Tuesday, 22 August 2017 10.13 PM IST
നോട്ട് നിരോധനം തിരിച്ചടിയായി: കേന്ദ്രത്തിനുള്ള വിഹിതം റിസർവ് ബാങ്ക് പകുതിയാക്കി
August 11, 2017, 3:19 pm
ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികൾക്ക് വിഘാതമായി കേന്ദ്രസർക്കാരിന് നൽകുന്ന വാർഷിക ലാഭവിഹിതം റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പകുതിയാക്കി കുറച്ചു. അഞ്ച് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ലാഭവിഹിതമായ 30,660 കോടിയാണ് ഇത്തവണ ആർ.ബി.ഐ നൽകിയത്. കഴിഞ്ഞ തവണ ഇത് 65,876 രൂപയായിരുന്നു. കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനമാണ് ഇത്തവണ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.

ഓരോ സാമ്പത്തിക വർഷത്തെയും കണക്കെടുപ്പുകൾ അവസാനിച്ചതിന് ശേഷം ജൂണിലാണ് റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് ലാഭവിഹിതം നൽകുന്നത്. ആർ.ബി.ഐയ്‌ക്ക് പ്രധാനമായും മൂന്ന് വരുമാനമാർഗങ്ങളാണുള്ളത്. സർക്കാർ കടപ്പത്രങ്ങൾ കൈകാര്യം ചെയ്യുന്നതു വഴിയുള്ളതാണ് ഒന്ന്. ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശ വഴിയുള്ളതാണ് രണ്ടാമത്തെ വരുമാനമാർഗം. ബോണ്ടുകളുടെ പലിശ വഴിയുള്ളതാണ് മൂന്നാമത്തെ വഴി. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ ചെലവ് കഴിഞ്ഞുള്ള ലാഭത്തിന്റെ ഒരു വിഹിതം ആർ.ബി.ഐ സൂക്ഷിക്കും. ബാക്കിയുള്ളതാണ് കേന്ദ്രസർക്കാരിന് ലാഭവിഹിതമായി നൽകുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് ചെലവിടാനുള്ള പണത്തിന്റെ ഒരു ഭാഗം ഇങ്ങനെ ലഭിക്കുന്ന ലാഭവിഹിതമാണ്.

എന്നാൽ ഇത്തവണ ആർ.ബി.ഐ ലാഭവിഹിതം ഗണ്യമായി കുറഞ്ഞത് കേന്ദ്രസർക്കാർ പദ്ധതികൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഈ സാമ്പത്തിക വർഷം ആർ.ബി.ഐയിൽ നിന്നും ലാഭവിഹിതമായി സർക്കാർ പ്രതീക്ഷിച്ചിരുന്നത് 58,000 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ