ബുള്ളറ്റിൽ കറങ്ങുന്ന ആത്മാവിന് ഒരു ക്ഷേത്രം
August 6, 2017, 10:22 pm
ഇന്ത്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോൾ മിത്തുകളുടെ ഒരു കൂടാരം തന്നെ നമുക്ക് അറിയാൻ സാധിക്കും. യാഥാർത്ഥ്യ ബോധത്തിന് ഉൾക്കൊള്ളാനോ വിശ്വസിക്കാനോ പറ്റാത്ത കെട്ടുകഥകൾ പക്ഷേ ഒരു സമൂഹത്തിന്റെ ഏറ്റവും മഹത്തായ വിശ്വാസങ്ങളിൽ ഒന്നായിരിക്കും. ഇത്തരം വിശ്വാസങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ജോധ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന 'ബുള്ളറ്റ് ബാബ ക്ഷേത്രം'.

20 വർഷങ്ങൾക്ക് മുമ്പ് ഇവിടെ മരണപ്പെട്ട ഒാം ബന്നയ്ക്ക് വേണ്ടി നിർമിച്ചതാണ് ബുള്ളറ്റ് ക്ഷേത്രം. തന്റെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഓം സിംഗ് റാത്തോർ പാലി- ജോധ്പൂർ പാതയിലെ റോഹത്ത് എന്ന പ്രദേശത്ത് നിന്നും ബെെക്കിന്റെ നിയന്ത്രണം വിട്ട് 20 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ റാത്തോർ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത് നിന്നും അയാളുടെ ബെെക്കും പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പ്രകാരമാണ് അയാളുടെ പേര് ഓം സിംഗ് റാത്തോറാണെന്ന് മനസിലായത്.

അപകടത്തിൽ പെട്ട ബെെക്ക് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് തൊട്ടടുത്ത ദിവസം ബെെക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷമായി അപകടം നടന്ന സ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തി. ആരോ ബെെക്ക് മോഷ്ടിച്ചെന്ന ധാരണയിൽ പൊലീസ് വീണ്ടും ബെെക്ക് സ്റ്റേഷനിൽ കൊണ്ട് വന്നു. തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ബുള്ളറ്റ് ഇനി ആരും കടത്തിക്കൊണ്ടു പോകരുതെന്നു കരുതി അതിലെ പെട്രോൾ മുഴുവൻ ഊറ്റിയ ശേഷം ചങ്ങലയും പൂട്ടും ഇട്ട് ഭദ്രമായി പൂട്ടി വച്ചു. എന്നാൽ അത് കൊണ്ടും ഫലമുണ്ടായില്ല. ബെെക്ക് വീണ്ടും അപ്രത്യക്ഷമാവുകയും അപകടം സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്‌തു.

അതോടെ ഗ്രാമവാസികളുടെ മനസിൽ ഒരു വിശ്വാസം ജനിക്കുകയായിരുന്നു. റാത്തോറിന്റെ ആത്മാവ് ആ ബെെക്കിലുണ്ടെന്ന വിശ്വാസം. റാത്തോർ അപകടത്തിൽ പെട്ട സ്ഥലത്ത് നിന്ന് തന്നെ മറ്റൊരാൾ അപകടത്തിൽ പെടുകയും അയാൾക്ക് സഹായം ചെയ്തത് റാത്തോർ ആണെന്നുമുള്ള കഥകൾ പടർന്നതോടെ സമീപവാസികളുടെ വിശ്വാസം വർദ്ധിച്ചു. തുടർന്ന് പതിയെ റാത്തോറിന്റെ പേരിൽ അവിടെ ഒരു ക്ഷേത്രമുയർന്നു. ഓം സിംഗ് റാത്തോർ 'ഓം ബന്ന' എന്ന് അറിയപ്പെടാൻ തുടങ്ങി.കൂടാതെ മറ്റു ചിലർ അദ്ദേഹത്തെ 'ബുള്ളറ്റ് ബാബ' എന്നും വിളിച്ചു.

ഇന്ന് ബാബ ക്ഷേത്രം ആരാധനാലയവും രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. ഇപ്പോൾ ഓം ബന്നയുടെ ബുള്ളറ്റിന് ഗ്‌ളാസ് കൊണ്ട് ഒരു സംരക്ഷണ കവചവും ഒരുക്കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും പൂജകളും പ്രാർത്ഥനകളും ഇവിടെ നടക്കുന്നു. ഓം ബന്നയുടെ വണ്ടി ഇടിച്ചതെന്ന് വിശ്വസിക്കുന്ന മരവും സംരക്ഷിച്ചു നിർത്തിയിട്ടുണ്ട് ഇവിടെ. ബുള്ളറ്റ് ബാബ സത്യമായാലും മിഥ്യയായാലും ഇവിടുത്തുകാർക്ക് തങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന ശക്തിയാണത്...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ