പെൺകുട്ടികളെ മയക്കും ജിൻസൺ
July 28, 2017, 12:34 pm
സി. മീര
കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളുടെയും ചതിക്കുഴികളുടെയും കഥകൾ പുറത്തു വരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ, കേട്ടുപഴകിയിട്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ ചെന്നു ചാടുന്നവരുടെ എണ്ണം കുറയുന്നേയില്ല എന്നതാണ് സത്യം.

തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചു ഭീഷണിപ്പെടുത്തി എന്ന് കാട്ടി പ്രമുഖ നടിയുടെ പരാതിയിൽ പ്രതിയെ പിടികൂടിയിട്ട് ദിവസങ്ങളായില്ല. കഴിഞ്ഞ ദിവസവും സമാനമായ ഒരു സംഭവം പുറത്തു വന്നു. ഇത്തവണ, സിനിമയിൽ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു. വലയിൽ വീണത് ഒരു ദന്തഡോക്ടറാണ്.

വീഴ്ത്തിയത് സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറെന്ന് അവകാശപ്പെടുന്ന 35കാരനും! കൊടുങ്ങല്ലൂർ കോട്ടപ്പുറം സെന്റ് മൈക്കിൾസ് പള്ളിയ്ക്ക് സമീപം അവിട്ടം പള്ളി വീട്ടിൽ ജിൻസൺ ആണ് ആ വിരുതൻ.

പരിചയം പ്രണയമായി, ശരീരവും പണവും തട്ടിയെടുത്തു
ദന്ത ഡോക്ടറാവാനുള്ള പഠനം പൂർത്തിയാക്കി പരിശീലനം ചെയ്യുകയായിരുന്നു പരാതിക്കാരിയായ പെൺകുട്ടി. എങ്കിലും മനസ്സിലെന്നും സിനിമാനടിയാവണമെന്ന മോഹമായിരുന്നു. രണ്ടു വർഷം മുമ്പ് സിനിമാ മേഖലയിലുള്ള തന്റെ ഒരു കൂട്ടുകാരി വഴിയാണ് പെൺകുട്ടി ജിൻസൺ എന്ന സ്റ്റിൽ ഫോട്ടോഗ്രാഫറെ പരിചയപ്പെടുന്നത്. അഞ്ചു വർഷത്തിലേറെയായി സ്റ്റിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് ജിൻസൺ. സ്റ്റിൽ ഫോട്ടോഗ്രഫിക്ക് പുറമെ സിനിമയിൽ ക്യാമറാമാന്റെ അസിസ്റ്റന്റ് ആണ് താൻ എന്നാണ് ജിൻസൺ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.

സിനിമയിൽ എങ്ങനെയെങ്കിലും അഭിനയിക്കണമെന്ന മോഹം ഉള്ളിലുണ്ടായിരുന്ന സാമ്പത്തികമായി ഉയർന്ന നിലയിലുള്ള പെൺകുട്ടി ജിൻസണുമായി കൂടുതൽ അടുത്തു.

ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് താനെന്നായിരുന്നു ജിൻസൺ പെൺകുട്ടിയെ ധരിപ്പിച്ചിരുന്നത്. അടുപ്പം പ്രണയത്തിലേക്ക് മാറിയപ്പോൾ 2016 ഫെബ്രുവരിയിൽ കലൂരിൽ ഫ്‌ളാറ്റെടുത്ത് ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. അവളെ ലൈംഗികമായി ഉപയോഗിച്ചതിന് പുറമെ തന്റെ സാമ്പത്തിക ബാധ്യതകൾ എണ്ണിപ്പറഞ്ഞ് ജിൻസൺ പെൺകുട്ടിയുടെ കൈയിൽ നിന്ന് പണം വാങ്ങാൻ തുടങ്ങി.

ഒന്നും രണ്ടുമല്ല, 33 ലക്ഷം! രണ്ടു മാസത്തെ താമസത്തിനിടെയാണ് ജിൻസൺ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും ഭാര്യയും രണ്ട് കുട്ടികളും നാട്ടിൽ ഉണ്ടായിരുന്നുവെന്നും പെൺകുട്ടി അറിയുന്നത്.
അതോടെ ഇരുവരും അകന്നു. തന്നിൽ നിന്ന് തട്ടിയെടുത്ത തുക തിരികെ നൽകണമെന്ന് പെൺകുട്ടി ഇയാളോട് ആവശ്യപ്പെട്ടു.

പണം നൽകാൻ സാവകാശം ചോദിച്ച ഇയാൾ പണം നൽകാമെന്ന് ഉറപ്പിച്ച് പല തീയതികൾ പെൺകുട്ടിയോട് പറഞ്ഞു. ഒന്നര വർഷത്തോളം പണം തിരികെ ലഭിക്കാൻ വേണ്ടി അവൾ കാത്തിരുന്നു.
എന്നാൽ, ഫലമുണ്ടായില്ല. തുടർന്നാണ് തനിക്ക് പറ്റിയ ചതിയുടെ വിവരങ്ങളുമായി പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചത്.

തട്ടിയ പണം കൊടുത്തത് മറ്റൊരു പരാതിക്കാരിക്ക്
പെൺകുട്ടി പരാതിയുമായി സമീപിച്ചപ്പോൾ പ്രതിയുടെ പേര് കേട്ട് പൊലീസുകാർ തന്നെ അമ്പരന്നു. ഇത്തരത്തിൽ പെൺകുട്ടികളെ പറ്റിക്കുന്നതിൽ മിടുക്കനാണ് ജിൻസൺ എന്ന് പൊലീസുകാർ പറയുന്നു.
കഴിഞ്ഞ വർഷം ഇയാളുടെ പേരിൽ പരാതിയുമായി മറ്റൊരു സ്ത്രീയും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. 2016 മാർച്ചിലായിരുന്നു വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു എന്ന പരാതിയുമായി അവർ വന്നത്. ലക്ഷങ്ങളാണ് അവരിൽ നിന്നും ജിൻസൺ തട്ടിയെടുത്തത്. അന്ന്, പരാതി പറഞ്ഞ സ്ത്രീയ്ക്ക് താൻ വാങ്ങിയതിൽ കുറച്ച് പണം നൽകിയാണ് ജിൻസൺ കേസിൽ നിന്ന് തലയൂരിയത്.

അപ്പോൾ തന്റെ കൂടെ താമസിച്ചിരുന്ന ഡോക്ടർ പെൺകുട്ടിയിൽ നിന്ന് വാങ്ങിയ പണത്തിൽ നിന്നാണ് ഈ സ്ത്രീയ്ക്ക് നൽകാനുണ്ടായിരുന്ന പണം നൽകിയതെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ അയാൾ വെളിപ്പെടുത്തി. എന്നാൽ, 33 ലക്ഷത്തിൽ വളരെ കുറച്ചു തുക മാത്രമേ ഈ സ്ത്രീയ്ക്ക് നൽകിയിരുന്നുള്ളൂ. ബാക്കി പണം ഇയാൾ എന്തു ചെയ്തുവെന്ന അന്വേഷണത്തിലാണ് പൊലീസ്. എറണാകുളം നോർത്ത് സി.ഐ കെ.ജെ പീറ്ററിന്റെ നേതൃത്വത്തിൽ എസ്.ഐ വിപിൻദാസ്, എ.എസ്.ഐ റഫീഖ്, എ.എസ്.ഐ രാജപ്പൻ എന്നിവരാണ് അന്വേഷണം നടത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ