Thursday, 21 September 2017 10.35 AM IST
ഖത്തറിലേക്ക് വിസ വേണ്ട
August 10, 2017, 6:40 am
ദുബായ്: ഇന്ത്യക്കാർക്ക് ഖത്തർ സന്ദർശിക്കാൻ ഇനി വിസ വേണ്ട. നേരെ വിമാനം കയറാം. ഖത്തറിലെത്തിയാൽ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യുന്നതിനും യാത്രാനുമതി രേഖ ലഭിക്കുന്നതിനും പ്രത്യേക ഫീസ് ഇല്ല. തികച്ചും സൗജന്യമായിരിക്കും ഇത്. ഇന്ത്യ ഉൾപ്പെടെ 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാരഹിത പ്രവേശനം അനുവദിക്കാനാണ് ഖത്തറിന്റെ തീരുമാനം. അടിയന്തരമായി ഇതു നടപ്പാക്കും.

6 മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിൽ പ്രവേശിക്കാൻ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നൽകുന്നത്. 30 ദിവസം മുതൽ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതിൽ മൾട്ടിപ്പിൾ എൻട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങൾ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവർക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം. അതേസമയം രാജ്യത്തിന്റെ സാംസ്​കാരിക പൈതൃകം, പ്രകൃതിസമ്പത്ത്, രുചി വൈവിദ്ധ്യം എന്നിവ ആസ്വദിക്കാനായി സന്ദർശകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് ഖത്തർ ടൂറിസം അതോറിട്ടി ചെയർമാൻ ഹസൻ അൽ ഇബ്രാഹിം വിശദമാക്കിയത്. 2016 നവംബറിൽ ഖത്തർ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിച്ചിരുന്നു. ഖത്തർ വഴി യാത്ര ചെയ്യുന്ന ആർക്കും അഞ്ചു മണിക്കൂർ മുതൽ നാലു ദിവസം വരെയാണു ട്രാൻസിറ്റ് വിസ നൽകിയത്.

ഇന്ത്യക്കാർക്ക് ആദ്യം 30 ദിവസം
ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആദ്യം 30 ദിവസത്തെ വിസാ ഇളവായിരിക്കും നൽകുക. 30 ദിവസത്തോളം (ഒറ്റ സന്ദർശനത്തിലോ അല്ലാതെയോ) വിസയില്ലാതെ ഖത്തറിൽ കഴിയാനുള്ള അനുമതിയാകും ലഭിക്കുക. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 30 ദിവസത്തേക്ക് കൂടി ഇളവു നീട്ടുന്നതായി അപേക്ഷിക്കാനുമാകും.

അമേരിക്കക്കാർക്ക് 180 ദിവസം
അമേരിക്ക, ബ്രിട്ടൺ, ആസ്ട്രിയ തുടങ്ങിയ 33 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പരമാവധി 180 ദിവസം വരെ കാലാവധിയുള്ള വിസാ ഇളവു രേഖ നൽകും. ഇതനുസരിച്ച് ഒരു തവണ 90 ദിവസം വരെ ഖത്തറിൽ തങ്ങാൻ കഴിയും. വീണ്ടും മടങ്ങിയെത്തുമ്പോഴും ഇതേ രേഖയുപയോഗിച്ച് 90 ദിവസത്തെ ഇളവു ലഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.