ത്രീ ഡിയിലും വിസ്‌മയിപ്പിച്ച് 'പുലിമുരുകൻ'
July 24, 2017, 11:49 am
ആർ.സുമേഷ്
മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി സിനിമയെന്ന വിശേഷണവുമായാണ് സൂപ്പർ സ്‌റ്റാർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'പുലിമുരുകൻ' എന്ന സിനിമ കഴി‌ഞ്ഞ വർഷം ഇറങ്ങിയത്. 2016 ഒക്ടോബർ ഏഴിന് ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ പുതിയൊരു സിനിമാ ചരിത്രത്തിന് കൂടിയാണ് വൈശാഖും കൂട്ടരും തിരക്കഥ എഴുതിയത്. മലയാളത്തിൽ ആദ്യമായി 100 കോടി ക്ളബ്ബിൽ ഇടംനേടുന്ന സിനിമയെന്ന ഖ്യാതി എന്നതായിരുന്നു ആ ചരിത്രം.

നൂറു കോടിയും കടന്ന് 150 കോടി ക്ളബ്ബിലും കയറി 'പുലിമുരുകൻ' അലറിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആർത്തുവിളിച്ചു,​ കൈയടിച്ചു. ഇപ്പോഴും പുലിമുരുകന്റെ ആലസ്യം വിട്ടുമാറാത്ത സിനിമാപ്രേമികൾക്കിടയിലേക്ക് കൃത്യം ഒന്പത് മാസം പിന്നിടുന്പോൾ 'പുലിമുരുകൻ' എന്ന സിനിമ ത്രീ ഡിയിലെത്തി പ്രേക്ഷകരെ ഒരിക്കൽ കൂടി വിസ്‌മയിപ്പിക്കുകയാണ്. കാടിനോടു ചേർന്ന പുലിയൂർ എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന മുരുകൻ, പുലിമുരുകനാകുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മലയാളത്തിലെ ആദ്യത്തെ ത്രീ ഡി സിനിമയായ 'മൈ ഡിയർ കുട്ടിച്ചാത്ത'നിൽ തുടങ്ങി,​ വിനയൻ എന്ന സംവിധായകൻ സമ്മാനിച്ച ഹൊറർ ത്രീ ‌ഡി സിനിമകളിലൂടെ സഞ്ചരിച്ച് മലയാള സിനിമ പുലിമുരുകൻ 3ഡിയിൽ എത്തുന്പോൾ വന്യസൗന്ദര്യത്തെക്കാളും സാങ്കേതിക വിദ്യ തന്നെയാണ് മുഴച്ചു നിൽക്കുന്നത്.

ത്രീ ഡിയിൽ വിരിയുന്ന 'പുലിമുരുകൻ'
പുലിവേട്ടയ്ക്കിറങ്ങുന്ന കുട്ടിപ്പുലിമുരുകൻ മുതൽ തണ്ടും തടിയുമൊത്ത പുലിമുരുകന്റെ വേട്ടയും ത്രീ ഡിയിൽ കാണുന്പോൾ അത് വീണ്ടുമൊരിക്കൽ കൂടി ദൃശ്യവിരുന്നൊരുക്കുകയാണ് ചെയ്യുന്നത്. സീനുകളുടെ കൃത്യതയും സൂക്ഷ്മതയും ചോരാതെ ത്രീ ഡിയിലേക്ക് സിനിമയെ പറിച്ചു നട്ടു എന്നുള്ളതാണ് ഏറ്റവും വലിയ മേന്മ.

പുലിയുമായുള്ള സംഘട്ടന രംഗങ്ങളിലാണ് ത്രീ ഡിയുടെ പൂർണത ഏറ്റവും നന്നായി അനുഭവിക്കാനാവുക. ക്ലൈമാക്സിൽ പുലിയുടെ നേരെ വേൽ (ശൂലം)​ എറിയുന്ന രംഗം പ്രേക്ഷകർ ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. മോഹൻലാൽ എറിഞ്ഞ ആ വേൽ സ്ക്രീനും പിളർന്ന് പ്രേക്ഷകർക്ക് നേരെ പാഞ്ഞെത്തുന്പോൾ ശരീരമൊന്നാകെ ഇടത്തേക്കോ വലത്തേക്കോ വെട്ടിക്കാത്തവർ ചുരുക്കം. ആ ഞെട്ടലിൽ നിന്ന് ഉണരുന്നതിന് മുന്പ് വേൽ പുലിയുടെ നെഞ്ച് പിളർന്നിരിക്കും. ദൃശ്യങ്ങളുടെ മിഴിവും പൂർണതയും തെല്ലും ചോരാതെ കാക്കുക എന്നതാണ് ത്രീ ഡിയുടെ ഏറ്റവും വലിയ വെല്ലുവിളി. അതിൽ അണിയറക്കാ‌ർ വിജയിച്ചു.

വി.എഫ്.എക്സിന്റെ സാദ്ധ്യതകളെ സമർത്ഥമായി ഉപയോഗിച്ച ഈ സിനിമ ത്രീ ഡി കൂടിയായപ്പോൾ അത് പരിപൂർണമായി മാറി. കടുവയുമൊത്തുള്ള പോരാട്ടങ്ങളിൽ സി.ജി ഇഫക്ടുകളും അല്ലാത്തതും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ഒറിജിനലിൽ കൂട്ടിച്ചേർത്തിരുന്നത്. ത്രീ ഡി കൂടി വന്നതോടെ ഇവ തമ്മിൽ തിരിച്ചറിയാൻ ഒന്നുകൂടി പ്രയാസമായി.

അവസാന ഭാഗത്ത് വില്ലന്മാരുമായുള്ള മോഹൻലാലിന്റെ സംഘട്ടന രംഗങ്ങളിലാണ് ത്രീ ഡി മറ്റൊരു ദൃശ്യവിരുന്നൊരുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ മലയാളത്തിലാദ്യമായി ഒരുക്കിയ സംഘട്ടന രംഗങ്ങൾ ത്രീ ഡിയിൽ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു. മുരുകന്റെ ഇടിയേറ്റ് വില്ലന്റെ കിങ്കരന്മാർ നിലംതൊടാതെ പറക്കുന്നത് ത്രീ ‌ഡിയിൽ അത്യത്ഭുത കാഴ്ചയാണ്.

കൈയടിക്കുന്ന കുഞ്ഞുകൈകൾ
മുതിർന്നവരെക്കാൾ ഈ സിനിമ ഏറ്റവും കൂടുതൽ ആസ്വദിച്ചത് കുട്ടികളാണെന്നതാണ് മറ്റൊരു വസ്തുത. സ്ക്രീനും പിളർന്ന് തനിക്കു നേരെ പാഞ്ഞുവന്ന വേലിനെ ലാഘവത്തോടെ കൈകൊണ്ട് പിടിക്കാൻ ശ്രമിച്ച കുരുന്നിനേയും തീയേറ്ററിൽ കാണാനായി. ത്രീ ഡി കണ്ണടയിലൂടെ പുലിയേയും പുലിമുരുകനേയും കണ്ട് പേടിച്ച കുഞ്ഞുമിഴികൾ മാതാപിതാക്കളുടെ നെഞ്ചിലേക്ക് മുഖം അമർത്തുന്ന കാഴ്ച സാങ്കേതികത്തികവിന്റെ മറ്റൊരു നേർക്കാഴ്ചയുമായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ