ഈ ചിറുകകൾ എനിക്ക് സന്തോഷം തരുന്നു
August 6, 2017, 9:23 am
അഞ്ജലി വിമൽ
മുപ്പതുവർഷമായി മലയാളികളുടെ അരികിലുണ്ടായിരുന്ന നടനാണ് വെട്ടുകിളി പ്രകാശ്. എന്നിട്ടും ആൾക്കൂട്ടത്തിനു നടുവിലൊന്നും അദ്ദേഹത്തെ അധികമാരും കണ്ടിട്ടില്ല. എവിടെയായിരുന്നുവെന്ന് ചോദിച്ചാൽ നിറഞ്ഞ ചിരിയാണ് മറുപടി. നമുക്കു ചുറ്റും, നമ്മളിലൊരാളായി അദ്ദേഹവും ഇവിടെയുണ്ടായിരുന്നു. ആശിച്ച രീതിയിലൊരു കഥാപാത്രം തേടിയെത്താത്തതും അല്പം അകലം കൂട്ടിയെന്ന് പറയുമ്പോൾ എവിടെയോ ഒരു സങ്കടം മുഖപടം നീക്കിയതു പോലെ. പ്രകാശിലെ നടനെ തിരിച്ചറിയാൻ മലയാളികൾക്ക് കാത്തിരിക്കേണ്ടി വന്നത് ചെറിയൊരു കാലയളവല്ല. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' കണ്ടിറങ്ങുമ്പോൾ പ്രേക്ഷക മനസിൽ സ്ഥാനമുറപ്പിച്ചിരിക്കും പ്രകാശിന്റെ ശ്രീകണ്ഠനും.

'' തൊണ്ടിമുതൽ എന്ത് സമ്മാനിച്ചുവെന്ന് വാക്കുകളിലൂടെ പറയാൻ എനിക്ക് അറിയില്ല. ആ ടീം.. അതൊരു നല്ല ടീമാണ്. നല്ല കുട്ടികൾ. അവരെ വേണം മലയാളത്തിനും മലയാള സിനിമക്കും. ഒരുപാട് കാര്യങ്ങൾ അവർക്ക് ചെയ്യാനുണ്ട്. എവിടെയോ നഷ്ടമായ മലയാള സിനിമയെ ഇനി തിരിച്ചു പിടിക്കുക ഇവരൊക്കെയാകും. ''

മൂന്ന് പതിറ്റാണ്ടുകൾക്കു മുമ്പുള്ള മലയാള സിനിമയിൽ നിന്ന് ഇന്നത്തെ സിനിമയ്ക്ക് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ പ്രകാശിന്റെ മുഖത്ത് അഭിമാനമാണ്. ഇത് കുറച്ചുകൂടി നേരത്തേ സംഭവിക്കേണ്ടതായിരുന്നുവെന്ന പക്ഷക്കാരനാണ് പ്രകാശ് എന്ന പ്രകാശേട്ടൻ.

'' മലയാളികളുടെ കാഴ്ച സംസ്‌കാരത്തിന് മാറ്റം കൊണ്ടു വരാൻ കച്ച കെട്ടിയിറങ്ങിയ ഒരു ടീമാണിത്. അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ആ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്. ദിലീഷ്, രാജീവ് രവി, ശ്യാം പുഷ്‌കർ, സജീവ് പാഴൂർ ഇവരെയൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അവരെയൊന്നും ഒരു പരിചയവുമുണ്ടായിരുന്നില്ല. വളരെയധികം കഴിവുള്ള ആൾക്കാരാണ്. എല്ലാർക്കും കൃത്യമായ ഐഡിയ ഉണ്ടായിരുന്നു എന്താണ് വേണ്ടതെന്ന്. അതാണ് ചിത്രത്തിന്റെ വിജയം. നല്ല സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടായ പരിശ്രമം യൂണിറ്റിലെ എല്ലാ വിഭാഗം പ്രവർത്തകരിലും പ്രകടമായിരുന്നു. എല്ലാ അർത്ഥത്തിലും അതവരുടെ സിനിമയായിരുന്നു. കഥ കേൾക്കാനായി ചെന്നപ്പോൾ എന്നോട് പറഞ്ഞത് രണ്ട് പെൺകുട്ടികളുടെ അച്ഛൻ ആണ്, ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്ന ഒരാൾ. എന്നാൽ അല്പം തറവാടിത്തമൊക്കെയുള്ള, പുതിയ കാലത്തിന്റെ ചിന്തകളെ അത്ര അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സാധാരണക്കാരൻ. അത്രയൊക്കെയേ പറഞ്ഞു തന്നിട്ടുള്ളൂ. അതിന് ഇത്രയും ഡെപ്തുണ്ടായിരുന്നുവെന്ന് എനിക്കും അറിയില്ലായിരുന്നു. എന്നിട്ടും അവർക്ക് വേണ്ടുന്നത് അവര് എന്നെ കൊണ്ട് ചെയ്യിച്ചു എന്നാണ് തോന്നുന്നത്. കല എല്ലാരുടെയും ജീവിതത്തിനൊപ്പം ഇഴുകി ചേർന്ന ഒന്നാണ്. കല വേറെ ജീവിതം വേറെയെന്ന് മാറ്റി നിറുത്താൻ കഴിയില്ല. ഞാൻ മനസിലാക്കിയതും പഠിച്ചതും അങ്ങനെയാണ്. സിനിമ എന്ന മാധ്യമത്തിലൂടെ, അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ കണ്ടെത്താൻ ശ്രമിക്കുന്നത് എന്തോ അത് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന ഒരു പ്രക്രിയയായിട്ടാണ് എനിക്ക് ആ ലൊക്കേഷനിൽ തോന്നിയത്. അതിനെ ഷൂട്ടിംഗ് എന്ന് പറയാനാകില്ല. ഷൂട്ട് ചെയ്യുമ്പോഴൊന്നും ഇത് ഇത്തരത്തിലുള്ള ഒരു സിനിമയായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമ മുഴുവൻ തീയേറ്ററിൽ കാണുമ്പോഴാണ് എത്ര വലിയ കഥയാണ് ചിത്രം പറയുന്നതെന്ന് തിരിച്ചറിഞ്ഞത്.

സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് പ്രകാശേട്ടനെന്ന് തോന്നിയാൽ അതിൽ അല്പം പോലും അത്ഭുതപ്പെടേണ്ടതില്ല. സിനിമയെ അത്രത്തോളം സ്വപ്നം കണ്ട, ഇഷ്ടപ്പെട്ടിരുന്ന ഒരാൾക്ക് അങ്ങനെയാകാനല്ലേ കഴിയൂ.

'' മോഹൻ സാറായിരുന്നു ആദ്യമായി സിനിമയിലേക്ക് അവസരം നൽകിയത്. 'തീർത്ഥം' എന്ന സിനിമയിൽ. അദ്ദേഹത്തിൽ നിന്ന് തുടക്കം കുറിക്കാനായത് ഭാഗ്യമായിട്ടാണ് ഇപ്പോഴും കരുതുന്നത്. 'ഇസബെല്ല' യിലും അദ്ദേഹം എനിക്ക് അവസരം നൽകി. അദ്ദേഹത്തിന്റെ മേക്കിംഗ്, ശ്രദ്ധ അതൊന്നും പിന്നെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. സംവിധായകൻ നടത്തുന്ന ഒരു അന്വേഷണമാണ് ആ സിനിമ. വർഷങ്ങൾക്കിപ്പുറം അതേ തീ ഞാൻ കാണുന്നത് ഈ കുട്ടികളിലാണ്. അവരുടെ രീതി, നീക്കങ്ങൾ, സമീപനം എല്ലാം വ്യത്യസ്തമാണ്. അവർക്കൊപ്പം നിൽക്കുമ്പോൾ നഷ്ടപ്പെട്ടത് എന്തൊക്കെയോ അത് തിരിച്ചുവരുന്നുവെന്ന് തോന്നുന്നുണ്ട്. അത് തോന്നൽ മാത്രമല്ല, ശരിയാണ് യാഥാർത്ഥ്യമാണ്. ഇത് കാലഘട്ടത്തിന്റെ മാറ്റമല്ല, ആളുകളുടെ സമീപന രീതിയിലെ മാറ്റം കൂടിയാണ്. പിന്നിൽ പ്രവർത്തിക്കുന്നവരും അങ്ങനെയാണ്. ഇവരൊക്കെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ വലിയ ചാരിതാർത്ഥ്യം ഉണ്ട്. നമ്മളിൽ നിന്ന് എന്താണ് അവർക്ക് വേണ്ടുന്നത്, അത് അവർക്ക് നമ്മൾ പോലും അറിയാതെ എടുക്കാനറിയാം.

മോഹൻ സാറിന്റെ സംവിധാന രീതി. അത് പിന്നീട് അനുഭവപ്പെട്ടിട്ടില്ല. ആ ഒരു ആത്മാർത്ഥത വ്യഗ്രത ... ഒക്കെ ആ ഗ്രൂപ്പിനുണ്ട്. മറ്റേത്, ഒരാളുടെ മാത്രം വിഷയമാണ്. ഇത് സിനിമയുടെ സമസ്ത മേഖലകളിലും ഒരേ ഇന്റൻസിറ്റിയോടെ നിൽക്കുകയാണ്. അത് സംവിധായകന്റെ നേട്ടമാണ്. ഇത്രയും അധികം വ്യക്തികളെ ഒരേ നൂലിൽ കോർത്തു നിറുത്തുക എന്നത് അസാമാന്യ പ്രതിഭാസമാണ്. ഇവരൊക്കെ പ്രവർത്തിക്കുന്നത് പുറത്തേക്ക് മാത്രമല്ല അവരവരുടെ ഉള്ളിലേക്ക് കൂടിയാണ്. ''

ചുരുങ്ങിയ വർഷത്തിനിടയിൽ മലയാളികളുടെ ആസ്വാദനരീതിക്കുണ്ടായ മാറ്റവും ചെറുതല്ലെന്ന് പ്രകാശേട്ടൻ പറയുന്നുണ്ട്. ഒരുകാലത്ത് ശക്തമായ തിരക്കഥയായിരുന്നു മലയാള സിനിമയുടെ കൈ മുതൽ. എന്നാൽ പിന്നീടതിന് കാര്യമായ മാറ്റം വന്നു. അതോടെ സിനിമയിലും കാര്യമായ മൂല്യശോഷണം സംഭവിച്ചുവെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്.

ഇവിടെയൊരു ശുഷ്‌കിച്ച ആസ്വാദന സംസ്‌കാരമാണുണ്ടായിരുന്നത്. അത് മാറണം. പ്രേക്ഷകരുടെ മൈൻഡ് സെറ്റ് തന്നെ മാറ്റിയ സിനിമയാണ്. ഉള്ളില്ലാത്ത, മനസില്ലാത്ത ഒരുപാട് വേഷങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള കഥാപാത്രം വ്യാജമാണ്. അതോടെ കാണാൻ ചെല്ലുന്ന പ്രേക്ഷകർക്ക് മൂല്യശോഷണം വന്നു. അത് തിരിച്ചുകൊണ്ടുവരാനുള്ള ആവേശം ഞാൻ ഇവരിൽ കാണുന്നുണ്ട്. കലാകാരൻ സമൂഹത്തിനോട് കമ്മിറ്റഡ് ആണ്. അവന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലുള്ള സംതൃപ്തി വലുതാണ്. അതിപ്പോൾ എനിക്കും കിട്ടുന്നുണ്ട്. അത് ഈ ടീമിനൊപ്പം ചേരാൻ പറ്റിയതിന്റെ സന്തോഷം കൂടിയാണ്.

പഴയകാലത്തിൽ നിന്ന് സിനിമ ഒരുപാട് മാറിയിട്ടുണ്ട്. തൊണ്ടിമുതലിന്റെ കഥ പറച്ചിൽ രീതി തന്നെ വ്യത്യസ്തമാണ്. ലോക നിലവാരത്തിലേക്ക് ഉയരുന്ന പോലെയാണ് സിനിമ തുടക്കം തൊട്ട് ഒടുക്കം വരെ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണ രീതികൾ തികച്ചും വ്യത്യസ്തം. പഴയകാല പ്രവർത്തകരുടെ സങ്കല്പത്തിൽ നിന്നൊക്കെ ഈ കുട്ടികൾ എത്രയോ മാറിയിരിക്കുന്നു. ക്രിയേറ്റീവ് സൈഡിലായാലും ടെക്നിക്കൽ സൈഡിലായാലും അവര് നന്നായി പഠിച്ചിരിക്കുന്നു, നല്ല അറിവാണ്. എന്താണ് വേണ്ടതെന്നുള്ളത് എങ്ങനെ എടുക്കണമെന്ന് അവർക്ക് അറിയാം. ധ്വനി പ്രധാനമായിട്ടുള്ള ഒരുപിടി വാക്കുകൾ, സീനുകൾ, നോട്ടങ്ങൾ... വളരെ മനോഹരമായിട്ടാണ് അവരത് ആഖ്യാനം ചെയ്തിരിക്കുന്നത്. ഇത് രണ്ടോ രണ്ടരയോ മണിക്കൂറിൽ അവസാനിക്കില്ല. തുടർന്നു കൊണ്ടേയിരിക്കും. ഒരു കല ഉദാത്തമായ സൃഷ്ടി ആവുന്നതും അതുകൊണ്ടാണ്. നല്ല കലയ്ക്ക് പരിണാമം സംഭവിച്ചു കൊണ്ടേയിരിക്കും.

സിനിമയ്ക്ക് മുന്നേ നാടകമായിരുന്നു പ്രകാശേട്ടന്റെ ജീവനും ശ്വാസവും. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ തുടങ്ങിയ കൂട്ട്. അഭിനയത്തിന്റെ എല്ലാ പാഠങ്ങളും പഠിക്കണമെന്ന വാശിയോടെ സ്‌കൂൾ ഓഫ് ഡ്രാമയിൽ എത്തി. ആ ഓർമ്മയും അദ്ദേഹം പങ്കുവച്ചു. '' നാടകം കുട്ടിക്കാലത്തേ മനസിലുണ്ടായിരുന്നു. അന്ന് അദ്ധ്യാപകർ തന്നെയാണ് അത് പ്രോത്സാഹിപ്പിച്ചതും. വീട്ടിൽ നിന്നും പക്ഷേ അത്ര പ്രോത്സാഹനം കിട്ടിയിരുന്നില്ല. പാടത്തും പറമ്പിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെയായിരുന്നു അന്നെല്ലാം റിഹേഴ്സൽ നടത്തിയത്. ഒടുവിൽ നാടകത്തോട് വല്ലാത്തൊരു അഭിനിവേശമായി. അങ്ങനെ ഇരുപത്തിയാറാമത്തെ വയസിൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ എത്തി. പഠിത്തം കഴിഞ്ഞ് പുറത്തിറങ്ങിയവരിൽ പലരും കടുത്ത നിരാശയിലായി പോയിട്ടുണ്ട്. അവിടത്തെ ചിന്തകളും ആശയങ്ങളും രാഷ്ട്രീയവുമൊക്കെ വ്യത്യസ്തമാണ്. പഠനലോകം അല്ലല്ലോ പുറത്തുള്ളത്. ഭാഗ്യം കൊണ്ട് എനിക്ക് ചെറിയ അവസരങ്ങൾ കിട്ടി. എന്നാലും ജീവിക്കാനായി മറ്റു പല ജോലികളും ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഇന്നും അങ്ങനെയൊക്കെ തന്നെയാണ്. ''

പുതിയ തലമുറയെ പലരും വിമർശിക്കുമ്പോൾ അതിൽ നിന്നും മാറിചിന്തിക്കുന്നൊരാളാണ് പ്രകാശേട്ടൻ. മാറ്റം എല്ലാ കാലത്തും ഉണ്ടാകാണ്ടേതാണെന്ന അഭിപ്രായക്കാരനും. അത് സിനിമയിൽ മാത്രമല്ല എല്ലാ രംഗത്തും അങ്ങനെയാണെന്നും തുറന്നു പറയുന്നു.

'' പുതിയ കുട്ടികളൊന്നും അത്ര മോശം ആൾക്കാരല്ല. ഒരു ഭൂതകാലത്തിൽ നിന്നേ ഒരു വർത്തമാനകാലം ഉണ്ടാകുന്നുള്ളൂ. മദർ ഫോം പഴയ തലമുറ തന്നെയാണ്. പക്ഷേ അതിലും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്, സോ കാൾഡ് രീതിയിൽ അവർ കുടുങ്ങി പോയിട്ടില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. സത്യത്തിൽ പുതിയ തലമുറയെ വാർത്തെടുക്കാൻ നമ്മൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഒന്നും ചെയ്തിട്ടില്ല. എനിക്ക് ശേഷം പ്രളയം എന്ന രീതിയിൽ മാത്രമാണ് തൊട്ടുമുന്നേയുള്ള തലമുറ പെരുമാറിയിരുന്നത്. അതേ സമയം പഴയ കാലഘട്ടം അങ്ങനെയല്ല, വരും തലമുറയെ കുറിച്ച് അവർ ചിന്തിച്ചിരുന്നു. അവർക്ക് അടുത്ത തലമുറയോട് ഉത്തരവാദിത്തമുണ്ടായിരുന്നു. വ്യാജമായ ചിന്തകൾ, കാഴ്ചപ്പാടുകൾ, ജീവിതം ഇതൊക്കെ ജീവിതത്തിലും തലയിലും കുത്തിനിറച്ച് വന്നിട്ടുള്ള ഒരു തലമുറ പുതിയ തലമുറയെ വിമർശിക്കാനോ അവർക്ക് മാർക്കിട്ടു കൊടുക്കാനോ ആളല്ല. ഇനി ആളായാൽ തന്നെ ഈ കുട്ടികളത് സമ്മതിച്ചുകൊടുക്കാൻ പോണില്ല. എന്തു ധാർമികത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പ്രായത്തിൽ മൂത്തതാണ്, നീ എന്നെ അനുസരിച്ചില്ല എന്ന് പറയാൻ കഴിയുക. അതിജീവന രീതി ബാഹ്യമായിട്ട് മാത്രം കാണുന്നതല്ല, അതിനൊരു ആന്തരിക പ്രോസസ് കൂടിയുണ്ട്. ആന്തരിക പ്രോസസിൽ പഴയ സോ കാൾഡ് തലമുറയെ വെല്ലാൻ ഉള്ള ആർജവം അവൻ നേടിയെടുക്കുന്നുണ്ട്. എന്റെ ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, സ്വാർത്ഥത ഇവ പൂർത്തികരിക്കാൻ കഴിയുന്ന ഒരു ജൂനിയർ ഞാൻ എന്ന നിലയിലേ നമ്മുടെ പുതിയ തലമുറയെ നാം വളർത്തിയെടുത്തിട്ടുള്ളൂ. അതൊരു സ്വതന്ത്ര ജീവിയാണെന്നോ അതിന് ഈ ഭൂമിയിൽ അവകാശങ്ങളുണ്ടെന്നോ ജീവിതമായിട്ടോ പ്രകൃതിയായിട്ടോ ഇടപഴകി വളരേണ്ട ജീവിയാണെന്നോ ചിന്തിക്കുന്നില്ല. അവരെന്തോ അത് നിങ്ങളിൽ നിന്നുണ്ടായതാണ്. പുതിയ കുട്ടികളെ തള്ളിപ്പറയാൻ ഞാൻ തയ്യാറല്ല. അംഗീകരിക്കേണ്ട കാര്യങ്ങൾ അംഗീകരിക്കുക തന്നെ വേണം. അവിടെയെന്തിനാണ് അസഹിഷ്ണുത. സിനിമയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ രംഗത്തും അങ്ങനെ തന്നെയാണ്. കഴിഞ്ഞ തലമുറയ്ക്ക് അവരുടെ പൂർവികർ നൽകിയിരുന്ന തണൽ പുതിയ തലമുറയ്ക്ക് ഇവർ കൊടുക്കുന്നില്ല. അതുറപ്പാണ്. ഈ ജീവിതതുടിപ്പ് നഷ്ടമായിട്ട് എത്ര കാലമായി. പുതിയ തലമുറയെ അങ്ങനെ അടച്ചാക്ഷേപിക്കാൻ കഴിയില്ല. തൊണ്ടിമുതലിലെ കള്ളനെ നോക്കിക്കോളൂ. പഴയ തലമുറയിലെ കള്ളനെ പോലെയാണോ.. അവനതിൽ മാസ്റ്റേഴ്സ് എടുത്തതു പോലെയല്ലേ. നമ്മളത് അംഗീകരിക്കുക തന്നെ വേണം.

കള്ളൻ എത്ര സിംപിളാണ്. അയാൾ അയാളുടെ തൊഴിലിൽ എത്രത്തോളം സത്യസന്ധനാണ്. കള്ളനിലെ സത്യസന്ധൻ. ഈ സ്‌ക്രിപ്ടിന്റെ പ്രത്യേകത തന്നെ അതാണ്. കള്ളനിലെ സത്യസന്ധൻ, പൊലീസുകാരിലെ കള്ളൻ.. എന്തൊരു ഐഡിയ ആണ്, ഈ കുട്ടികളുടെ കഴിവിനെയൊക്കെ എങ്ങനെ തള്ളിക്കളയാൻ കഴിയും. നമ്മൾ ആ വിഷയത്തെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്, എത്രമാത്രം ആ വിഷയത്തിൽ താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്നുണ്ട്, അവിടെ വ്യക്തിയുടെ അസ്ഥിത്വത്തിന് കാര്യമായ പ്രസക്തി ഉണ്ടാകരുത്. സ്വതന്ത്രമായി നിൽക്കുമ്പോൾ അതിലേക്ക് വേഗം ഇഴുകിചേരാൻ കഴിയും. കലാകാരൻ എപ്പോഴും അങ്ങനെയാകണം. കലയെയാണ് ഞാൻ ഇഷ്ടപ്പെടുന്നതും അതിന് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നതെന്ന് പറയുമ്പോഴും അതിനെ കച്ചവടമാക്കുന്നവരാണ് കൂടുതൽ പേരും. അതിലൊരു മാറ്റം പുതിയ തലമുറയിലെ കുട്ടികളിൽ കാണാം. ''

തൊണ്ടിമുതൽ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ പ്രകാശേട്ടനെ തേടിയെത്തുന്നുണ്ട്. കൂട്ടത്തിൽ നിലയ്ക്കാത്ത അഭിനന്ദനപ്രവാഹവും. പക്ഷേ അതിലൊന്നും വലുതായി സന്തോഷിക്കാതെ തേടി വരുന്നവർക്കെല്ലാം സുന്ദരമായ ഒരു ചിരി നൽകി പ്രകാശേട്ടൻ പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
'' കുറച്ചുനാൾ എന്നെ കാണാൻ ഇല്ലാതിരുന്നല്ലോ. അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും ഞാൻ ഉള്ളത്. നമ്മുടെ ഉള്ളിൽ സ്വയം ഒളിച്ചിരിക്കുകയാണ്. ആ ഒരു സ്‌പേസിൽ നമ്മളെപ്പോഴും ഉണ്ട്. മറ്റുള്ളവർ അതറിയുന്നുണ്ടോയെന്ന് സംശയമാണ്. ഒരു കൊല്ലത്തിൽ ഒന്നോ രണ്ടോ സിനിമകളേ ചെയ്തിട്ടുള്ളൂ. കലാകാരൻ മാത്രമായിട്ട് ഒരാളും ഉണ്ടാകില്ലല്ലോ. അഭിനയിക്കുന്ന കുറച്ച് സമയം മാത്രമല്ലേ നമ്മൾ അഭിനേതാവാകൂ. ഒരു എഴുത്തുകാരനും അങ്ങനെയാണ്, എഴുതുന്ന സമയത്താണ് അവൻ എഴുത്തുകാരനാകുന്നത്. ചിത്രം വരയ്ക്കുന്ന സമയത്താണ് ചിത്രകാരനും ജനിക്കുന്നത്. ബാക്കിയുള്ള സമയത്ത് അവരെവിടെയെന്ന് ചോദിച്ചാൽ അവര് ഇവിടെയൊക്കെ തന്നെ ഉണ്ടാകും. നമ്മുടെ ലൈഫിനൊക്കെ ഒരു ഫ്‌ളോ ഇല്ലേ? അതിനനുസരിച്ച് അങ്ങ് പോവുകയാണ്.'' വെട്ടുകിളി എന്ന ഈ പക്ഷി തന്റെ ചിറകുകളുയർത്തി പറക്കുകയാണ്... സ്വതന്ത്രമായി .. അവിടെ മത്സരമില്ല, ആർത്തിയില്ല, അഹങ്കാരമില്ല. നന്മ ആഗ്രഹിക്കുന്ന ഒരു ഹൃദയം മാത്രമാണ് കൂട്ടിനുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.