക് ഒഴുകിയെത്തിയ ആരാധകപ്രവാഹവും മുമ്പെങ്ങുമില്ലാത്തവിധമുള്ള മാധ്യമശ്രദ്ധയും സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗും അവരെ അമ്പരപ്പിച്ചിട്ടുണ്ടാകാം. ഇത്തരമൊരു അനുഭവം സീനിയർ താരങ്ങളായ മിഥാലിയ്ക്കും ജുലാനും പോലും ആദ്യമായിട്ടായിരുന്നു. ഇതിനു മുമ്പൊരിക്കലും ഇവർ ഇത്രയും ശ്രദ്ധ നേടിയിട്ടില്ല. അപ്രതീക്ഷിതമായി തങ്ങളുടെ ചുമലിൽ വീണ പ്രതീക്ഷാഭാരത്തിന്റെ സമ്മർദ്ദം താങ്ങാൻ അവർക്ക് കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരായ വിജയ ലക്ഷ്യത്തിന് ഒമ്പതു റൺസ് അകലെ ഇടറിവീണ പെൺപടയുടെ നിരാശയിൽ ഇന്ത്യ മുഴുവനും പങ്കു ചേർന്നു. പക്ഷേ, ആ തോൽവിയിൽ ഒന്നും അവസാനിച്ചില്ല. അത് മികച്ചൊരു നാളെയിലേക്കുള്ള നല്ലൊരു തുടക്കമായിരുന്നു.

സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല
എഴുപതുകളുടെ മദ്ധ്യത്തിലാണ് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഇന്ത്യ പിച്ച വച്ച് തുടങ്ങുന്നത്. ഒരിക്കലും അത്ര മോശമൊന്നുമല്ലായിരുന്നു ഇന്ത്യയുടെ പ്രകടനങ്ങൾ, പലപ്പോഴും ലോക ക്രിക്കറ്റിലെ വൻമരങ്ങളെ നമ്മുടെ പെൺപട കടപുഴക്കിയിട്ടുമുണ്ട്. പക്ഷേ, അധികം ആരും അതറിഞ്ഞിരുന്നില്ല. ഡയാനാ എഡുൽജി, അഞ്ജു ചോപ്ര, പിന്നെ മിതാലി രാജ്, ജുലാൻ ഗോസ്വാമി ഇത്തവണത്തെ ലോകകപ്പ് തുടങ്ങും മുമ്പ് വരെ ഇത്രയാക്കെയേ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെക്കുറിച്ച് പലർക്കും അറിയാമായിരുന്നുള്ളൂ. എന്നാൽ ഒരൊറ്റ ടൂർണമെന്റ് ഇന്ത്യയിൽ വനിതാ ക്രിക്കറ്റിനെ തലവര മാറ്റിക്കളഞ്ഞു. ഇപ്പോൾ ഓരോ ഇന്ത്യൻ താരത്തിന്റെ പേരും വിവരങ്ങളും കാണാപാഠമാണ് എല്ലാവർക്കും.

പ്രതീക്ഷയുടെ പൊൻകിരണങ്ങൾ
1983 ൽ കപിലിന്റെ ചെകുത്താൻമാർ ലോർഡ്സിൽ കിരീടമുയർത്തിയതോടെയാണ് ഇന്ത്യയിൽ ക്രിക്കറ്റ് ഒരു വികാരമായി മാറുന്നത്. അതിനൊപ്പം തന്നെയാണ് മിഥാലിയും സംഘവും സൃഷ്ടിച്ചിരിക്കുന്ന ഹൈപ്പ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മിഥാലി. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ജുലാനും. ഇംഗ്ലണ്ടിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കാൻ ഈ സീനിയേഴ്സ് തങ്ങളാൽ ആവുന്നത് പോലെ ശ്രമിച്ചു. ഇവർ മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരെങ്കിലുമൊക്കെ ടീമിനെ ചുമലിലേറ്റാൻ എപ്പോഴുമുണ്ടായിരുന്നു. സെമിയിൽ കരുത്തരായ ആസ്‌ട്രേലിയക്കെതിരെ ഹർമ്മൻ പ്രീത് കൗർ പുറത്തെടുത്ത ബാറ്റിംഗ് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്. 1983 ൽ കപിൽ സിംബാബ്‌വേയ്‌ക്കെതിരെ കളിച്ച ഇന്നിംഗ്സിനോടാണ് പ്രധാനമായും താരതമ്യം ചെയ്യുന്നത്. ഈ പ്രകടനങ്ങളെല്ലാം പറയാതെ പറയുന്നത് പുരുഷ ക്രിക്കറ്റിന്റെ നിഴലിൽ നിന്ന് ഈ വനിതകൾ പുറത്തുവന്നുവെന്ന് തന്നെയാണ്. മില്ല്യൺ ഡോളർ ബ്രദേഴ്സിന്റെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത കസിൻസല്ല ഇനി അവർ. ഗ്ലാമറും പ്രശസ്തിയും ആവോളമുള്ള പുരുഷതാരങ്ങൾക്ക് ആകർഷകമായ കേന്ദ്രകരാർ നൽകുന്ന ബി.സി.സി.ഐ ഈ പെൺകൂട്ടത്തെ ഇതുവരെ കണ്ടില്ലെന്ന് നടിച്ചിരിക്കുകയായിരുന്നു. കോടികളുടെ കരാർ പുരുഷ താരങ്ങൾക്ക് നൽകിയപ്പോൾ ഇന്ത്യൻ വനിതാടീമിലുള്ള ഏഴോളം താരങ്ങളുടെ കരാർ തുക ഒരു ലക്ഷം പോലുമില്ല. പ്രശസ്തിയും ശ്രദ്ധയും ഒട്ടുമില്ലെന്നായിരുന്നു ഇതുവരെ ബി.സി.സി.ഐയുടെ വാദം. എന്നാൽ ഇനി അവർക്കതിന് കഴിയുമെന്ന് തോന്നുന്നില്ല.

കാരണം ലോകകപ്പിന് മുൻപ് വെറും 7000 പേർമാത്രം ഉണ്ടായിരുന്ന മിഥാലി രാജിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്സ് ലിസ്റ്റ് ഇപ്പോൾ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരവും കടന്ന് കുതിക്കുകയാണ്. സോഷ്യൽ മീഡിയകളിൽ സ്മൃതി മന്ദാനയ്ക്ക് നൂറിലധികം ഫാൻസ് ക്ലബുകളായി. സെമിയിൽ ആസ്‌ട്രേലിൻ ക്യാപ്ടൻ മെഗ് ലെന്നിംഗ്സിനെ പുറത്താക്കിയ ജുലാൻ ഗോസ്വാമിയുടെ മാജിക്കൽ ഡെലിവറിയുടെ റീപ്ലേ യൂട്യൂബിൽ കണ്ടവരുടെ എണ്ണം പതിനായിരം കഴിഞ്ഞു. വേദാ കൃഷ്ണമൂർത്തി ഡഗ്ഔട്ടിലിരുന്ന് മിഥാലിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ മണിക്കൂറുകൾക്കകം വൈറലായി. ദീപ്തി ശർമ്മയെന്ന വണ്ടർ ഗേളിനെക്കുറിച്ച് കൂടുതലായറിയാൻ ഗൂഗിളിൽ പരതന്നുവരുടെ എണ്ണം ദിവസവും വർദ്ധിച്ചുവരുന്നു.

ഇതെല്ലാം മനസിലാക്കിതന്നെയാണ് വനിതാ ഐ.പി.എൽ എന്ന മിഥാലി ഉയർത്തുന്ന നാളുകളായുള്ള ആവശ്യത്തിന് ബി.സി.സി.ഐ ഇപ്പോൾ കാത് കൊടുക്കുന്നത്. ഇനി വേണ്ടത് ഈ തരംഗം നിലനിറുത്തുകയെന്നതാണ്. അതിനായി കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ബി.സി.സി.ഐ തയ്യാറാകാണം. കൂടുതൽ കളികൾ ഉണ്ടായാലേ നല്ല പ്രതിഭകൾ ഉയർന്നുവരൂ. ലോകത്തെ ഏറ്രവും വലിയ ക്രിക്കറ്റ് വിപണിയായ ഇന്ത്യയിൽ ഇപ്പോൾ ഈ പെൺകുട്ടികളുടെ കളികാണാൻ ഒരുകൂട്ടം ജനത മുന്നോട്ടു വന്നുകഴിഞ്ഞു.

ലോകകപ്പിന് പുറപ്പെടുന്നതിന് മുമ്പ് മുംബയിൽ വച്ച് ബി.സി.സി.ഐ ഇന്ത്യൻ ടീമിനായി നടത്തിയ ഒരു ഇന്ററാക്ഷനിൽ നിങ്ങളെക്കുറിച്ച് പറയൂ എന്ന് ആവശ്യപ്പെട്ട അവതാരകനോട് ഹർമ്മൻപ്രീത് കൗർ നിരാശയോട് പറഞ്ഞതിങ്ങനെയാണ്. സാർ, ഞങ്ങൾക്ക് ഞങ്ങളുടെ വിശേഷങ്ങൾ പറയാൻ ഏറെ ഇഷ്ടമാണ്, പക്ഷേ അതു കേൾക്കാൻ ആർക്കും താത്പര്യമില്ല. എന്നാൽ ആഴ്ചകൾക്കിപ്പുറം ആസ്‌ട്രേലിയയെ അടിച്ച് നിലംപരിശാക്കിയ ഹർമ്മൻപ്രീത് കൗറിന്റെ അപദാനങ്ങൾ ലോകമാദ്ധ്യമങ്ങളിൽ പോലും നിറഞ്ഞു. ഹർമൻ പ്രീതിന്റെ മാതാപിതാക്കളുടെ അഭിമാനം തുടിക്കുന്ന മുഖവും സഹോദരിയുടെ സന്തോഷവുമെല്ലാം ലൈവായി നൽകാൻ ദേശീയ ചാനലുകൾ അവളുടെ വീടിനുമുന്നിൽ ഊഴംകാത്തിരുന്നു. മയക്കുമരുന്നിന്റെ പേരിൽ കുപ്രസിദ്ധമായ പഞ്ചാബിലെ മോഗയെന്ന സ്ഥലത്തിന്റെ ചീത്തപ്പേര് ഹർമ്മൻപ്രീത് കൗർ തന്റെ ബാറ്റ് കൊണ്ട് തുടച്ചുമാറ്റി. ഹർമ്മൻ പ്രീത് കൗറിനെപ്പോലെ മിഥാലിയുടെ മാലാഖക്കൂട്ടത്തിലെ ഓരോരുത്തരും ഇപ്പോൾ സെലിബ്രിറ്റികളായിക്കഴിഞ്ഞു. ഫൈനലിലെ തോൽവിക്ക് ശേഷം മിഥാലി പറഞ്ഞപോലെ തോൽവിയിൽ നിരാശയുണ്ടെങ്കിലും അവർ തെളിച്ച ദീപം വരും തലമുറയ്ക്ക് വെളിച്ചമാകട്ടെയെന്നാണ് ഓരോ ക്രിക്കറ്റ് പ്രേമിയുടെയും പ്രാർത്ഥന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.