പാലായിലെ പൊലീസും ആക്‌ടിവിസ്‌റ്റും
August 4, 2017, 3:15 pm
ആർ.​സുമേഷ്
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനായ വേണുഗോപൻ ഒരുക്കിയ 'സർവോപരി പാലാക്കാരൻ' എന്ന സിനിമ സമകാലീന സംഭവങ്ങളെ മാംസക്കച്ചവടം എന്ന വിപത്തിലേക്ക് കോർത്തിണക്കി ഒരുക്കിയ ഒന്നാണ്. കേട്ടുമറന്ന കഥകളാണെങ്കിൽ കൂടി പ്രമേയത്തിലെ അവതരണരീതി കൊണ്ട് മികച്ചു നിൽക്കുന്ന ഒന്നാണ് ഈ സിനിമ.

സിനിമയുടെ പേരു പോലെ തന്നെ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ സ്‌പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്‌ടർ ജോസ് കൈതപ്പറന്പിലി(അനൂപ് മേനോൻ)​ന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെയാണ് സിനിമ അനാവരണം ചെയ്യുന്നത്. തൃശൂരിലെ ഒരു സെക്‌സ് റാക്കറ്റിന്റെ മുഖ്യകണ്ണിയെ തേടി ഇറങ്ങുന്ന ജോസിന് മുന്നിൽ ആക്ടിവിസ്‌‌റ്റും തീയേറ്റർ ആർട്ടിസ്‌റ്റുമായ അനുപമ നീലകണ്‌ഠൻ (അപർണ ബാലമുരളി)​ എന്ന പെൺകുട്ടി വന്നുപെടുന്നതും തുടർന്നുണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ആകെത്തുക.

പൊലീസിൽ നിന്ന് ആക്ടിവിസ്‌റ്റിലേക്ക്
ആദ്യപകുതിയിൽ ജോസ് എന്ന് സി.ഐയിൽ തുടങ്ങി പിന്നെ അനുപമ എന്ന ആക്ടിവിസ്‌റ്റിലേക്ക് സിനിമ കേന്ദ്രീകരിക്കപ്പെടുകയാണ്. കേസന്വേഷണത്തിന്റെ ഇടയിൽ പലപ്പോഴും ഏറ്റുമുട്ടേണ്ടി വരുന്നുണ്ട് ഇവർക്ക്. തമാശയും അതോടൊപ്പം ഗൗരവമായ തരത്തിലുമാണ് ആദ്യപകുതിയിൽ കഥ മുന്നോട്ട് പോവുന്നത്. അലൻസിയറും ബാലു വർഗീസും ചേർന്നാണ് പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന തമാശയുടെ വകുപ്പേറ്റെടുത്തിരിക്കുന്നത്.

സെക്‌സ് റാക്കറ്റിന്റെ മുഖ്യകണ്ണിയെ കണ്ടെത്താനുള്ള അന്വേഷണമാണ് രണ്ടാം പകുതി. അവിടെയാണ് അനുപമ എന്ന കഥാപാത്രത്തിന്റെ ബഹുമുഖ സ്വഭാവവും സംവിധായകൻ അനാവരണം ചെയ്യുന്നത്. സി.ഐയും അനുപമയും തേടുന്ന ആ പ്രധാന കണ്ണി ആരാണെന്നതും എന്താണെന്നതും തീയേറ്ററിൽ നിന്ന് തന്നെ കണ്ടറിയണം.

എൻഗേജിംഗായ തിരക്കഥയാണ് സിനിമയുടെ മറ്റൊരു സവിശേഷത. കേവലം ഒരു സെക്സ് റാക്കറ്റ് കേസ് അന്വേഷിക്കുന്ന സാധാരണ ഗതിയിലുള്ള പൊലീസ് കഥയായി സിനിമയെ മാറ്റാതിരുന്നതാണ് തിരക്കഥാക്കൃത്തായ സുരേഷ് ബാബു (ശിക്കാറിന് തിരക്കഥ ഒരുക്കിയത് സുരേഷാണ്)​വിന്റെ വിജയം. ദുരൂഹതയുടെ ചുരുളഴിക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ കഥയിൽ ചെറിയ ചെറിയ ട്വിസ്‌റ്റുകൾ കൊണ്ടുവന്ന് പ്രേക്ഷകരെ അന്പരിപ്പിക്കാനും തിരക്കഥാക്കൃത്തിന് കഴിഞ്ഞിരിക്കുന്നു. സമീപകാലത്ത് ഏറെ ചർച്ചാ വിഷയമായ ചുംബന സമരവും വനിതാ ആക്ടിവിസങ്ങളുമെല്ലാം സിനിമയിൽ പല ഫ്രെയിമുകളിലായി വന്നുപോകുന്നുണ്ട്. പുരുഷ കേന്ദ്രീകൃത പ്ളോട്ടിൽ നിന്ന് സ്ത്രീ കേന്ദ്രീകൃത പ്ളോട്ടിലേക്ക് സിനിമ മാറുന്നതും കാണാം. ചുരുങ്ങിയ കാലം കൊണ്ട് യുവതീ- യുവാക്കൾക്ക് പ്രിയപ്പെട്ടതായി മാറിയ ഊരാളി ബാൻഡിന്റെ ടൈറ്റിൽ ഗാനവും സിനിമയ്ക്ക് ശ്രവ്യമിഴിവേകുന്നു.

പൊലീസാണെങ്കിലും തനി യാഥാസ്ഥിതിക വിശ്വാസിയുടെ വേഷത്തിലാണ് അനൂപ് മേനോൻ സിനിമയിൽ എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം അനൂപ് നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. തന്റെ സിനിമാ കരിയറിൽ വീണ്ടും ഒരിക്കൽ കൂടി കാക്കി അണിയുന്ന അനൂപ് മേനോൻ പതിവ് ഭാവാഭിനയത്തിന്റെ പുറംതോട് പൊട്ടിച്ചെറിഞ്ഞ് കസറാൻ ശ്രമം നടത്തിയിട്ടുണ്ടെന്നത് ആശാവഹമാണ്. എന്നാൽ,​ വിവാഹിതനാവാൻ ഒരുങ്ങുന്ന പൊലീസുകാരന്റെ മനസ് ചിലപ്പോഴെങ്കിലും അനുപമയിൽ കുടങ്ങിപ്പോകുന്നുണ്ട്.

ആക്ടിവിസ്‌റ്റ് അപർണ ബാലമുരളി
അപർണ ബാലമുരളിയെ സംബന്ധിച്ചടത്തോളം കരിയറിലെ ഏറ്റവും മികിച്ച വേഷങ്ങളിലൊന്നായിരിക്കും ഈ സിനിമയിലേത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ജിംസി എന്ന നാടൻ പെൺകുട്ടിയിൽ നിന്ന് ബോൾഡായ ആക്ടിവിസ്‌റ്റ് - തീയേറ്റർ ആർട്ടിസ്‌റ്റുമടക്കമുള്ള ബഹുമുഖ സ്വഭാവമുള്ള കഥാപാത്രമായി അനായാസമായാണ് അപർണ മാറുന്നത്. ജിംസി എന്ന കഥാപാത്രത്തിന്റെ നിഴൽ പോലും കാണാനാവില്ലെന്നതാണ് അപർണയെ വേറിട്ടു നിറുത്തുന്നത്. സ്വാഭാവികാഭിനയത്തിന്റെ വിവിധ തലങ്ങളാണ് അപർണയിലൂടെ സ്ക്രീനിൽ മിന്നിമറയുന്നത്.

രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച അനു സിത്താരയ്ക്ക് പക്ഷേ ഈ സിനിമയിൽ കാര്യമായൊന്നും ചെയ്യാനില്ല. മണിസാമിയുടെ വേഷത്തിലെത്തുന്ന നന്ദുവും തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. മിനിസ്ക്രീനിലെ പരസ്‌‌പരം എന്ന സീരിയലിലെ ഐ.പി.എസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗായത്രി അരുണിന് ഇത് മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ്. അതിഥി വേഷമാണെങ്കിലും പൊലീസ് സൂപ്രണ്ടായ ചന്ദ്രയുടെ വേഷത്തിൽ ഗായ ത്രിയും സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. വിജയകുമാർ,​ ചാലി പാല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

കൊച്ചിയുടേയും വാൽപ്പാറയുടേയും വാഗമണിന്റേയും സൗന്ദര്യമൊക്കെ ചോരാതെ തന്നെ ഛായാഗ്രാഹകൻ പകർത്തിയിട്ടുണ്ട്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം അത്ര മികച്ചതൊന്നുമല്ല. 135 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. അനാവശ്യമായ ചില രംഗങ്ങൾ സിനിമയിലുണ്ട്. അവ ഒഴിവാക്കിയിരുന്നെങ്കിൽ ദൈർഘ്യം ഇനിയും കുറയ്ക്കാമായിരുന്നു.

വാൽക്കഷണം: നിരാശപ്പെടുത്തില്ല
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ