വൃക്ക വാഗ്ദാനം ചെയ്‌ത്‌ തട്ടിപ്പ്: ആഭരണങ്ങളും പണവും തട്ടിയെടുത്ത ദമ്പതികൾ പിടിയിൽ
July 27, 2017, 10:35 pm
തിരുവനന്തപുരം: വൃക്ക വാഗ്ദാനം ചെയ്ത് രോഗിയിൽ നിന്ന് പണവും ആഭരണങ്ങളും തട്ടിയെടുത്ത ദമ്പതികളെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സനൽ (29) ഭാര്യ മഞ്ജു (25) എന്നിവരാണ് പിടിയിലായത്.

അഞ്ചൽ സ്വദേശിയായ വൃക്കരോഗി തനിയ്ക്ക് വൃക്ക ആവശ്യമുണ്ടെന്ന് 2016 ആഗസ്റ്റിൽ പത്രപരസ്യം നൽകി. ഇതുകണ്ട് സനൽ രോഗിയെ ബന്ധപ്പെട്ടു. രോഗിയുടെ കുടുംബവുമായി ചങ്ങാത്തത്തിലായ സനലും ഭാര്യയും വൃക്ക മാറ്റിവയ്ക്കാതെ അസുഖം മാറ്റുന്ന മന്ത്രവാദിയെ അറിയാമെന്നും ചിലവിനായി 30,000രൂപ നൽകണമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച് രോഗി 30,000രൂപ നൽകി. മന്ത്രവാദിയെ കാണാൻ രോഗിയെ തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രവാദിയെ കാണുന്ന സമയത്ത് സ്വർണ്ണാഭരണങ്ങൾ ധരിയ്ക്കാൻ പാടില്ലെന്ന് പറഞ്ഞ് ഏഴു പവൻ ആഭരണങ്ങൾ തട്ടിയെടുത്തു. സ്വർണം കിട്ടിയയുടൻ പൂജയുടെ ഏർപ്പാടുകൾക്കെന്നു പറഞ്ഞ് മറ്റൊരു വാഹനത്തിൽ തന്ത്രപരമായി രക്ഷപെടുകയായിരുന്നു. തട്ടിപ്പിനിരയായ രോഗിയും കുടുംബവും സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

അമേരിക്കൻ ജോലി വാഗ്ദാനം ചെയ്ത് പുതുച്ചേരിയിലെ ഏഴ് യുവാക്കളിൽ നിന്ന് 70,000രൂപയും സ്വർണാഭരണങ്ങളും കോയമ്പത്തൂരിലെ യുവാക്കളിൽ നിന്ന് 45,000രൂപയും സനൽ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. ഗൾഫ് ജോലി വാദ്ഗാനം ചെയ്ത് കോവിൽപ്പട്ടിയിലെ പത്ത് യുവാക്കളിൽ നിന്ന് അരലക്ഷവും പഴനിയിലെ യുവാക്കളിൽ നിന്ന് 30,000 രൂപയും തട്ടിയെടുത്തു. യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് സനലിനെതിരേ കഴക്കൂട്ടം സ്റ്റേഷനിൽ കേസുണ്ട്. സിറ്റി പോലിസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന്റെ നിർദ്ദേശപ്രകാരം കകൺട്രോൾ റൂം അസി.കമ്മിഷണർ വി. സുരേഷ് കുമാർ ,മ്യൂസിയം എസ്‌.ഐ സുനിൽ, ക്രൈം എസ്.ഐ സീതാറാം, ഷാഡോ എസ്. ഐ സുനിൽ ലാൽ, ഷാഡോ ടിം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ