ജന ഗണ മന
August 13, 2017, 10:30 am
സുരേഷ്. എം.ജി
ഏതൊരു ഇന്ത്യക്കാരനും നെഞ്ചോടു ചേർത്ത് വച്ചിരിക്കുന്ന ഗീതം. ഏതൊരു ഭാരതീയന്റെയും ഉള്ളിൽ മുഴങ്ങുന്ന അഭിമാനമായ കീർത്തനം, ജന ഗണ മന. പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെ ശ്രുതിയിലും ലയത്തിലും ചിട്ടപ്പെടുത്തിയ ഹിന്ദുസ്ഥാനിയിലെ യമൻ കല്യാണിയോടും കർണാടക സംഗീതത്തിലെ ശങ്കരാഭരണത്തിനോടും അടുത്തുനിൽക്കുന്ന, കേവലം അമ്പത്തിരണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ഗാനം കേട്ടാൽ നമ്മൾ ഭാരതീയർ, കോടതി വിധിച്ചില്ലെങ്കിലും താനെ എഴുന്നേറ്റ് നിൽക്കും. നമ്മിലെ ദേശഭക്തിയൊന്നുണരും. ഞാൻ ഭാരതീയനാണെന്നുറക്കെ വിളിച്ചുപറയുന്നതിൽ അഭിമാനിക്കും.

1905 ലാണീ ഗാനശകലം പിറവി കൊണ്ടത്. 1911 ലാണിതിനെ ലോകം ശ്രദ്ധിക്കുന്നത്. ആദ്യമായി ഒരു പൊതുയോഗത്തിൽ അവതരിക്കപ്പെട്ടപ്പോൾ തന്നെ അപവാദം പറഞ്ഞു പരത്തുവാനും അതിൽ സുഖം കണ്ടെത്തുവാനും മാത്രമറിയുന്നവർ, ഈ ഗീതത്തിന് പിന്നാലെയുമെത്തി. നാടുഭരിച്ചിരുന്ന വെളുത്തവന്റെ ബുദ്ധി അതിന് പിറകിൽ സ്പഷ്ടമായിരുന്നു. കുബുദ്ധികളായിരുന്ന ഇംഗ്ലീഷ് ഭരണകർത്താക്കൾ ഇതിനെ അവരുടെ രാജാവിനെ പ്രകീർത്തിക്കാനായി എഴുതി ചൊല്ലിയതാണെന്ന് പ്രചാരണമഴിച്ചുവിട്ടു. 1911 ഡിസംബർ ഇരുപത്തിയെട്ടാം തീയതിയിലെ സ്റ്റേറ്റ്സ് മാൻ പത്രം, ചക്രവർത്തി തിരുമനസിനെ സ്വാഗതം ചെയ്തുകൊണ്ട് 'ബംഗാളി കവിയായ രവീന്ദ്രനാഥ ടാഗോർ ഒരു പ്രത്യേക ഗീതം തന്നെ എഴുതി ചൊല്ലുകയുണ്ടായി'. എന്നെഴുതി ആ 'അപകീർത്തി' ഇന്നും പലരും ഏറ്റുപിടിക്കുന്നു. സ്റ്റേറ്റ്സ്മാൻ മാത്രമല്ല, മറ്റുപല ഇംഗ്ലീഷ് പത്രങ്ങളും ഇതേറ്റുപാടുകയുണ്ടായി. എന്നാൽ രവീന്ദ്രനാഥ് ടാഗോർ സ്വയം ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പ്രഭാത് കുമാർ മുഖർജി രചിച്ച 'രവീന്ദ്രജീവാനി' എന്ന ടാഗോറിന്റെ ജീവചരിത്രത്തിൽ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടാഗോർ എഴുതിയ കത്ത് കൊടുത്തിട്ടുണ്ട്. 'ജോർജ് നാലാമാനെയോ, ജോർജ് അഞ്ചാമനെയോ അനാദ്യന്തനായ തേരാളി എന്ന് പ്രകീർത്തിച്ച് പാടുവാൻ മാത്രം വിഡ്ഢിത്തരം എന്നിലുണ്ട് എന്ന് പറയുന്നവരോട് മറുപടി നൽകാൻ ഞാൻ തയ്യാറാകുന്നു എന്നാൽ ഞാൻ എന്നെതന്നെ കളിയാക്കുന്നതിന് തുല്യമാകും'. എന്നായിരുന്നു ടാഗോർ പറഞ്ഞിരിക്കുന്നത്.

രാജാവിനെ സ്തുതിച്ചു എന്നുപറഞ്ഞ് പരത്തുന്നവർ അതിന് പിൻബലമായി പിന്നെയും കാരണങ്ങൾ കണ്ടെത്തി. പഞ്ചാബ്, സിന്ധു, ബംഗാൾ, ഒഡിഷ, മറാത്ത തുടങ്ങി ഇന്ത്യയുടെ നാനാഭാഗങ്ങളെയും പരാമർശിക്കുന്ന ഈ ഗീതത്തിൽ അസാം, കാശ്മീർ, കേരളം എന്നൊന്നും പറയുന്നില്ല എന്നായിരുന്നു അവരുടെ വാദം. ബാലിശമെന്നല്ലാതെ എന്ത് പറയാൻ!

1905 ൽ രവീന്ദ്രനാഥ് ടാഗോർ എഴുതിയ ഈ ഗീതം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1911 ലെ കൽക്കട്ട കൺവെന്റ് രണ്ടാംദിവസമാണ് ആദ്യമായി പൊതുവേദിയിൽ ചൊല്ലിയത്. ആ ദിവസങ്ങളിൽ ജോർജ് അഞ്ചാമൻ രാജാവ് ഇന്ത്യ സന്ദർശിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് സ്വാഗതം ചൊല്ലുന്ന പരിപാടികളും യോഗത്തിന്റെ അന്നത്തെ ദിവസത്തെ അജൻഡയിലുണ്ടായിരുന്നു. ഈ അവസരമാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ മുതലെടുത്തത്. ഇത് രാജാവിനെ സ്തുതിച്ചുള്ള ഗീതമാണെന്ന് ചൊല്ലിപ്പാടിയത്.

ദേശീയ ഗാനമായതിന് ശേഷവും തർക്കങ്ങൾ പലതുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ ചില വിഭാഗങ്ങൾ ഈ ഗീതം ചൊല്ലില്ലെന്ന് പറഞ്ഞു. ഇത് ചൊല്ലുന്നത് തങ്ങളുടെ മത ചിന്തകൾക്ക് എതിരാണെന്ന് പറഞ്ഞു. ഇതിൽ ശ്രദ്ധേയമായത് കേരളത്തിൽ നിന്നുള്ള കേസായിരുന്നു. യഹോവാ സാക്ഷികൾ എന്ന വിഭാഗത്തിലെ ഒരുപറ്റം കുട്ടികൾ ദേശീയഗാനം പാടാൻ വിസമ്മതിച്ചതിനാൽ സ്‌കൂളിൽ നിന്നു പുറത്താക്കി എന്നായിരുന്നു കേസ്. 1985 ൽ കിടങ്ങൂരിലാണീ സംഭവം. കേരള ഹൈക്കോടതി സ്‌കൂളിനനുകൂലമായും കുട്ടികൾക്കെതിരായും വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി, കേരള ഹൈക്കോടതിയുടെ വിധി തിരുത്തി, ദേശീയ ഗാനം ചൊല്ലുന്നത് നിർബന്ധമല്ലെന്നും അതിനെ അപമാനിക്കാതിരിക്കലാണ് പ്രാധാന്യമുള്ളതെന്നും വിധിച്ചു. 2016 നവംബറിൽ, സിനിമ തുടങ്ങുന്നതിന് മുമ്പ് എല്ലാ സിനിമാ തിയേറ്ററിലും ദേശീയഗാനമാലപിക്കണമെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടായി. ഈ വിധിയും പിന്നീട് നാടൊട്ടുക്ക് ചർച്ചയായി. പല അഭിപ്രായങ്ങളുണ്ടായി.
അപവാദങ്ങൾ അവിടെ നിൽക്കട്ടെ. ദേശീയ ഗാനത്തിന്റെ മികവിലേക്ക് തിരിച്ചെത്താം.

'ജന ഗണ മന' എന്ന് തുടങ്ങുന്ന നമ്മുടെ ദേശീയഗാനം ആദ്യമെഴുതിയത് ബംഗാളി ഭാഷയിലാണ്. സംസ്‌കൃതത്തിന്റെ അതിപ്രസരമുള്ള ബംഗാളി വരികളിൽ ടാഗോർ തന്നെയാണീ ഗീതത്തിന്റെ സംഗീതവും നിർവഹിച്ചത്. 1911 ഡിസംബർ 27ാം തീയതിയാണിത് ആദ്യമായി ചൊല്ലിയത്. ആദ്യമായി അച്ചടിക്കപ്പെടുന്നത് 1912 ജനുവരിയിലാണ്. തത്വബോധിനി എന്ന ബംഗാളി മാസികയിൽ. ഭാരത് ബിധാത എന്ന പേരിലാണീ ഗീതം അച്ചടിക്കപ്പെട്ടത്. ബ്രഹ്മ സംഗീതം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണെന്ന് തത്വബോധിനി മാസിക ഇതിനെ പ്രസിദ്ധീകരിച്ചത്. ആദ്യപ്രസിദ്ധീകരണത്തിൽ ഇതിൽ നാല് ഖണ്ഡികകളാണുണ്ടായിരുന്നത്.
1911 നുശേഷം സ്വാതന്ത്ര്യ ലബ്ധിവരെ ഈ ഗീതം അത്ര ഉപയോഗിക്കപ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യ സമരക്കാലത്ത്, സമരഭടന്മാരുടെ ഇഷ്ടഗീതം 'വന്ദേമാതരം' ആയിരുന്നു.
ടാഗോറിന്റെ ബംഗാളി ഗീതത്തിന്റെ ഹിന്ദി പതിപ്പാണ് 1950 ൽ ഇന്ത്യൻ ദേശീയ ഗാനമായി ഭരണഘടന അംഗീകരിച്ചത്. ഈ ഹിന്ദി, ബംഗാളി പതിപ്പുകൾ തമ്മിൽ വലിയ അന്തരം കാണാനാകില്ല. മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമുക്കാൽ ഭാഷകളിലേക്ക് തർജ്ജമ ചെയ്താലും വാക്കുകൾ ഏകദേശം ഇതുതന്നെയായിരിക്കും. അതും നമ്മുടെ ദേശീയഗാനത്തിന്റെ അപൂർവതയാണ്. 1950 ജനുവരി 24 നാണ് ഗാനത്തെ നമ്മുടെ ദേശീയഗാനമായി തിരഞ്ഞെടുത്തു എന്ന പ്രഖ്യാപനമുണ്ടായത്. അതിനോടൊപ്പം ഈ ഗാനത്തിന് നൽകേണ്ട ബഹുമാനത്തെക്കുറിച്ചും എവിടെയൊക്കെ എപ്പോഴൊക്കെ ചൊല്ലാമെന്നതിനെക്കുറിച്ചുമുള്ള നിയമാവലികളും തയ്യാറാക്കപ്പെട്ടു.
ദേശീയഗാനാലാപനം നടക്കുമ്പോൾ സഭയിലുള്ളവരെല്ലാം എഴുന്നേറ്റ് 'അറ്റൻഷൻ' ആയി നിൽക്കണം എന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഈ ഗാനാലാപനം നടക്കുന്നത് ഏതെങ്കിലും സിനിമയുടെ മദ്ധ്യത്തിലാണെങ്കിൽ ഇങ്ങനെ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. ദേശീയഗാനം എവിടെയൊക്കെ, എപ്പോഴൊക്കെ ചൊല്ലണം എന്നതിന്റെ പൂർണ പട്ടിക തയ്യാറാക്കി പുറത്തിറക്കുക അപ്രായോഗികമാണ്. അതിനാൽ ദേശീയ പതാകയുടെ കാര്യത്തിലെന്നപോലെ ദേശീയഗാനവും അതിനനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ ചൊല്ലി അപമാനിക്കരുതെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ ചൊല്ലേണ്ട നിർബന്ധ അവസരങ്ങൾ ഏതൊക്കെ എന്നും നിയമം വ്യക്തമായിപറയുന്നുണ്ട്. സ്‌കൂൾ ദിനം തുടങ്ങുന്നത് ദേശീയഗാനാലാപനത്തോടെയാകണം എന്ന് നിയമം നിഷ്‌കർഷിക്കുന്നു. അതുപോലെ തന്നെ ഇന്ത്യൻ രാഷ്ട്രപതി പങ്കെടുക്കുന്ന പൊതു ചടങ്ങുകളിലും ദേശീയ പതാക ഉയർത്തപ്പെടുന്ന അവസരങ്ങളിലും ദേശീയഗാനാലാപനം നിർബന്ധമാണ്. രാഷ്ട്രപതി റേഡിയോ അല്ലെങ്കിൽ ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനു മുമ്പും പിമ്പും ദേശീയഗാനാലാപനം നിർബന്ധമാണ്. അതേ സമയം പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു ചടങ്ങുകളിൽ ദേശീയ ഗാനാലാപനം നിർബന്ധമില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഏതൊക്കെ ചടങ്ങുകളിൽ നിർബന്ധമായും ദേശീയഗാനാലാപനം നടത്തിയിരിക്കണമെന്നത് പ്രത്യേകമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
'ജന ഗണ മന' എന്ന് തുടങ്ങുന്ന നമ്മുടെ ദേശീയഗാനം മുഴുക്കെ ചൊല്ലുവാൻ ഏകദേശമെടുക്കേണ്ടത് അമ്പത്തിരണ്ട് സെക്കൻഡാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. ഇത് കൂടാതെ ഇരുപത് സെക്കൻഡിൽ ഒതുക്കി, ചുരുക്കി ആലപിക്കാവുന്ന ഒരു ഹ്രസ്വരൂപത്തിനും അനുവാദമുണ്ട്. എന്നാൽ എല്ലാ അവസരങ്ങളിലും ഇങ്ങനെ ചുരുക്കിയ ദേശീയഗാനം ചൊല്ലാൻ അനുവാദമില്ല. ഇങ്ങനെ ചുരുക്കി ചൊല്ലുമ്പോൾ ദേശീയഗാനത്തിന്റെ മദ്ധ്യഭാഗം ഒഴിവാക്കുവാനാണ് നിർദ്ദേശം. അതായത്
ജന ഗണ മന അധിനായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ
ജയ ഹേ ജയ ഹേ,ജയ ഹേ,
ജയ ജയ ജയ ജയഹേ,
എന്നത് മാത്രം ചൊല്ലുക.

എന്നാൽ ഇത് ഇങ്ങനെ എവിടെയൊക്കെ ചൊല്ലാം എന്നതിന് കൃത്യമായ നിയമാവലിയുണ്ട്. അതല്ലാതെ പൂർണരൂപം ചൊല്ലേണ്ടിടത്ത് ഈ ഹ്രസ്വരൂപം ചൊല്ലിയാൽ അത് ദേശീയഗാനത്തെ അപമാനിക്കുന്നതായി കണക്കാക്കപ്പെടും.

ദേശീയഗാനത്തെ അപമാനിച്ചാൽ ശിക്ഷ ലഭിക്കുക P​r​e​v​e​n​t​i​on of I​n​s​u​l​ts to N​a​t​i​o​n​al H​o​n​o​ur A​c​t, 1971 എന്ന നിയമത്തിൻ കീഴിലായിരിക്കും. മൂന്നുവർഷം വരെ തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദേശീയഗാനത്തെ അപമാനിക്കുക എന്നത്. നൂറിലേറെ വർഷം പ്രായമുള്ള മുത്തശ്ശിയാണ് നമ്മുടെ ദേശീയഗാനം. നമ്മെ നാമാക്കി, ഒന്നാക്കി നിറുത്തുന്ന, സിരകളിൽ അഭിമാനം ത്രസിപ്പിക്കുന്ന ഗാനം. ഇത്രയും ഭക്തിസാന്ദ്രമായ, വിശാല കാഴ്ചപ്പാടുള്ള ദേശീയഗാനങ്ങൾ ചുരുക്കമാണെന്നതിൽ നമുക്കഭിമാനിക്കാം. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന നമ്മുടെ എന്നത്തേയും അഹങ്കാരത്തെ സാധൂകരിപ്പിക്കുവാനുതകുന്ന അനേകം തലമുറകളിൽ ദേശഭക്തിയുടെ അഭിമാനരസായനക്കൂട്ടുകൾ നിറയ്ക്കുന്ന ഗീതം. ഈ ഗാനം മനസിലുള്ളിടത്തോളം കാലം ലോകത്തിലെ ഒരു ശക്തിക്കും നമ്മെ ഒന്നല്ലാതാക്കുവാനില്ല. നമിക്കാം നമുക്കിതിന്റെ കർത്താവിനെ. നമിക്കാം നമുക്ക് ഈ ഗാനത്തെ.
(ലേഖകന്റെ ഫോൺ: 9946915277)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.