റെസ്‌റ്റ് ഹൗസുകൾ വെടിപ്പാക്കും
August 12, 2017, 10:06 am
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം : കാടു മൂടിയ പരിസരവും വെടിപ്പില്ലാത്ത മുറികളും പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ നിന്ന് പടിയിറങ്ങുന്നു. പേരുദോഷമുണ്ടാക്കിയിരുന്ന റെസ്റ്റ് ഹൗസുകൾക്ക് ശാപമോക്ഷം നൽകാനാണ് വകുപ്പിന്റെ തീരുമാനം. തങ്ങളുടെ കീഴിലുള്ള 149 റെസ്റ്റ് ഹൗസുകളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു. 1000 കോടി രൂപയെങ്കിലും നവീകരണപ്രവർത്തനങ്ങൾക്ക് വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവുമാണ് പ്രധാനം. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ആലോചനായോഗത്തിലുയർന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ റെസ്റ്റ്ഹൗസിലും വരുത്തേണ്ട പരിഷ്‌കാരങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കുന്നത്. റെസ്റ്റ് ഹൗസുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം നാമമാത്രമാണെന്നതായിരുന്നു ഇത്രയുംനാൾ ഇവിടെ നവീകരണപ്രവർത്തനങ്ങൾ നടത്താതിരുന്നതിനു പിന്നിൽ. പദ്ധതികൾക്ക് ഭരണാനുമതി കിട്ടിക്കഴിഞ്ഞാൽ പ്രവൃത്തികളുടെ ടെൻഡർ ചെയ്യൽ അടക്കമുള്ള ജോലികൾ വേഗത്തിലാക്കും.

വരുന്നത് ഹൈ ടെക് സൗകര്യങ്ങൾ
എല്ലാ മുറികളിലും വൈ ഫൈ ലഭ്യമാക്കും
റൂമുകളുടെ ബുക്കിംഗ് ഓൺലൈൻ വഴി
എല്ലാ റെസ്റ്റ് ഹൗസുകളിലും എ സി മുറികൾ

കാന്റീൻ, യൂണിഫോം
എല്ലാ റെസ്റ്റ് ഹൗസുകളിലും കാന്റീൻ സൗകര്യം ഏർപ്പെടുത്തും. ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കും. ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കും.ആവശ്യമുള്ള സ്ഥലങ്ങളിൽ ജീവനക്കാരെ താത്കാലികമായോ അല്ലാതെയോ നിയമിക്കും.

കയർഫെഡിന്റെ കൈത്താങ്ങ്
റെസ്റ്റ്ഹൗസുകൾക്ക് മോടി കൂട്ടാൻ സർക്കാർ സ്ഥാപനമായ കയർഫെഡുമായി പൊതുമരാമത്ത് വകുപ്പ് കൈകോർക്കും.മെത്ത, തലയിണ, ഫ്‌ളോർമാറ്റുകൾ, ചവിട്ടികൾ തുടങ്ങിയവ കയർഫെഡിൽ നിന്നുള്ളതാവും. 33 ശതമാനം വരെ വിലക്കുറവിൽ ഉത്പന്നങ്ങൾ കയർഫെഡ് നൽകും.

വാടകയിൽ വർദ്ധന
75 രൂപമുതൽ മുകളിലേക്കാണ് ഇപ്പോൾ മുറികളുടെ ദിവസവാടക. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിൽ നേരിയ വർദ്ധന വരുത്തും

നവീകരണ പ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടില്ല.മുഖ്യമന്ത്രിയുമായി ആലോചിച്ച് പുറമെ നിന്നുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക പങ്കാളിത്തം ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും
ജി.സുധാകരൻ,പൊതുമരാമത്ത് മന്ത്രി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ