ആക്ഷേപഹാസ്യത്തിന്റെ മേന്പൊടിയുമായി 'വർണ്യത്തിൽ ആശങ്ക'
August 4, 2017, 10:24 pm
ആർ.​സുമേഷ്
കള്ളന്മാരില്ലാത്ത ലോകമില്ല. നമ്മുടെ ഇടയിലുമുണ്ട് കള്ളന്മാർ. ലോക്കൽ കള്ളന്മാരിൽ തുടങ്ങി ആനക്കള്ളന്മാരിലവസാനിക്കാത്ത ആ പരന്പരയ്ക്ക് കാലാകാലം കണ്ണികളുണ്ടായിക്കൊണ്ടേയിരിക്കും. ഇതുപോലുള്ള ലോക്കൽ കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ലാൽ ജോസിന്റെ 'മീശമാധവൻ'. ചേക്കിലെ കള്ളൻ മോഷ്ടിക്കുന്ന സാധനങ്ങൾ ചേക്ക് വിട്ട് പുറത്ത് പോവാറില്ലെന്ന,​ ആ സിനിമയിലെ ദിലീപിന്റെ ഡയലോഗ് പോലും മലയാളികൾ മറന്നിട്ടില്ല.

'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയ്ക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'വർണ്യത്തിൽ ആശങ്ക' എന്ന സിനിമയും അത്തരത്തിൽ കള്ളന്മാരുടെ കഥ പറയുന്ന സിനിമയാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ,​ ലോക്കൽ കള്ളന്മാരിൽ കൂടി ആനക്കള്ളന്മാരിലേക്ക് വിരൽ ചൂണ്ടുന്ന ആക്ഷേപഹാസ്യ സിനിമ. അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കരാ: എന്ന സിനിമയോട് ചില സാമ്യതകളും ഈ ചിത്രത്തിന് കാണാം.

കള്ളനെ കൊള്ളയടിക്കുന്ന 'കള്ള'ക്കഥ
തൃശൂർ ജില്ലയിലെ ഉൾനാടൻ ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. കവട്ട ശിവൻ (കുഞ്ചാക്കോ ബോബൻ) ആണ് അവിടത്തെ ആസ്ഥാന കള്ളൻ. പുള്ളീടെ പേരിൽ ഏഴെട്ട് കേസുകളുമുണ്ട്. എല്ലാം പിടിക്കപ്പെട്ടെങ്കിലും നൈസായങ്ങ് ഊരും. പിന്നെ ശിവൻ ചിരിക്കാറില്ല. എന്നുമാത്രമല്ല,​ കൂടെ നിൽക്കുന്നവനോട് പെട്ടെന്ന് കേറിയങ്ങ് കലിക്കുകയും ചെയ്യും. പാർട്ടിക്കാരനായ സ്വന്തം ചേട്ടനോടു പോലും കൊരുത്തേ സംസാരിക്കാറുള്ളൂ. ചെമ്പൻ വിനോദ് (വിൽസൻ)​,​ മണികണ്ഠൻ​,​ ഷൈൻ ടോം ചാക്കോ (പ്രതീഷ്)​ എന്നിവരാണ് മറ്റു കള്ളന്മാർ. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഇവർ ചേർന്ന് ഒരു ജൂവലറി കൊള്ളയടിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ശേഷം ഭാഗം.

ആദ്യ പകുതിയിൽ കള്ളന്മാരുടെ ലീലാവിലാസങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പലയിടത്തു നിന്നായി എത്തിയ കള്ളന്മാർ ഒത്തുചേർന്നൊരു ഓപ്പറേഷൻ. ഇവരൊക്കെ മോഷണം തൊഴിലാക്കിയവരല്ല. തൊഴിൽ ചെയ്യാൻ മടിയായതു കൊണ്ട് നിത്യച്ചെലവിനായി മോഷണം തൊഴിലായി സ്വീകരിച്ചതാണ്.

ആനക്കള്ളന്മാർക്കു നേരെയുള്ള ചൂണ്ടുവിരൽ
ആക്ഷേപഹാസ്യത്തിന്റെ രൂപത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഞങ്ങളൊക്കെ ചെറിയ കള്ളന്മാരാണെന്നും ഇതിലും വലിയ കള്ളന്മാർ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും രൂപത്തിൽ സമൂഹത്തിലുണ്ടെന്ന് സിനിമ ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമയിലെ ഐ.എൻ.എസ്.പിയും ഇതൊന്നും റാഡിക്കലായ മാറ്റമല്ല എന്നു പറഞ്ഞു പോയ ശങ്കരാടിയും ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര നടനമ്മാരായ ബോബി കൊട്ടാരക്കരയുമൊക്കെ ഈ സിനിമയിൽ ചുവരിൽ പതിച്ച ചില്ലുചിത്രങ്ങളായി പുനർജനിക്കുന്നുണ്ട്. രാഷ്ട്രീയം,​ രാഷ്ട്രീയ കൊലകൾ,​ ഹിന്ദുത്വം,​ കൊലപാതക രാഷ്ട്രീയം,​ നോട്ട് നിരോധനം,​ ഹർത്താൽ, ബാർ പൂട്ടൽ, കള്ളപ്പണം തുടങ്ങിയവയും സിനിമയിൽ വന്നുപോകുന്നു.

തൃശൂർ ഗോപാൽജിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഉൾനാടൻ ഗ്രാമത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാന്പത്തിക സ്ഥിതിയെ തനി ലോക്കലായി തന്നെ തിരക്കഥാകൃത്ത് സിനിമയിലേക്ക് പറിച്ചു നട്ടിരിക്കുന്നു. കഥാപാത്രങ്ങൾക്ക് ഡയലോഗ് നൽകിയിരിക്കുന്നതും അതേരീതിയിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളും ഹർത്താലുകളും വേണ്ട എന്ന ജനങ്ങളുടെ കാഴ്‌ചപ്പാടും സിനിമ മുന്നോട്ട് വയ്ക്കുന്നു.

പൂട്ടിപ്പോയ ബാറിലെ തൊഴിലാളിയായി എത്തുന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ദയാനന്ദൻ സിനിമയുടെ നെടുംതൂണായി മാറുന്നതും കാണാം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്കു ശേഷം പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന സുരാജിന്റെ മറ്റൊരു കഥാപാത്രമായിരിക്കും ദയാനന്ദൻ എന്ന കാര്യത്തിൽ ത‌ർക്കമുണ്ടാവില്ല. പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരാജിന്റെ ഭാര്യയായി എത്തുന്ന രചനാ നാരായണൻ കുട്ടിയാണ്. എന്നാൽ,​ രചനയുടെ അഭിനയം കൃത്രിമത്വം നിറഞ്ഞതാണെന്നാണ് പോരായ്‌മ. പ്രതീഷിന്റെ കാമുകിയായി ആദ്യം ശബ്ദസാന്നിദ്ധ്യമായും പിന്നീട് ഒറ്റ സീനിലെ ദൃശ്യ സാന്നിദ്ധ്യമായി ഗായത്രി സുരേഷും എത്തുന്നു.

തൃശൂരിലെ വിദൂരഗ്രാമത്തിന്റെ സൗന്ദര്യം ഒട്ടുംചോരാതെ തന്നെ കാമാറാമാൻ പകർത്തിയിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിക്കുന്നതായി.

വാൽക്കഷണം: വീണ്ടുമൊരു കള്ള(ന്മാരുടെ)​കഥ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ