റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ ദുരൂഹ മരണവും കോടികളുടെ സ്വത്തും
August 1, 2017, 12:45 pm
ടി.വി രജീഷ്
കണ്ണൂർ: തളിപ്പറമ്പിലെ പാവങ്ങൾക്ക് രോഗം വരുമ്പോൾ ഓടിപ്പോകാനൊരു ഇടമുണ്ടായിരുന്നു പണ്ട്. തൃച്ഛംബരത്തെ ഡോക്ടർ ക്യാപ്റ്റൻ പി. കുഞ്ഞമ്പു നായർ. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം നാട്ടിൽ ജനകീയ ഡോക്ടറെന്ന പേരു നേടിയത്. 1970നും മുമ്പ് തൃച്ഛംബരം പൂന്തുരുത്തി തോടിന് സമീപം അദ്ദേഹം നിർമ്മിച്ച കോൺക്രീറ്റ് വീട് അക്കാലത്ത് നാട്ടുകാർക്ക് അത്ഭുതമായിരുന്നു. 1984ൽ ഭാര്യയുടെ മരണത്തിന് ശേഷം ഡോ. കുഞ്ഞമ്പു നായർ ചെന്നൈയിലേക്ക് പോയി. 1992ൽ അദ്ദേഹവും മരിച്ചു. എന്നാൽ, ഡ‌ോക്ടറുടെ കുടുംബത്തിന് തളിപ്പറമ്പ് നഗര പരിസരങ്ങളിൽ മാത്രം കോടിക്കണക്കിന് രൂപയുടെ ഭൂമിയും കെട്ടിടങ്ങളും ഇപ്പോഴുമുണ്ട്. ഈ സ്വത്തുക്കളിൽ നിന്ന് ഒരു മകന്റെ ഭാഗം തട്ടിയെടുക്കാൻ ചിലർ നടത്തിയ നീക്കങ്ങളുടെ ചുരുളുകൾ അഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ അമ്പരന്നു നിൽക്കുകയാണ് നാട്ടുകാർ.

1. തട്ടിപ്പിലേക്ക് വെളിച്ചംവീശിയ മരംമുറി
ദേശീയപാതയോരത്തെ 3.75 ഏക്കറോളംവരുന്ന സ്ഥലത്ത് വിശാലമായ മുറ്റവും കാർപ്പോർച്ചുമുൾപ്പെടെയുള്ള വീട് കാടുകയറിക്കിടക്കുകയായിരുന്നു. ഒരു ദിവസം നാട്ടുകാർ കാണുന്നത് സ്ഥലമുടമകളുമായി ബന്ധമൊന്നുമില്ലാത്ത ചിലർ ഇവിടെയെത്തി മരംമുറിച്ചു കടത്താൻ ശ്രമിക്കുന്നതാണ്. നേരത്തെ തന്നെ കുടുംബത്തിന്റെ പേരിലുള്ള സ്ഥലം പലരും കൈയേറുകയാണെന്ന സംശയം നിലനിൽക്കുന്നതിനാൽ നാട്ടുകാർ അപരിചിതരായവരെ തടഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞമ്പു ഡോക്ടറുടെ രണ്ടാമത്തെ മകൻ പി. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാൻ നടക്കുന്ന ശ്രമങ്ങളെ കുറിച്ച് നാട്ടുകാർക്ക് ബോധ്യമാകുന്നതും പരാതിയുമായി പോകുന്നതും.

2. വീട്ടുകാർ അറിയാത്ത മരണവാർത്ത
സഹകരണ വകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു പി. ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് പേട്ടയിൽ സ്വന്തമായി വീടുവച്ച് താമസിക്കുകയായിരുന്ന. അവിവാഹിതനായിരുന്നു. സ്വദേശമായ തളിപ്പറമ്പിൽ ബന്ധുക്കളുണ്ടെങ്കിലും നാട്ടിൽ അധികം വരാറുണ്ടായിരുന്നില്ല. ഡോ. കുഞ്ഞമ്പു നായരുടെ ഏഴുമക്കളിൽ ബാലകൃഷ്ണന്റെ പേരിലുള്ള സ്വത്തുക്കൾ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടാണ് തട്ടിപ്പ് തുടങ്ങിയത്. സ്വത്തു തട്ടിയെടുക്കാൻ നടക്കുന്ന നിഗൂഢ ശ്രമങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് നാട്ടുകാർ ബാലകൃഷ്ണൻ മരണപ്പെട്ട വിവരം പോലും അറിയുന്നത്. 1980ൽ വിവാഹിതനായ ബാലകൃഷ്ണന്റെ കെ.വി ജാനകിയെന്നു പേരുള്ള ഭാര്യയിലേക്കാണ് സ്വത്തുക്കൾ പോകുന്നതെന്നും മനസിലാക്കാനായി. നാട്ടുകാരിൽ ചിലർ ജാനകിയെ സമീപിച്ചെങ്കിലും ഇതുസംബന്ധിച്ച അറിവൊന്നും അവർക്കുണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാർ രൂപീകരിച്ച കർമ്മ സമിതി കൺവീനർ പത്മൻ കോഴൂർ‌ സമർപ്പിച്ച ഹർജിയിൽ പയ്യന്നൂരിലെ അഭിഭാഷക കെ. വി ശൈലജ, ഭർത്താവ് കൃഷ്ണകുമാർ, ശൈലജയുടെ സഹോദരി ജാനകി, വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്കെതിരെ അന്വേഷണത്തിന് പയ്യന്നൂർ കോടതി ഉത്തരവിടുകയായിരുന്നു.

3. മരണശേഷം വിവാഹിതനായി
2011 സെപ്തംബർ 11ന് രാത്രി തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്കിടെ ബാലകൃഷ്ണൻ മരിച്ചതായാണ് രേഖകൾ. തലസ്ഥാനത്ത് ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ബാലകൃഷ്ണൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും കൂടുതൽ ചികിത്സിക്കാനെന്ന് പറഞ്ഞ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു. ആ യാത്രയ്ക്കിടെ കൊടുങ്ങല്ലൂരിൽ വച്ച് ആംബുലൻസിൽ ബാലകൃഷ്ണൻ മരിക്കുന്നു. കൃത്യതയോടെ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നല്കി അസ്വാഭാവിക മരണത്തിന് കേസെടുപ്പിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി കൂടെയുണ്ടായിരുന്നവർ തന്നെ ബന്ധുക്കൾ ചമഞ്ഞ് ഷൊർണൂരിൽ സംസ്കാരവും നടത്തി. മരിക്കുംവരെയും ബാലകൃഷ്ണൻ വിവാഹിതനായിരുന്നില്ല. ബാലകൃഷ്ണന്റെ ഭൂമിയും പണവും തട്ടിയെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞുനടന്നവർ മരണശേഷം അയാളെ വിവാഹിതനാക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിയുന്നത്.

4. രണ്ടു വിവാഹത്തിനുശേഷം ജാനകിക്ക് രേഖകളിലൊരു വിവാഹം
1970ൽ കൈതപ്രത്തെ ഗോവിന്ദ പൊതുവാളിനെയും 1980ൽ കർണാടക കാർക്കളയിലെ ശ്രീധരനെയും വിവാഹം ചെയ്തിരുന്ന ജാനകിക്ക് പക്ഷെ, ദാമ്പത്യജീവിതം അധികകാലം നയിക്കാനായിരുന്നില്ല. ഇതിന് ശേഷം തറവാട്ടു വീട്ടിൽ ഒതുങ്ങിക്കഴിയുകയായിരുന്നു ഇവർ. ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയിൽ കുടുംബ പെൻഷൻ ജാനകി വാങ്ങുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവർക്ക് അതേക്കുറിച്ച് വിവരമില്ല. പയ്യന്നൂർ നഗരസഭയിൽ നിന്ന് വാർദ്ധക്യകാല പെൻഷനും വാങ്ങുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ബാലകൃഷ്ണനും ജാനകിയും പയ്യന്നൂർ വിഠോബ ക്ഷേത്രത്തിൽ വച്ച് 1980ൽ വിവാഹിതരായെന്നാണ് രേഖകൾ. 1983 മുതൽ ക്ഷേത്രത്തിൽ നടന്ന എല്ലാ വിവാഹങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നറിഞ്ഞാണ് 1980 വർഷം തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. കൂടാതെ ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. 1980 ജൂലായ് 10നാണ് ജാനകി കർണാകട കാർക്കളയിലെ ശ്രീധരനുമായി വിവാഹിതയാകുന്നത്. ഇതിന് മുമ്പ് ബാലകൃഷ്ണനുമായുള്ള വിവാഹം നടത്തിയാൽ മാത്രമേ വിവാഹത്തിന് നിയമസാധുതയുള്ളൂവെന്ന കാര്യവും പരിഗണിച്ചിട്ടുണ്ടാവും. ബാലകൃഷ്ണനുമായുള്ള വിവാഹത്തിന്റെ തീയതി അതേവർഷം ഏപ്രിൽ 27.

5. വ്യാജരേഖകളുടെ ഘോഷയാത്ര
കുടുംബ പെൻഷനുവേണ്ടിയാണെന്ന് പറഞ്ഞാണ് ക്ഷേത്രം ഭാരവാഹികളിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിച്ചെടുത്തത്. വിവാഹരേഖ ലഭിച്ചതോടെ ഗസറ്റിൽ പരസ്യം ചെയ്യലും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നേടലും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി. പരിയാരം അമ്മാനപ്പാറയിലെ 12 ഏക്കർ സ്ഥലത്തിന്റെ പകുതി, തിരുവനന്തപുരം പേട്ടയിലെ വീട്, തളിപ്പറമ്പ് നഗരത്തിൽ വിശാലമായ പറമ്പ് എന്നിവ കൈയ്ക്കലാക്കുകയായിരുന്നു ലക്ഷ്യം. കോടതിയിൽ പരാതി നല്കി പരിയാരത്തെ 12 ഏക്കറിന്റെ പകുതി സ്ഥലം അവരുടെ പേരിലാക്കി. അടുത്തദിവസം തന്നെ അത് സഹോദരിയുടെ പേരിലേക്ക് മാറ്റിയെഴുതിച്ചു. തിരുവനന്തപുരത്തെ വീടും ആ സഹോദരിയുടെ പേരിലാക്കി അത് 2013ൽ 19.5 ലക്ഷം രൂപയ്ക്ക് വിറ്റു. തട്ടിപ്പ് നടത്താൻ കൂട്ടുനിന്ന റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടെയുള്ളവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പയ്യന്നൂർ കോറോത്തായിരുന്നു ജാനകിയുടെ താമസം. എന്നാൽ തായിനേരിയിലാണ് താമസമെന്ന് കാണിച്ച് അപേക്ഷ നല്കി പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി പയ്യന്നൂർ വില്ലേജ് ഓഫീസറെ സമീപിച്ചു. പയ്യന്നൂർ നഗരസഭയിൽ നിന്ന് വ്യാജ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നേടിയാണ് അപേക്ഷ നല്കിയത്. പരേതനായ ബാലകൃഷ്ണന്റെ ഭാര്യയായ അവർക്കല്ലാതെ മറ്റാർക്കും ബാലകൃഷ്ണന്റെ സ്വത്തുക്കളിൽ അവകാശമില്ലെന്ന് വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നല്കി. അതുപയോഗിച്ച് പിന്തുടർച്ചാവകാശം സ്ഥാപിക്കാൻ ഗസറ്റിൽ പരസ്യം നല്കി. 2012 ജൂൺ 15ന്റെ ഗസറ്റിൽ പരസ്യം വന്നു. തൊട്ടടുത്തദിവസം തന്നെ ഉന്നതല സ്വാധീനമുപയോഗിച്ച് പിന്തുടർച്ചാവകാശ രേഖയും കൈക്കലാക്കി.

6. സ്വത്തുവിവരം തന്ത്രത്തിൽ മനസിലാക്കി
ഡോ. കുഞ്ഞമ്പു നായർക്ക് ഏഴുമക്കളാണ്. ഇതിൽ ഇളയമകനായ രമേശൻ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ജീവിച്ചിരിപ്പുള്ള ബാലകൃഷ്ണന്റെ രണ്ട് സഹോദരിമാർ കേരളത്തിന് പുറത്താണ്. കോടികൾ വിലമതിക്കുന്ന കൂട്ടുസ്വത്ത് വെറുതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രമേശനിൽ നിന്നാണ് തട്ടിപ്പിനിറങ്ങിയവർ ഭാരിച്ച സ്വത്തും അതിന്റെ കൈകാര്യത്തിലെ വീഴ്ചകളും മനസിലാക്കുന്നത്. പരിയാരം അമ്മാനപ്പാറയിൽ ബാലകൃഷ്ണനും സഹോദരൻ കുഞ്ഞിരാമനും കൂടി 12 ഏക്കർ സ്ഥലമുണ്ടായിരുന്നു. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ കുഞ്ഞിരാമൻ വർഷങ്ങൾക്ക് മുമ്പെ മരിച്ചു. ഈ സ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ രമേശൻ പയ്യന്നൂരിലെ ഒരു അഭിഭാഷകനെ സമീപിക്കുകയായിരുന്നു. ഈ അഭിഭാഷകന്റെ ഓഫീസിലുണ്ടായിരുന്ന ഒരു വ്യക്തി അങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കുന്നത്. പരാതിക്കാരനുമായി പരിചയത്തിലായ ആ വ്യക്തി രേഖകളെല്ലാം സംഘടിപ്പിച്ചു. തുടർന്ന് ബന്ധുവുമൊത്ത് തിരുവനന്തപുരത്ത് ചെന്ന് ബാലകൃഷ്ണനുമായി പരിചയപ്പെടുകയും ചെയ്തു. ഈ ബന്ധം ഇവർ ഇടയ്ക്കിടെ നല്ലരീതിയിൽ വളർത്തിയെടുക്കുകയായിരുന്നു. 2011 സെപ്തംബറിൽ ബാലകൃഷ്ണൻ അസുഖബാധിതനായി കിടക്കുമ്പോഴും അവർ തലസ്ഥാനത്തെത്തി. അവശനിലയിലായ ബാലകൃഷ്ണനെ മരണത്തിന് മുമ്പ് വീട്ടിലെത്തിച്ച് സ്വത്തുക്കൾ എഴുതിവാങ്ങാനാവുമോയെന്ന പരീക്ഷണമായിരുന്നു നടത്തിയതെന്നും സംശയിക്കുന്നു. ബാലകൃഷ്ണന്റെ മരണം സ്വാഭാവികമാണോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

7. ഏക്കറുകളോളം ഭൂമി
തളിപ്പറമ്പിൽ നഗരപരിസരങ്ങളിൽ മാത്രം കുഞ്ഞമ്പു നായരുടെ കുടുംബത്തിന് കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ട്. ദേശീയപാതയോരത്ത് ഒരേക്കറോളം സ്ഥലത്താണ് വീടും പറമ്പും. തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം റോഡരികിൽ രണ്ടര ഏക്കർ, ദേശീയപാതയോരത്ത് ഏഴാംമൈലിൽ മൂന്നേക്കർ, തൃച്ഛംബരത്ത് കൂടിപ്പിരിയുന്ന ആലിന് സമീപം ഒരേക്കർ, സർസയ്യിദ് കോളേജിന് സമീപം നാലേക്കർ. ഇവയ്‌ക്കെല്ലാം പുറമെ പട്ടുവം വില്ലേജിൽ പത്തേക്കറിലേറെ കൃ‌ഷിയിടവും പാണപ്പുഴ റോഡിൽ പരിയാരം വില്ലേജിൽ 16 ഏക്കറും. തിരുവനന്തപുരത്ത് ബാലകൃഷ്ണന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് 66,000 രൂപ പിൻവലിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ബാലകൃഷ്ണന്റെ വീട്ടുജോലിക്കായി നിന്നിരുന്ന സ്ത്രീയെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ എം.പി ആസാദാണ് കേസ് അന്വേഷിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ