ഈ റെയിൽവേ സ്‌റ്റേഷനിൽ പ്രേതമുണ്ട്... സൂക്ഷിക്കുക
July 29, 2017, 9:08 pm
വെബ് ഡെസ്‌ക്
കൊൽക്കത്ത: ഏകാന്തത നിറഞ്ഞ റെയിൽവേ പാളങ്ങളിൽ കൂടി വെള്ളസാരിയുടുത്ത സ്ത്രീരൂപം നടന്നു നീങ്ങുന്നത് ഈ റെയിൽവേ സ്‌റ്റേഷനിലെ സ്ഥിരം കാഴ്‌ചയാണ്. ഒരു കാലത്ത് യാത്രക്കരുടെ ബാഹുല്യംമൂലം നിറഞ്ഞ് കവിഞ്ഞിരുന്ന ഈ സ്‌റ്റേഷൻ പ്രേതബാധയുണ്ടെന്ന ഒരൊറ്റക്കാരണത്താൽ ഇന്ന് ആളൊഴിഞ്ഞു കിടക്കുന്നു. വല്ലപ്പോഴും നീണ്ട ചൂളമടിച്ച് പാളങ്ങളിൽ കൂടി നിരങ്ങി നീങ്ങുന്ന ട്രെയിനുകളല്ലാതെ സന്ധ്യമയങ്ങിയാൽ ഇവിടേക്കാരും എത്താറുമില്ല. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പ്രേത സ്‌റ്റേഷൻ എന്നറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഈ സ്‌റ്റേഷന്റെ പേര് ബെഗുൻ കോഡാർ.

വെള്ളസാരിയുടുത്ത പ്രേതം
ബെഗുൻ കോഡാറിന്റെ ചരിത്രം തുടങ്ങുന്നത് 1960ലാണ്. അന്ന് ഈ പ്രദേശം ഭരിച്ചിരുന്ന സന്താൾ ഗോത്രവർഗത്തിന്റെ രാജ്ഞി ലച്ചൻ കുമാരിയാണ് റെയിൽവേ സ്‌റ്റേഷന് വേണ്ടി ഭൂമി വിട്ടു കൊടുക്കുന്നത്. ആദ്യഘട്ടത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്ന ബെഗുൻ കോഡാറിന്റെ ദുർഗതി ആരംഭിക്കുന്നത് 1967ലാണ്. അന്ന് ഇവിടുണ്ടായിരുന്ന സ്‌റ്റേഷൻ മാസ്‌റ്റർ റെയിൽവേ ട്രാക്കിൽ വെള്ളസാരിയുടുത്ത സ്ത്രീരൂപത്തെ കണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു. പിറ്റേന്ന് നാട്ടുകാർ കാണുന്നത് ദാരുണമായി കൊല്ലപ്പെട്ട നിലയിൽ സ്‌റ്റേഷനിൽ കിടക്കുന്ന സ്‌റ്റേഷൻ മാസ്‌റ്ററെയാണ്.

രാത്രി തങ്ങിയാൽ മരണം
വെള്ളസാരിയുടുത്ത പ്രേതത്തിന്റെയും ബെഗുൻ കോഡാർ സ്‌റ്റേഷന്റെയും നിറം പിടിപ്പിച്ച കഥകൾ അന്ന് മുതൽ നാടൊട്ടുക്ക് പരക്കാൻ തുടങ്ങി. പിന്നാലെ യാത്രക്കാരും ഇന്ത്യൻ റെയിൽവേയും കൈയൊഴിഞ്ഞ ബെഗുൻ കോഡാർ ഗോണ്ടഡ് റെയിൽവേ സ്‌റ്റേഷൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. സ്‌റ്റേഷന്റെ പരിസരത്തേക്ക് പകൽ വെളിച്ചത്തിൽ പോലും ആരും പോകാതായി. രാത്രി കാലങ്ങളിൽ ഇവിടേക്ക് പോകാൻ ധൈര്യം കാണിച്ചവർ തിരിച്ചു വന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ ചേതനയറ്റ കബന്ധങ്ങളായാണ്.

രക്ഷകയായി മമതാ ബാനർജിയെത്തി എന്നിട്ടും...
എന്നാൽ 2009ൽ റെയിൽവേ മന്ത്രിയായിരുന്ന മമതാ ബാനർജി ഒരിക്കൽ ഇവിടേക്കെത്തുകയും റെയിൽവേ സ്‌റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതിൽ പ്രകാരം ബെഗുൻ കോഡാർ സ്‌റ്റേഷനിൽ ട്രെയിനുകൾ നിറുത്തിതുടങ്ങിയെങ്കിലും കെട്ടുകഥകളിൽ വിശ്വാസിച്ചിരുന്ന നാട്ടുകാർ ഇങ്ങോട്ടെത്താൻ മടിച്ചു. ഇപ്പോഴും 500ൽ താഴെ യാത്രക്കാർ ഈ റെയിൽവേ സ്‌റ്റേഷൻ ഉപയോഗിക്കുന്നുണ്ടെങ്കിലും വൈകുന്നേരം 5.30 കഴിഞ്ഞാൽ ഇവിടം പ്രേതഭവനം തന്നെയാണ്.

പ്രേതടൂറിസം
ബെഗുൻ കോഡാറിൽ വെറും അഞ്ച് ട്രെയിനുകൾക്ക് മാത്രമാണ് സ്‌റ്റോപ്പുള്ളത്. ഇതിൽ വരുന്നവരിലേറെയും ദൂരെ സ്ഥലങ്ങളിൽ നിന്നും ബെഗുൻ കോഡാറിലെ വെള്ളസാരിയുടുത്ത പ്രേതത്തെ കാണാനെത്തുന്നവരാണ്. കഴിഞ്ഞ വർഷം കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പാരാനോർമൽ സൊസൈറ്റി ബെഗുൻ കോഡാറിലേക്ക് യാത്രക്കാരെ കൊണ്ട് വരാൻ തുടങ്ങി. ഇങ്ങോട്ടുള്ള ട്രെയിൻ യാത്രയും, ഹോട്ടൽ താമസവും, രാത്രി റെയിൽവേ സ്‌റ്റേഷൻ സന്ദർശനവും, ഇവിടുത്തെ ചരിത്രം കേൾക്കലും ഒക്കെ ഉൾപ്പെട്ടതാണ് പാക്കേജ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ