സർക്കാർ ഓഫീസിലാണ് ജോലി ഒപ്പും ശമ്പളവും ഇല്ല
August 5, 2017, 9:32 am
ജയപ്രകാശ് തേനാക്കുഴി
ബാലുശ്ശേരി: താനത്തിൽ ബാലകൃഷ്ണൻനായരെ ഇങ്ങനെ വിളിക്കാം. ശമ്പളമില്ലാത്ത ഉദ്യോഗസ്ഥൻ! വയസ്സ് 87 ആയെങ്കിലും ഇന്നും ലീവെടുക്കാതെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നു. ഒരിടത്തും രജിസ്റ്ററിൽ പേരില്ല. ഒപ്പും വെയ്ക്കാറില്ല. കാലത്ത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലായിരിക്കും. രോഗികൾക്ക് ഒ.പി. ചീട്ട് നല്കൽ. ഉച്ചയ്ക്ക് ശേഷം പനങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക്. അവിടെ അപേക്ഷാ ഫോറങ്ങൾ പൂരിപ്പിക്കലും ഉദ്യോഗസ്ഥരെ സഹായിക്കലും. മറ്റു ചിലപ്പോൾ വില്ലേജ് ഓഫീസുകളിൽ. ബാലകൃഷ്ണൻനായരെ ജില്ലാ ഭരണകൂടവും അംഗീകരിച്ചിട്ടുണ്ട്. ഏതു സർക്കാർ ഓഫീസിലും കയറിച്ചെന്ന് സൗജന്യ സേവനം ചെയ്യാനുള്ള സർട്ടിഫിക്കറ്റ് നൽകിയായിരുന്നു ഇൗ അംഗീകാരം.

1950 കളിൽ ഡൽഹിയിൽ ടൈംസ് ഒഫ് ഇന്ത്യയിൽ സ്റ്റെനോഗ്രാഫറായിരുന്നു. പിതാവ് കുറുമ്പ്രനാട് കൊളപ്പുറം കോവിലകത്ത് കേരള വർമ്മ രാജയുടെ മരണത്തോടെ ഡൽഹിയിലെ ജോലി ഉപേക്ഷിച്ചു വീട്ടിലെത്തി. തുടർന്ന് അഞ്ച് വർഷം കൃഷിപ്പണി. ഇങ്ങനെ അടുക്കളപ്പുറത്ത് കഴിഞ്ഞാൽ പോരെന്നും പുറമേ ഇറങ്ങി ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അമ്മ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞത് ജീവിതം മാറ്റി മറിച്ചു. നേരെ പോയത് ഉണ്ണികുളം കൃഷി ഓഫീസിൽ. സന്നദ്ധസേവകനായി.1970-ലായിരുന്നു അത്.

സർക്കാർ ഓഫീസുകളിൽ എത്തുന്നവരെ സഹായിക്കൽ മാത്രമല്ല ബാലകൃഷ്ണൻ നായരുടെ ജോലി. പനങ്ങാട്ടെ 10 കുടുംബങ്ങൾക്ക് 12 സെൻറ് മുതൽ 25 സെൻറ് ഭൂമി വരെ സൗജന്യമായി നല്കിയിട്ടുണ്ട്. കൂടാതെ കൃഷി ഭവൻ, ഹോമിയോ ഡിസ്പൻസറി, ബസ്സ് സ്റ്റോപ്പ്, വായനശാല, കുടിവെള്ള പദ്ധതിക്കായി കിണർ തുടങ്ങി പലതിനും അഞ്ച് സെന്റ് വീതം സ്ഥലം സൗജന്യമായി നല്കിയിട്ടുണ്ട്. ഏതാണ്ട് ഒന്നര ഏക്കറോളം ഭൂമിയാണ് ഇങ്ങനെ നൽകിയത്.

ജനസേവനത്തിന് തടസ്സമാകുമെന്ന് കരുതി വിവാഹവും കഴിച്ചില്ല. പഴയ ഇന്റർമീഡിയറ്റാണ് ആൾ. കൂടാതെ ഷോർട്ട് ഹാൻ്റ് ലോവർ, ടൈപ്പ് റൈറ്റിംഗ് ഹയർ എന്നിവയും പഠിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്തിന് അടുത്തുതന്നെയാണ് ബാലകൃഷ്ണൻ നായരുടെ ഐശ്വര്യയെന്ന വീട്. ബ്രിട്ടീഷ് ഗവ. കാലത്ത് ഏർപ്പെടുത്തിയ മാലിഖാൻ ഇനത്തിൽ 2400 രൂപ വർഷത്തിൽ ലഭിക്കും. കൂടാതെ കർഷക പെൻഷൻ 1000 രൂപയും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ