മലയാളത്തിന്റെ മുത്ത്
August 13, 2017, 10:15 am
അശ്വതി വിജയൻ
മലയാള സിനിമയിൽ ഇടയ്ക്കിടെ മിന്നിമായുന്നൊരു താരമാണ് മുത്തുമണി. മികച്ചൊരു വേഷം ചെയ്താൽ കുറച്ച് നാളത്തേക്ക് പിന്നെ ആളിനെ കാണില്ല. തൊട്ടടുത്ത നിമിഷത്തിൽ തന്നെ മുത്തുമണി വേറൊരു വേഷവുമായി എത്തിയിരിക്കും.

''സിനിമ, പഠനം, നാടകം അങ്ങനെ എല്ലാമായിട്ട് ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. സിനിമാനടി ആകണമെന്ന് ആഗ്രഹിച്ച് വന്നൊരാളല്ല ഞാൻ. അതിലേക്ക് എത്തിയതാണ്. ആത്മവിശ്വാസമാണ് ഇന്നോളമുള്ള ഏറ്റവും വലിയ കൈമുതൽ. എന്ത് ചെയ്താലും അത് നന്നാക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേയുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. പഠനത്തിനപ്പുറമുള്ള അത്തരം പ്രവർത്തനങ്ങളാകാം എന്തു ചെയ്താലും നന്നാകുമെന്നൊരു ആത്മവിശ്വാസം തന്നത്. ''

പഠനം മുടക്കില്ല
അദ്ധ്യാപക കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അച്ഛനും അമ്മയും അദ്ധ്യാപകർ. അച്ഛന്റെ സഹോദരിമാരും അമ്മയുടെ അമ്മയുമെല്ലാം അദ്ധ്യാപകർ. വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവ് അരുണിന്റെ അമ്മയും അദ്ധ്യാപിക. ഇത്രയൊക്കെയായിട്ട് പഠിക്കാതിരുന്നാലല്ലേ അദ്ഭുതമുള്ളൂ. സിനിമയിൽ എത്തിയിട്ടും പഠനം തുടരണമെന്ന ആഗ്രഹം തീവ്രമായിരുന്നു. എൽ.എൽ.ബി കഴിഞ്ഞ് അഞ്ചു വർഷം ജോലി ചെയ്തു. അക്കാലത്താണ് സിനിമയിൽ കാര്യമായ ഇടവേള വന്നത്. അഭിനയത്തിലേക്ക് മടങ്ങിയെത്തിയിട്ടും പഠിക്കാതിരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് എൽ.എൽ.എമ്മിന് ചേരുന്നത്. റെഗുലറായി ചേർന്നപ്പോൾ ഞാൻ മുടങ്ങാതെ ക്ലാസിൽ പോകുമോയെന്ന് എല്ലാവർക്കും സംശമായിരുന്നു. പക്ഷേ, ഒരു കുഴപ്പവുമുണ്ടായില്ല. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഒരു റിസർച്ച് സെന്ററുണ്ട്. അവിടെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സിലാണ് എൽ.എൽ.എം ചെയ്യുന്നത്. കോഴ്സ് പൂർത്തിയാവാറായി. ഇതുവരെയും പഠനം ഭാരമായി തോന്നിയിട്ടില്ല. അത് ആസ്വദിച്ച് ചെയ്യേണ്ട കാര്യമല്ലേ. സത്യത്തിൽ എന്നെ മുന്നോട്ട് നയിക്കുന്നത് പഠനം നൽകിയ ആത്മവിശ്വാസമാണ്.

വിജയരഹസ്യം
നെഗറ്റിവിറ്റി എന്നൊരു വാക്ക് ജീവിതത്തിലില്ല. അതാണ് മറ്റൊരു വിജയരഹസ്യം. എല്ലാം നന്നായി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെ എന്തിനെയും സമീപിക്കുക. ജീവിതം നാം തീരുമാനിക്കുന്ന വഴിക്ക് വരും. സത്യത്തിൽ അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയത്. ഇപ്പോൾ സിനിമ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഭർത്താവ് അരുണിനും താത്പര്യം സിനിമയോട് തന്നെ. നെല്ലിക്കയിലൂടെ സിനിമാരംഗത്തെത്തിയ അരുൺ ഒടുവിൽ തിരക്കഥ രചിച്ചത് ജമ്നപ്യാരിക്ക് വേണ്ടിയാണ്. മറ്റൊരു സിനിമയുടെ ജോലികളിലാണിപ്പോൾ. സിനിമ ഇതുവരെ നല്ല അനുഭവങ്ങൾ മാത്രമേ നൽകിട്ടുള്ളൂ. ഇതൊരു കലാരൂപം മാത്രമല്ല വ്യവസായം കൂടിയാണെന്ന് തിരിച്ചറിയണം. കുറച്ചുകാലം വേറൊരു ജോലി ചെയ്തതിനാൽ പലതരം ആളുകളുമായി ഇടപെടേണ്ടി വന്നിട്ടുണ്ട്. സിനിമയിലെയും മറ്റ് മേഖലകളിലെയും തൊഴിൽ സമ്മർദ്ദവും പ്രശ്നങ്ങളുമെല്ലാം ഒരുപോലെയാണെന്ന് അതിൽ നിന്ന് മനസിലായി.

തിരക്കുകൾ എപ്പോഴുമുണ്ട്
കഴിഞ്ഞ വർഷം പഠനവും അഭിനയവുമൊക്കെയായി ആകെ തിരക്കായിരുന്നു. അതുകൊണ്ട് വേറെ കുറച്ച് കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടി വന്നു. നാടക പ്രവർത്തനങ്ങൾക്കൊക്കെ അവധി കൊടുത്തു. മുമ്പ് ഫ്രീലാന്റ്സ് ട്രെയിനറായും ജോലി ചെയ്തിരുന്നു. അതും കുറച്ചു കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. കുട്ടികൾക്കായി എല്ലാ അവധിക്കാലത്തും പ്രേരണ എന്ന പേരിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു. പരീക്ഷയൊക്കെയായതിനാൽ ഇത്തവണ ചെറിയ രീതിയിലേ സംഘടിപ്പിക്കാൻ കഴിഞ്ഞുള്ളൂ. കുട്ടികൾക്ക് 360 ഡിഗ്രിയിലുള്ള വികസനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സാധാരണ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏതെങ്കിലും ഒരു കാര്യത്തിനുള്ള പരിശീലനം മാത്രം നൽകിയാൽ ചിലപ്പോൾ കുട്ടികൾ അതിലേക്ക് മാത്രം ഒതുങ്ങിപ്പോകും. പക്ഷേ, ഇത്തവണ എന്റെ സമയ പരിമിതി കാരണം സ്പീക്കിംഗ് സ്‌കിൽസിൽ മാത്രമാണ് പരിശീലനം നൽകിയത്. സ്പീച്ച്, പബ്ളിക് സ്പീക്കിംഗ്, കമ്മ്യൂണിക്കേഷൻ അങ്ങനെ. പല മേഖലകളിലും ജോലി ചെയ്യുമ്പോൾ സിനിമാതാരമെന്ന ലേബൽ ഗുണവും ദോഷവുമുണ്ടാക്കിയിട്ടുണ്ട്. ആദ്യത്തെ ഒന്നോ രണ്ടോ കൂടിക്കാഴ്ചയിൽ കണ്ടുപരിചയമുള്ളൊരാൾ എന്ന പരിഗണന കിട്ടും. പതുക്കെ നമ്മളും അവരിൽ ഒരാളായി തീരും.

എല്ലാം വരുന്നതുപോലെ
എന്തുവന്നാലും വരുന്നിടത്ത് വച്ച് കാണാമെന്ന് കരുതും. സിനിമയിലെ അവസരങ്ങളെക്കുറിച്ചും ടെൻഷനടിക്കാറില്ല. സിനിമകളുടെ തിരഞ്ഞെടുപ്പ് വളരെ സൂക്ഷിച്ചാണ്. നല്ല സിനിമ എന്നുള്ളത് ആപേക്ഷികമാണ്. ചിലപ്പോൾ സിനിമ മൊത്തത്തിൽ നന്നായിരിക്കും, ചിലപ്പോൾ കഥപാത്രമായിരിക്കും നല്ലത്. മറ്റുചിലപ്പോൾ സംവിധായകനോ ഒപ്പം അഭിനയിക്കുന്നവരോ വളരെ മികച്ചതായിരിക്കും. എല്ലാം ഒത്തിണങ്ങി വരുന്നത് അപൂർവമാണ്. ഇതിൽ ഏതെങ്കിലുമൊക്കെ ഘടകങ്ങളോട് താത്പര്യം തോന്നിയാൽ യെസ് പറയാൻ ശ്രമിക്കാറുണ്ട്.

അഭിനയത്തിൽ സ്വന്തമായൊരു സ്റ്റൈൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. മലയാള സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അതിന് അനുകൂലമാണ്. അഭിനേതാക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതുതലമുറയുടെ രീതി. ഒരുപാട് പുതുമുഖങ്ങൾക്ക് മലയാളത്തിലേക്ക് വരാൻ അവസരം ലഭിക്കുന്നുണ്ട്. ഇപ്പോൾ എല്ലാ സിനിമയിലും ഒരു ഫ്രഷ് എലമെന്റുണ്ടാകും. അഭിനേതാക്കളോ സംവിധായകനോ എഡിറ്ററോ കാമറാമാനോ ആരെങ്കിലുമൊക്കെ പുതുമുഖങ്ങളായിരിക്കും. ഒരു തുടക്കം ലഭിക്കാൻ തന്നെ ബുദ്ധിമുട്ടിയ ഒരു ജനറേഷനുണ്ടായിരുന്നു. അതിൽ നിന്ന് കാര്യങ്ങൾ ഒരുപാട് മാറി. അഭിനേതാക്കളെന്ന രീതിയിൽ നമുക്കും അതുകൊണ്ട് ഗുണമുണ്ടാകുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.