ഗഡിമാർ @ 'തൃശ്ശിവപേരൂർ ക്ളിപ്തം'
August 11, 2017, 10:10 pm
ആർ.സുമേഷ്
തൃശൂർ എന്ന് കേൾക്കുന്പോഴേ ഓർമ വരിക ലോകപ്രശസ്തമായ പൂരമാണ്. കതിന മുതൽ അമിട്ട് വരെയും ആനയും അന്പാരിയും പിന്നെ വൻ പുരുഷാരവുമൊക്കെ കാണാൻ ഒരു ചേലാണ്. മേളപ്രപഞ്ചം,​ വർണ വിസ്‌മയം വെടിക്കെട്ട് എന്നിങ്ങനെ മൂന്ന് വാക്കുകളിൽ ഒതുക്കാവുന്ന പൂരത്തിന്റെ നാട്ടിൽ നിന്ന് ഏറ്റവും ഒടുവിൽ വരുന്ന സിനിമയാണ് നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്ത 'തൃശ്ശിവപേരൂർ ക്ളിപ്തം'. ഇതിന് മുന്പ് തൃശൂരിൽ ജനിച്ച സിനിമ ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം ആയിരുന്നു. ഗഡിയുടെ ആ സിനിമ വെടിക്കെട്ടടക്കം എട്ടുനിലയിൽ വിരിയാതെ തന്നെ പൊട്ടി.

രണ്ടു ഗഡിമാരുടെ കഥ
പേരുപോലെ തന്നെ തൃശൂരും പരിസരങ്ങളും പിന്നെ രണ്ട് പ്രധാന ഗഡിമാരുമാണ് സിനിമയുടെ കേന്ദ്രകഥാപാത്രങ്ങൾ. ഡേവിഡ് പോളി (ചെന്പൻ വിനോദ്)​, ജോയ് ചെന്പാടൻ (ബാബുരാജ്)​ എന്നിവരാണ് ആ ഗഡിമാർ. ഗഡിമാർ എന്നുപറഞ്ഞാൽ വെറും ഗഡിമാരല്ല. ഒരേ സ്‌കൂളിൽ ഒരേ ക്ളാസിൽ പഠിച്ചവർ. പക്ഷേ, എന്തുചെയ്യാം,​ രണ്ടു പേരും ഇപ്പോൾ കീരിയും പാന്പും പോലെയാണ്. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ എന്നാണല്ലോ ചൊല്ല്. ഇവിടെയും പ്രശ്നം പെണ്ണാണ്. പെണ്ണിന്റെ പേരിൽ അടിച്ചു പിരിഞ്ഞു. മുതിർന്നപ്പോൾ ആ പകയും അവർക്കൊപ്പം വളർന്നു. അങ്ങനെയിരിക്കെ ഡേവിഡിന്റെ ഗ്യാംഗിൽ ഗിരിജാവല്ലഭൻ (ആസിഫ് അലി)​ വന്നു പെടുന്നു. പിന്നെ എന്തുണ്ടായി?​ ശേഷം ഭാഗം സ്ക്രീനിൽ.

വട്ടം കറക്കുന്ന തിരക്കഥ
തൃശൂരിന് പ്രത്യേകതയുണ്ട്. അവിടെ എവിടെ ചെന്നാലും ഒരു റൗണ്ട് ഉണ്ടാവും. പരിചയമില്ലാത്ത ആരെങ്കിലുമാണ് ചെല്ലുന്നതെങ്കിൽ അവർ വട്ടം ചുറ്റി ഒരു പരുവമാവുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇനി തൃശൂർക്കാർ എങ്ങോട്ടെങ്കിലും പോയാലോ വട്ടം ചുറ്റിയേ ലക്ഷ്യത്തിലെത്തൂ. അതുപോലെ തന്നെയാണ് സിനിമയുടെ തിരക്കഥയും. പ്രേക്ഷകനെ വട്ടംചുറ്റിക്കാനുള്ള എല്ലാ ചുറ്റുവട്ടവും തിരക്കഥാകൃത്ത് പി.എസ്.റഫീഖ് ഒരുക്കി വച്ചിട്ടുണ്ട്.

ആദ്യ പകുതിയിൽ കഥാപാത്രങ്ങളുടെ പരിചയപ്പെടുത്തലും അവരുടെ വീരസാഹസങ്ങളുമാണ് വർണിക്കുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ ആദ്യം പ്രതീക്ഷ നൽകുമെങ്കിലും രണ്ടാം പകുതിയോടെ വഴിപിഴച്ചു പോവുന്നു. പിന്നെ ക്ളൈമാക്സ് എന്താണെന്ന് ഊഹിക്കാവുന്ന തരത്തിലാണ് സിനിമയുടെ പോക്ക്. വിവാഹം കഴിക്കാനായി പെണ്ണിനെ തേടി അലയുന്ന ഗഡി,​ കെട്ടിയ പെണ്ണിനൊപ്പം കൂടെ താമസിക്കാൻ കഴിയാത്ത ഗഡി, പെണ്ണിനെ ഭോഗവസ്തുവായി കാണുന്നവർ,​ പെണ്ണിനെ കച്ചവടം ചെയ്യുന്നവർ അങ്ങനെയുള്ള ഗഡിമാരെല്ലാം സിനിമയുടെ ഭാഗമാണ്. തികച്ചും സ്ത്രീ വിരുദ്ധതയാണോ സിനിമ ചർച്ച ചെയ്യുന്നത് എന്നുപോലും തോന്നിപ്പോവുന്ന രംഗങ്ങൾ പലതുണ്ട് സിനിമയിൽ. അമ്മാവന്റെ ഭാര്യയുടെ കുളിസീൻ കാണുന്ന മരുമകൻ, പോരാത്തതിന് തെന്നിന്ത്യൻ നടി ശിൽപി ശർമയുടെ കുലുക്കി തകതയും. പെണ്ണിന്റെ പേരിൽ തുടങ്ങിയ കലിപ്പ് തീർക്കാൻ പെണ്ണിനെ തന്നെ ഉപയോഗിക്കുന്നതും പിന്നീടും പെണ്ണിനാൽ തന്നെ എല്ലാം കോംപ്ളിമെന്റ്സാക്കുന്നതും സിനിമയുടെ ഭാഗം തന്നെ.

നായകൻ എട്ടുനിലയിൽ വിരിയും
ആസിഫ് അലിയാണ് നായകനെങ്കിലും രണ്ട് ഗഡിമാരാണ് സിനിമയെ കൊണ്ടുപോകുന്നത്. പക്ഷേ,​ ഗിരിജാവല്ലഭൻ എന്ന ഗഡി ഇടയ്ക്കിടെ കയറിയങ്ങ് സ്റ്റാറാവുന്നുണ്ട്. സിനിമയുടെ തുടക്കത്തിലേ തന്നെ പറയുന്നുണ്ട്,​ നായകനാവാനുള്ള ഒരു ഗുണവും ഗിരിജാവല്ലഭനില്ലെന്ന്. അത് തിരുത്തണോ വേണ്ടയോ എന്ന കാര്യം നിഷ്‌പക്ഷ പ്രേക്ഷകർക്ക് വിടുന്നു. നായകനെ ഉയർത്തിപ്പറയുന്ന ഡയലോഗുകൾക്കും പഞ്ഞമില്ല. അത്തരത്തിലൊന്നാണ് നീയാണ് എട്ടുനിലയിൽ വിരിയാൻ പോകുന്ന നായകൻ എന്ന്.

ആസിഫിന്റെ അഭിനയത്തെ കുറ്റം പറയേണ്ടതില്ല. നാണം കുണുങ്ങിയായ കഥാപാത്രത്തെ ആസിഫ് നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ,​ കരിയറിലെ മികച്ച കഥാപാത്രമാണിതെന്ന് പറയാനുമാവില്ല. സൺഡേ ഹോളിഡേ എന്ന സിനിമയിലെ ആസിഫിന്റെ പ്രകടനം ഇതിലും മികച്ചതായിരുന്നു.

ഭാഗീരഥി എന്ന ഓട്ടോഡ്രൈവർ
ചിത്രത്തിലെ നായിക അപർണ ബാലമുരളി അവതരിപ്പിക്കുന്ന ഭാഗീരഥി എന്ന കഥാപാത്രം തന്റേടിയും സ്ത്രീ സംരക്ഷകയുമൊക്കെയാണ്. കഥാപാത്രത്തിന്റെ സ്വഭാവം വച്ചു നോക്കിയാൽ സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ അപർണ അവതരിപ്പിച്ചേതിന് സമാനമാണ് ഈ വേഷമെന്നും മനസിലാവും. മികച്ച രീതിയിൽ തന്നെയാണ് അപർണ ഈ വേഷം അവതരിപ്പിച്ചിരിക്കുന്നതും. ഓട്ടോ ഡ്രൈവറാണേലും ഹോക്കി സ്‌റ്റിക്കൊക്കെ നല്ലപോലെ ഉപയോഗിക്കാനറിയാം.

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ചെന്പൻ വിനോദിന്റേതാണ്. ഹാസ്യ വേഷങ്ങളിൽ നിന്ന് സ്വഭാവ നടൻ എന്ന ലേബലിലേക്കുള്ള ചെന്പന്റെ ചുവടുമാറ്റം അഭിനന്ദനം അർഹിക്കുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് അമിതാവേശം കാണിക്കാതെ കഥാപാത്രവുമായി ഇഴുകിച്ചേരാനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ടു നിറുത്തുന്നുണ്ട്. ബാബുരാജിന്റെ കഥാപാത്രം അൽപം ഓവറാണ്. ഇർഷാദ്, റോണി,​ ശ്രീജിത്ത് രവി,​ വിജയകുമാർ തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന ഗഡിമാർ.

വാൽക്കഷണം: ഗഡിമാർ വിരിഞ്ഞോട്ടെ
റേറ്റിംഗ്:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ