Wednesday, 23 August 2017 12.42 AM IST
തോട്ടിപ്പണിക്കാരുടെ ജീവിതം ഡോക്യുമെന്ററിയാക്കിയ സംവിധായികയ്‌ക്കെതിരെ ഭീഷണി
August 10, 2017, 11:12 pm
ചെന്നൈ: തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരെ കുറിച്ചുള്ള തമിഴ് ഡോക്യുമെന്ററി 'കക്കൂസി'ന്റെ സംവിധായക ദിവ്യാ ഭാരതിക്കെതിരെ ഭീഷണി. ഈ ഡോക്യുമെന്ററി ഒരു ജാതിയെ അപമാനിക്കുന്നതാണെന്ന പുതിയ തമിഴകം പാർട്ടി നേതാവിന്റെ പരാതിയിൽ ദിവ്യയ്ക്കെതിരെ മധുരയിൽ പൊലീസ് കേസെടുത്തു. കേസ് കൂടാതെ ഫോൺ വഴിയുള്ള വധഭീഷണിയും അസഭ്യ വർഷങ്ങളും കാരണം ഒളിവിൽ കഴിയുകയാണ് സംവിധായിക.

ഈ വർഷം ഫെബ്രുവരിയിലാണ് ഡോക്യമെന്ററി പുറത്തിറങ്ങിയത്. ഇത് പള്ളാർ സമുദായത്തെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഇവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന പുതിയ തമിഴകം എന്ന പാർട്ടിയും അതിന്റെ നേതാവ് കൃഷ്‌ണസ്വാമിയുമാണ് ദിവ്യക്കെതിരെ കടുത്ത ആക്ഷേപവുമായി രംഗത്ത് വന്നത്. തോട്ടിപ്പണിയിൽ ഏർപ്പെടുന്ന ജാതികളിലൊന്നാണ് പള്ളർ വിഭാഗം.

രണ്ടാഴ്‌ച മുമ്പ് പഴയൊരു കേസിന്റെ പേരിൽ ദിവ്യയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 2009ൽ മധുരയിൽ നിയമ വിദ്യാർത്ഥിയായിരിക്കെ പാമ്പു കടിയേറ്റ ഒരു സഹപാഠിക്ക് ആശുപത്രിയിൽ ശരിയായ പരിചരണം ലഭിക്കാത്തതിന്റെ പേരിൽ മറ്റ് വിദ്യാർത്ഥികൾക്കൊപ്പം പ്രതിഷേധിച്ച കേസിലായിരുന്നു നടപടി. വിചാരണയുടെ രണ്ട് സിറ്റിംഗിന് ഹാജരായില്ല എന്നാരോപിച്ച് ഡോക്യുമെന്ററി പുറത്തായ ഉടനെയാണ് ദിവ്യയെ അറസ്‌റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് തമിഴ്നാട്ടിലെ പല ജില്ലകളിലായി നിരവധി കേസുകൾ ദിവ്യയ്ക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ