Saturday, 19 August 2017 7.03 AM IST
നിറങ്ങളിൽ നിറഞ്ഞ് വീണ്ടും ക്ളിന്റ്
August 12, 2017, 12:25 am
രൂപശ്രീ.ഐ.വി
എഡ്മണ്ട് തോമസ് ക്ലിന്റ്- അദ്ഭുതത്തോടെയോ ആശ്ചര്യത്തോടെയോ മാത്രം ഓർക്കാൻ കഴിയുന്ന പേര്. വാക്കുകൾക്കു മുമ്പേ വരകളുടെ ലോകത്തെത്തിയ ക്ലിന്റിന്റെ ജീവിതം അവൻ വരച്ച ഇരുപത്തി അയ്യായിരത്തോളം വരുന്ന ചിത്രങ്ങളാണ്. ഒരായുസുകൊണ്ട് ലോകത്തോട് പറയാനുള്ളതൊക്കെയും ഏഴു വർഷം മാത്രം നീണ്ട ക്ഷണിക ജീവിതത്തിലൂടെ നിറങ്ങളിൽ ചാലിച്ച് അവൻ പറഞ്ഞുതീർത്തു. ദൈവത്തിന്റെ ചായക്കൂട്ടുകളുമായി ഭൂമിയിൽ ജനിച്ച ക്ലിന്റിന്റെ ജീവിതം രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയായി അഭ്രപാളികളിലെത്തിച്ചിരിക്കുകയാണ് സംവിധായകൻ ഹരികുമാർ.
'ക്ലിന്റ് ' എന്ന പേരിൽ മലയാളത്തിന് ലോകത്തോടു പറയാനൊരു കഥ ഹരികുമാർ കരുതിയത് 2014ലാണ്. ക്ലിന്റിന്റെ മരണത്തിനും ഇരുപത്തിനാല് വർഷങ്ങൾക്കിപ്പുറം ഒളിമങ്ങാത്ത ഓർമ്മകളുമായി മാതാപിതാക്കളായ ചിന്നമ്മയും ജോസഫും സംവിധായകൻ ഹരികുമാറിന്റെ കൈ പിടിച്ച് ക്ലിന്റിന്റെ കഥപറയാനെത്തുകയാണ്. ഒരു ഡോക്യുമെന്ററിയെന്നോണം തുടങ്ങി നിറങ്ങൾ മാത്രം നിറഞ്ഞ ക്ലിന്റിന്റെ ലോകത്തിലേക്ക് കടന്ന് ഹൃദയസ്പർശിയായി അവന്റെ കഥ പറഞ്ഞു സംവിധായകൻ ഹരികുമാർ. ക്ലിന്റെന്ന കൊച്ചു ബാലന്റെ മനസിന്റെ കാമനകളെ ആഴത്തിൽ സിനിമയുടെ കാൻവാസിലെത്തിക്കാൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയ ഹരികുമാറിന് സാധിച്ചു. ചായക്കൂട്ടുകളും ബ്രഷുകളുമായി അനന്തതയിലേക്ക് നോക്കിയിരുന്ന് ക്ലിന്റ് വരച്ചു തീർത്ത ചിത്രങ്ങളോരോന്നും ചിന്നമ്മയുടെയും ജോസഫിന്റെയും ഓർമ്മകൾക്കൊപ്പം കൊരുത്തുവയ്ക്കാൻ ഹരികുമാറിന് സാധിച്ചു. ഭാവനയോട് കിടപിടിക്കുന്ന ക്ലിന്റിന്റെ ജീവിതത്തെ യാഥാർത്ഥ്യങ്ങളോട് മാത്രം ചേർന്നു നിന്ന് വരച്ചുകാട്ടുക അസാദ്ധ്യമാണ്. ഭാവനയുടെ അനിവാര്യമായ ചില സ്ട്രോക്കുകൾ നൽകിയെങ്കിലും അതി ഭാവുകത്വമില്ലാതെ ക്ലിന്റിന്റെ ജീവിതത്തോട് നീതി പുലർത്താൻ ഹരികുമാറിന് സാധിച്ചു. മരണമെന്ന യാഥാർത്ഥ്യം ക്ലിന്റെന്ന ഏഴുവയസുകാരനെ പുൽകുന്ന ഭീതിതമായ കാഴ്ചയെ ക്ലിന്റിന്റെ തെയ്യച്ചിത്രം പോലെ വലിയ കാൻവാസിൽ വരച്ചുവയ്ക്കാൻ അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചു.
പ്രഭാ വർമ്മയുടെ ഹൃദ്യമായ വരികൾക്ക് ഇളയരാജയുടെ ഈണങ്ങൾ ക്ലിന്റിനെ അനുഭവവേദ്യമാക്കി. ഭാവതീവ്രമായ മുഹൂർത്തങ്ങൾക്കിണങ്ങിയ പ്രഭാവർമ്മയുടെ വരികൾ പ്രേക്ഷകനെ തൊടുമെന്ന് തീർച്ച.
ക്ലിന്റെന്ന അതുല്യ പ്രതിഭയായി തൃശൂർ സ്വദേശി മാസ്റ്റർ അലോകിന്റെ വേഷപ്പകർച്ച പ്രേക്ഷകനെ അമ്പരപ്പിച്ചുകളയും. ക്ലിന്റിന്റെ കണ്ണിൽ തങ്ങിനിന്ന അപാരതയും ജീവിതത്തിൽ കുഞ്ഞു ക്ലിന്റിന്റെ നിർബന്ധങ്ങളും ഒരു ചിത്രകാരന്റെ കാർക്കശ്യങ്ങളും ഉൾക്കൊള്ളാൻ അലോകിന് കഴിഞ്ഞു. ചിന്നമ്മയായി റീമാ കല്ലിങ്കലും ജോസഫായി ഉണ്ണി മുകുന്ദനും നല്ല പ്രകടനം കാഴ്ചവച്ചു. മധു അമ്പാട്ടിന്റെ ഛായാഗ്രഹണമികവ് പതിവുപോലെ എടുത്തു പറയാം.
ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.
ക്ലിന്റിന്റെ കളിക്കൂട്ടുകാരി അമ്മു, ജോസഫിന്റെ സുഹൃത്ത് മോഹനൻ, അടുത്ത കുടുംബാംഗങ്ങൾ തുടങ്ങി ഇന്നും അവന്റെ ഓർമ്മയിൽ കഴിയുന്നവരെല്ലാം ക്ലിന്റിന്റെ കഥയെ ഭാവതീവ്രമാക്കി.
1983 ഏപ്രിൽ 15 ന് കണ്ടുതീരാത്ത നിറങ്ങളെയും വരച്ചു കഴിയാത്ത ഭാവനകളെയും ബാക്കിയാക്കി ക്ലിന്റ് യാത്രയായി. അവന്റെ ഓർമ്മയിൽ കഴിയുന്ന ചിന്നമ്മയുടെയും ജോസഫിന്റെയും ഇന്നത്തെ ജീവിതത്തിലേക്ക് ഒരിക്കൽക്കൂടി കാമറ പായിച്ച് സിനിമയ്ക്ക് തിരശീല വീഴുമ്പോൾ മനസിൽ ഒരു കാര്യം ഒരിക്കൽക്കൂടി ഉറപ്പിക്കും - ക്ലിന്റ് ഒരു അദ്ഭുത ബാലനായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ