ക്ലിന്റ്, ജീവിതം പോലെ ആശ്ചര്യം നിറക്കുന്ന ചിത്രം
August 11, 2017, 4:08 am
രൂപശ്രീ ഐ വി
വാക്കുകൾക്കു മുൻപേ വരകളുടെ ലോകത്തെത്തിയ ക്ലിന്റിന്റെ ജീവിതം പോലെ അമ്പരപ്പോടെ മാത്രമേ 'ക്ലിന്റ്' എന്ന സിനിമയും കണ്ടിരിക്കാൻ സാധിക്കൂ. രണ്ടായിരത്തി അഞ്ഞൂറോളം ദിനങ്ങൾ കൊണ്ട് ക്ലിന്റ് വരച്ചു തീർത്ത ഇരുപത്തി അയ്യായിരത്തോളം വരുന്ന ചിത്രങ്ങളാണ് അവന്റെ ജീവിതം. ഒരായുസുകൊണ്ട് ലോകത്തേട് പറയാനുള്ളതൊക്കെയും ഏഴു വർഷം മാത്രം നീണ്ട ജീവിതത്തിലൂടെ ക്ലിന്റ് പറഞ്ഞു. അദ്ഭുതവും ആവേശവും നിറക്കുന്ന ക്ലിന്റിന്റെ ജീവിതം രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയായി അഭ്രപാളികളിലെത്തിച്ചിരിക്കുകയാണ് സംവിധായകൻ ഹരികുമാർ.

മലയാളത്തിന്റെ 'ക്ലിന്റ് ' സ്ട്രോക്ക്
മലയാളത്തിന് ലോകത്തോട് വിളിച്ചു പറയാനുള്ള അഭിമാന കഥയാണ് ക്ലിന്റിന്റേത്. 'ക്ലിന്റ് ' എന്ന പേരിൽ സംവിധായകൻ ഹരികുമാറിന്റെ മനസിൽ സിനിമ ഒരുങ്ങിയത് 2014ലായിരുന്നു. ക്ലിന്റിനെ കുറിച്ച് വായിച്ചും കേട്ടും അറിഞ്ഞവർക്കെല്ലാം മനസിൽ ഉണ്ടായിരിക്കണം ഒരു സിനിമയ്ക്കുള്ള കഥ. ക്ലിന്റിന്റെ മരണത്തിനും ഇരുപത്തിനാല് വർഷങ്ങൾക്കിപ്പുറം ഒളിമങ്ങാത്ത ഓർമകളുമായി മാതാപിതാക്കളായ ചിന്നമ്മയും ജോസഫും സംവിധായകൻ ഹരികുമാറിന്റെ കൈ പിടിച്ച് ക്ലിന്റിന്റെ കഥപറയാനെത്തുകയാണ്. ഒരു ഡോക്യുമെന്ററിയെന്നോണം തുടങ്ങി ക്ലിന്റിന്റെ ലോകത്തിലേക്ക് കടന്ന് ഹൃദയസ്പർശിയായി കഥ പറയാനുള്ള ശ്രമമാണ് ഹരികുമാറിന്റെ 'ക്ലിന്റ് '. ക്ലിന്റിന്റെ ചിന്തകളെയും അറിവിനെയും ഹൃദയസ്പർശിയായി കാൻവാസിലെത്തിക്കാൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയ ഹരികുമാറിന് സാധിച്ചു.

യാഥാർത്ഥ്യവും ഭാവനയും ചേർന്നപ്പോൾ നിറം മങ്ങിയോ?
യാഥാർത്ഥ്യമാണോ എന്ന ചോദ്യമുയർത്തുന്നതാണ് ക്ലിന്റിന്റെ ജീവിതം. സിനിമയുടെ കാൻവാസിൽ അതിന് ഭാവനയുടെ അംശം കൂടി ചേർത്തപ്പോൾ അതി ഭാവുകത്വമുണ്ടാക്കിയോ എന്നു സംശയം തോന്നാം. ഫിക്‌ഷന്റെ ചേരുവകൾ അങ്ങിങ്ങായി മുഴച്ചു നിന്നപ്പോൾ ക്ലിന്റിന്റെ ലോകത്തിന് ചെറുതായി മങ്ങലേറ്റോ എന്നും തോന്നിയേക്കാം. എന്നാൽ മരണമെന്ന യാഥാർത്ഥ്യം ക്ലിന്റെന്ന ഏഴുവയസുകാരനെ പുൽകുന്ന ഭീതിതമായ കാഴ്ചയെ വലിയ കാൻവാസിൽ ഒരു ക്ലിന്റ് ചിത്രം പോലെ വരച്ചുവയ്ക്കാൻ ഹരികുമാർ ആത്മാർത്ഥമായി ശ്രമിച്ചു.

വരികളും ഈണങ്ങളുടെയും അപൂർവ കോമ്പിനേഷൻ
പ്രഭാ വർമ്മയുടെ വരികൾക്ക് ഇളയരാജയുടെ ഈണങ്ങൾ ക്ലിന്റിനെ അനുഭവവേദ്യമാക്കി. ക്ലിന്റെന്ന അതുല്യ പ്രതിഭയായി തൃശൂർ സ്വദേശി മാസ്റ്റർ അലോകിന്റെ വേഷപ്പകർച്ച പ്രേക്ഷകനെ അമ്പരപ്പിച്ചുകളയും. ക്ലിന്റിന്റെ കണ്ണിൽ തങ്ങിനിന്ന അപാരതയും ജീവിതത്തിൽ കുഞ്ഞു ക്ലിന്റിന്റെ നിർബന്ധങ്ങളും ഒരു ചിത്രകാരന്റെ കാർക്കശ്യങ്ങളും ഉൾക്കൊള്ളാൻ അലോകിന് കഴിഞ്ഞു. ചിന്നമ്മയായി റീമാ കല്ലിങ്കലും ജോസഫായി ഉണ്ണി മുകുന്ദനും ക്ലിന്റിന്റെ ഓർമ്മകളിൽ നാളുകൾ എണ്ണി കഴിയുന്ന ചിന്നമ്മയുടെയും ജോസഫിന്റെയും കണ്ണു നിറയ്ക്കും. മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവ് ഇത്തവണയും എടുത്തുപറയേണ്ടിയിരിക്കുന്നു. ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹന‍കുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.

അഭിനയ നിറം നിറഞ്ഞ കാൻവാസ്
ക്ലിന്റിന്റെ കളിക്കൂട്ടുകാരി അമ്മു, ജോസഫിന്റെ സുഹൃത്ത് മോഹനൻ, അടുത്ത കുടുംബാംഗങ്ങൾ തുടങ്ങി ഇന്നും ക്ലിന്റിന്റെ ഓർമ്മയിൽ കഴിയുന്നവരെല്ലാം ചിത്രത്തെ ഭാവതീവ്രമാക്കി. നേമം പുഷ്പരാജ് (കലാ സംവിധാനം), പട്ടണം റഷീദ് (ചമയം), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിങ്ങനെ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിരതന്നെ പിന്നണിയിൽ അണിനിരക്കുന്നു. ക്ലിന്റിന്റെ ഓർമ്മയിൽ കഴിയുന്ന ചിന്നമ്മയുടെയും ജോസഫിന്റെയും ഇന്നത്തെ ജീവിതത്തിലേക്ക് ഒരിക്കൽക്കൂടി കാമറ പായിച്ച് സിനിമയ്ക്ക് തിരശീല വീഴുമ്പോൾ മനസിൽ ഒരു കാര്യം ഒരിക്കൽ കൂടി ഉറപ്പാകും. ക്ലിന്റ് ഒരു അദ്ഭുത ബാലനായിരിന്നു.

പാക്കപ്പ് പീസ്: ക്ലിന്റ്; പൂർത്തിയാക്കാത്ത ഒരോർമ്മച്ചിത്രം
റേറ്റിംഗ്:

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ