എന്റെ ചോദ്യങ്ങൾക്ക് മറുപടി തരൂ
August 20, 2017, 9:14 am
അപർണ കെ.ബാബു
കുട്ടിക്കാലം മുതലേ വിജയ് സേതുപതി ഇങ്ങനെയായിരുന്നു. മനസിനെ വല്ലയിടത്തും കറങ്ങാൻ വിട്ട്, അതിന്റെ ചരടിൽ തൂങ്ങി അങ്ങനെയങ്ങ് സഞ്ചരിക്കും. ഇവനിതെന്ത് പറ്റി എന്ന തോന്നൽ ആദ്യമുണ്ടായത് മറ്റാർക്കുമല്ല, സിവിൽ എൻജിനിയറായ അച്ഛനു തന്നെ. മകൻ വഴിതെറ്റിപ്പോകാതിരിക്കാൻ അദ്ദേഹം അവന്റെ മേൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഇങ്ങനെ നടന്നാൽ പോരെന്നും പഠനത്തിലാവണം ശ്രദ്ധയെന്നും അച്ഛൻ വിജയ്ക്ക് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. അതെല്ലാം വിജയ് കേട്ടു, കാതു കൊണ്ടു മാത്രം. ആ വാക്കുകളൊന്നും മനസിലേക്ക് കടത്തി വിട്ടതു പോലുമില്ല. പഠനത്തിൽ ശരാശരിക്കാരനായ ഒരു കുട്ടിക്ക് സ്വപ്നം കാണാനായി മുന്നിൽ കരിയർ മോഹങ്ങളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ അവൻ ജീവിതം തേടി ദുബായ്യിലേക്ക് പോയി. ആ സമയത്താണ് ഹൃദയം കവർന്ന പ്രണയപ്പുഴയിലേക്ക് വിജയ് നിലതെറ്റി വീണത്. ആ പുഴയോട് ചേർന്നൊഴുകാനായി തിരിച്ച് നാട്ടിലേക്ക് തന്നെ പോരേണ്ടി വന്നു. ജീവിക്കാനായി ഒരു തിയേറ്റർ ഗ്രൂപ്പിലെ അക്കൗണ്ടന്റായി. അപ്പോഴും വിജയ് പഴയ ചിന്തകളെ വെറുത വിട്ടിരുന്നില്ല. മനസിൽ ചിന്നിച്ചിതറിയ ചിത്രങ്ങളെല്ലാം ഒടുവിൽ ചെന്നെത്തിയത് സിനിമയിലേക്കായിരുന്നു. ഇന്നിപ്പോൾ തമിഴ് സിനിമയിലെ 'മോസ്റ്റ് വാണ്ടഡ് ' ആക്ടറായി വിജയ് സേതുപതി മാറിയിരിക്കുന്നു. വിക്രം വേജ എന്ന ചിത്രം വിജയ്‌യെ അടയാളപ്പെടുത്തിക്കഴിഞ്ഞു. ജീവിതവുമായി ബന്ധമില്ലാത്ത നായകൻമാരുടെ എണ്ണം കൂടി വരുമ്പോൾ മണ്ണിൽ കാൽകുത്തി നടന്നു, ഇതാ ഇവിടെയാണ് ജീവിതമെന്ന് ആർത്തു വിളിക്കുകയാണ് പച്ചയായ ഈ നടൻ.

'വിക്രം വേദ' ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?
എന്നുമെന്നതു പോലെ ഉള്ളിലുണ്ടായിരുന്നത് പ്രതീക്ഷയല്ല, പേടി മാത്രമായിരുന്നു. സാധാരണ രീതിയിലുള്ള സിനിമയല്ല ഇത്. എന്നെ കാണാനെത്തുന്നവർ ചോദിക്കുന്നത് എങ്ങനെയാണ് ഈ സിനിമ ഉണ്ടാക്കിയതെന്നാണ്. ഞാൻ അതേക്കുറിച്ച് കുറേ ചിന്തിച്ചു. സത്യം പറഞ്ഞാൽ പുതിയ തലമുറയിലെ കുട്ടികൾക്ക് വിക്രമും വേതാളവും ആരാണെന്ന് അറിയാമോ?

എങ്ങനെയാണ് കഥയിലേക്ക് വന്നു വീണത്?
ഈ കഥ കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടി. എന്തുകൊണ്ട് ഒരാളും ഇങ്ങനെ ഒരു കഥയെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നത് അത്ഭുതമായി തോന്നി എനിക്ക്. ഗായത്രിയുടെയും പുഷ്‌കറിന്റെയും കഥ പുതിയ കാലത്തിൽ പറയുമ്പോൾ പഴയകഥയുടെ ഒരു രസവും ചോരുന്നില്ല എന്നതിലാണ് കാര്യം. ചോദ്യവും ഉത്തരങ്ങളും പിന്നെയും പിന്തുടരുകയാണ്. ഓരോ ഉത്തരത്തിനു ശേഷവും വിക്രം വീണ്ടും വേതാളത്തിന്റെയരികിലെത്തുന്നു. പഴയ കഥയായിട്ടു പോലും സസ്‌പെൻസിന്റേതായ ഒരു നിമിഷം ഓരോ നിമിഷവും അവർ കഥയിൽ കരുതിവച്ചു എന്നതും അത്ഭുതപ്പെടുത്തി. ഈ അവസരം നഷ്ടടപ്പെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല.

വേതാളമാണ് റോൾ എന്നറിഞ്ഞപ്പോൾ ഒന്നു മടിച്ചോ?
എന്തിന്? ഒരിക്കലുമില്ല. ആദ്യമേ തന്നെ വേതാളത്തിന്റെ റോൾ ആണെന്ന് എന്നോട് പറഞ്ഞിരുന്നു. വേതാളത്തിന്റെ ബുദ്ധി സത്യത്തിൽ ജീവിതത്തിൽ നിന്നും തന്നെ ഉരുത്തിരിയുന്നതാണ്. ജീവിതം മനോഹരമാണെന്ന കാഴ്ചപ്പാടാണ് വേതാളത്തിന്റേത്. ഞാൻ വേതാളത്തിന്റെ തൊട്ടടുത്താണെന്ന തോന്നലാണ് അന്നും ഇന്നും എന്നും.

ജീവിതത്തിലെ സ്വപ്നങ്ങൾ എന്തായിരുന്നു?
ഒന്നുമില്ല. എല്ലാം വളരെ വളരെ സാധാരണം. എനിക്ക് വീട്ടിലെ ലോൺ അടക്കണമായിരുന്നു, സ്വന്തമായി ഒരു വീട് പണിയണം, വിവാഹം ചെയ്യണം. അത്രമാത്രം, ഞാൻ എന്നെ തന്നെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നാണ് സിനിമ. ഞാൻ നേരത്തെ പറഞ്ഞല്ലോ. ഒരു സുഹൃത്തിന്റെ കാര്യം. ഞാൻ സിനിമയിലെത്തുന്നതിന് മുമ്പ് അവൻ എന്നോട് പറഞ്ഞിരുന്നു, ഒരു നടനാകാൻ ഒരുങ്ങിക്കോ എന്ന്. ആ സുഹൃത്ത് നൽകിയ അനുഭവങ്ങളും ഏറെ വിലപിടിപ്പുള്ളതായിരുന്നു. നമ്മൾ ചുറ്റുപാടുകളിൽ നിന്നും പഠിക്കുന്നതും അനുഭവിക്കുന്നതൊന്നുമല്ല യഥാർത്ഥ പോരാട്ടം. അഭിനയം എന്നത് നമുക്ക് കിട്ടുന്ന സാഹചര്യങ്ങളിൽ വളരെ നന്നായി പ്രതികരിക്കുന്നതാണ്. എനിക്ക് അഭിനയിക്കാനും കഴിയും. അങ്ങനെയേ കണ്ടിട്ടുള്ളൂ.

പക്ഷേ ഇപ്പോൾ വിജയ് സേതുപതി എന്നത് ഒരു പേരാണ്?
അങ്ങനെ ഒരു പേര് നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഏതെങ്കിലും പേര് പറയുന്നത് പുതിയ തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുന്നതിന് തുല്യമാണ്. ഞാൻ മണികണ്ഠനെ പോലെയുള്ള സിനിമാക്കാരെ തിരഞ്ഞെടുക്കുകയോ പിന്തുടരുകയോ ചെയ്തിരുന്നില്ലെങ്കിൽ, ഒരു സീരിയലിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ എവിടെയായിരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല. സിനിമയിൽ ഒഴിവുള്ള ഏതോ ഒരിടത്ത് വന്നു ചേരുകയായിരുന്നു ഞാൻ. പുതുമുഖ നടൻമാർക്ക് തിരക്കഥ നൽകുന്ന പതിവ് സിനിമയിലില്ല. പക്ഷേ, എന്റെ ആദ്യ സിനിമയുടെ സംവിധായകൻ സീനു രാമസ്വാമി തിരക്കഥ വായിക്കാൻ തന്നു. സത്യത്തിൽ സീനുവാണ് എന്നിലെ നടൻ എന്ന സത്തയെ വളർത്തി വലുതാക്കിയത്. എന്റെ കുഞ്ഞിന് വേണ്ടി യാചിക്കുന്നതും കരയുന്നതുമായിരുന്നു ഷോട്ട്. ഈ രംഗം ചിത്രീകരിക്കുമ്പോൾ ഒരു ലൈറ്റ് മെൻ വന്ന് എന്നെ കണ്ടത് എനിക്കോർമ്മയുണ്ട്. ആരാണ് അഭിനയിക്കുന്നതെന്ന് അറിയാനായിരുന്നു അയാൾ മുന്നേട്ടേക്ക് വന്നത്.

ആർക്കൊപ്പം ജോലി ചെയ്യാനാണ് കൂടുതൽ ഇഷ്ടം?
സംവിധായകർ ആരാണ് എന്നത് എന്റെ വിഷയമല്ല. പക്ഷേ, അവർ കഥ പറയുമ്പോൾ എന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. ഞാൻ കേൾക്കുന്ന കഥ അവരുടെ ചിന്തകളിൽ എത്ര മാത്രമുണ്ടെന്ന് എനിക്കറിയണം. ഷൂട്ടിംഗ് തുടങ്ങിയതിനുശേഷം അവർക്ക് കഥയിൽ മാറ്റങ്ങൾ വരുത്താനുള്ള അവകാശമുണ്ട്. പക്ഷേ, എന്റെ പ്രതീക്ഷ എന്നു പറയുന്നത് ചോദ്യങ്ങളും ഉത്തരങ്ങളും നേർരേഖയിൽ വരണമെന്നാണ്. ചിലപ്പോൾ ഞാൻ എന്റെ നിർദ്ദേശങ്ങൾ അവരോട് പറയും. അത് ഒത്തുചേർന്ന് ജോലി ചെയ്യാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം. കൊടുക്കുക, വാങ്ങുക എന്നത് സിനിമയിൽ വളരെ പ്രാധാന്യമുള്ളതാണ്.

നിങ്ങളുടെ കഥാപാത്രങ്ങൾ നിങ്ങളെ മാറ്റിയിട്ടുണ്ടോ?
ഒരു കഥാപാത്രം ചെയ്യുക എന്നു വച്ചാൽ ഡയലോഗുകൾ പറയുക എന്നു മാത്രമല്ല അർത്ഥം. അവതരിപ്പിക്കുന്നതിന് മുമ്പ് എന്നിലൂടെ തന്നെ ആ കഥാപാത്രം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കും. ഒരു സമയം കഴിഞ്ഞപ്പോൾ അവരും ഞാനും തൊട്ടടുത്തെത്തും. കഥാപാത്രങ്ങളിലൂടെയും ഞാൻ സ്വയം പക്വത ആർജ്ജിക്കുന്നുണ്ട്. അതൊരു പ്രോസസ് ആണ്. കൊണ്ടും കൊടുത്തുമുള്ള തിരിച്ചറിവ്, അതു വേണം. അതുണ്ടായേ പറ്റുള്ളൂ.

താങ്കളെ സംബന്ധിച്ച് തിരക്കഥ എന്താണ്?
ഇങ്ങനെയാവണം തിരക്കഥ എന്ന് പറയാൻ എനിക്ക് കൃത്യമായ അറിവുകളില്ല, മനസിൽ ഒരു തരത്തിലുള്ള ചേരുവകളുമില്ല. അതേ പോലെ മാനദണ്ഡങ്ങളും മുൻഗണനാക്രമങ്ങളുമില്ല. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം കഥയിൽ ആദ്യം ആകർഷിക്കുന്ന കാര്യം എന്താണ് എന്നതാണ്. കഥാപാത്രങ്ങൾ, അവരുടെ വ്യക്തിത്വം. ഇതൊക്കെ ഞാൻ നോക്കും. കഥ പറഞ്ഞിട്ടും അവരെ മനസിലാകുന്നില്ലെങ്കിൽ ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. സംശയങ്ങളൊന്നുമില്ലാത്ത ഉത്തരങ്ങൾ കിട്ടണമെന്നാണ് എന്റെ ആഗ്രഹം. ആ സമീപനം വളരെ ലളിതമാണ്. എനിക്ക് യാതൊരു വിധത്തിലുള്ള മുൻവിധികളുമില്ല. മനസിൽ നേരത്തെ ഒന്നും നിശ്ചയിക്കാറുമില്ല. ജീവിതത്തിൽ ഇതുവരെ എന്റെ കരിയറോ, റോളുകളോ ഞാൻ പ്ലാൻ ചെയ്തിട്ടില്ല. എന്റെ മുന്നിലുള്ള വാതിലുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. ചിലപ്പോൾ എന്നിലേക്ക് വരുന്ന കഥാപാത്രങ്ങൾ മികച്ചതായിരിക്കും, പക്ഷേ ആ മികവ് സിനിമയുമായി ചേർന്നു പോകണം. ഒരു സിനിമ തീരുമാനിക്കുമ്പോൾ ഞാൻ സ്‌ക്രി്ര്രപ് വായിക്കും, ഞാൻ അഭിനയിക്കേണ്ട സീനുകളെക്കുറിച്ചും കുറേ നേരം ചിന്തിക്കും. എന്നിട്ട് അഭിനയിക്കുന്നു, അല്ലെങ്കിൽ എന്റെ മുന്നിലുള്ള സാഹചര്യങ്ങളോട് പ്രതികരിക്കുന്നു. കഥയുടെ ആത്മാവ് എന്താണെന്ന് മനസിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്, അതാണ് എന്നെ വഴികാട്ടുന്നത്. ചിലപ്പോൾ ഞാൻ ചോദ്യങ്ങൾ ചോദിക്കും, എന്റെ മനസിൽ എന്നിട്ടും എന്തെങ്കിലും വിടവുകളുണ്ടെങ്കിൽ കുറച്ചുകൂടെ സീനുകൾ വേണമെന്ന് അപേക്ഷിക്കും.

തുടക്കത്തിൽ ശരിക്കും പോരാടിയല്ലേ?
പോരാട്ടം എന്ന വാക്ക് ഉപയോഗിക്കരുത്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പോലും നടനാകുമെന്നോ താരമാകുമെന്നോ പ്രതീക്ഷിക്കാത്ത ഒരാളാണ് ഞാൻ. ഒരിക്കൽ എന്റെ സുഹൃത്ത് പറഞ്ഞു, ഞാൻ ജനിച്ചതു തന്നെ നടനാകാനാണെന്ന്. പക്ഷേ ഞാനത് അംഗീകരിച്ചില്ല. അഭിനയത്തിൽ എനിക്ക് യാതൊരു മുൻപരിചയവുമില്ല, സിനിമ പോലും ഞാൻ കാണുന്നില്ല എന്നായിരുന്നു ആ സുഹൃത്തിനോട് പറഞ്ഞത്. അതുകൊണ്ടു തന്നെ ഇതൊന്നും നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്ന് പറയാൻ കഴിയില്ല.

കഠിനമായ കഥാപാത്രങ്ങൾ. വിട്ടു പോകാൻ മടിക്കാറില്ലേ?
അതെല്ലാം നാടകങ്ങൾ മാത്രമല്ലേ? ഡയറക്ടർ കട്ട് പറയുമ്പോഴേക്കും ഞാൻ ആ കഥാപാത്രത്തിൽ നിന്നും പുറത്തു കടക്കും.

സ്വന്തം ചിത്രങ്ങൾ കാണാറുണ്ടോ?
ആദ്യദിവസം തന്നെ, പക്ഷേ, ഒരിക്കലും ആദ്യ ഷോ കാണാറില്ല. എനിക്ക് ഒരൽപ്പം പേടി തോന്നും. ആദ്യ ഷോയുടെ റിസൽട്ട് അറിഞ്ഞതിനുശേഷമേ രണ്ടാമത്തെ ഷോയ്ക്ക് കയറുകയുള്ളൂ.

നിങ്ങളോടുള്ള ആളുകളുടെ സ്‌നേഹം പേടിപ്പെടുത്തുന്നുണ്ടോ?
തീർച്ചയായും. വല്ലാത്ത പേടിയാണെനിക്ക്. ആളുകൾക്ക് സിനിമ കാണുമ്പോൾ ആ കഥാപാത്രങ്ങളോടുള്ള സ്‌നേഹമാണ് എന്നോടും. ഞാൻ എന്ന വ്യക്തി ആരാണെന്നതിനെക്കുറിച്ച് അവർക്ക് ഒന്നുമറിയില്ല. ഞാൻ വെറുമൊരു സാധാരണക്കാരനാണ്, അൽപ്പം വട്ടുള്ള, തോന്നലുകൾ മാറിക്കൊണ്ടിരിക്കുന്ന, ഒഴുകിക്കൊണ്ടിരിക്കുന്ന ഒരാൾ. ആരാധന ഒരതിരു വരെ മാത്രം മതിയെന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. താരങ്ങളിൻമേൽ ഒരുതരത്തിലുള്ള അമിതപ്രതീക്ഷകളും വയ്ക്കരുത്.

മറ്റു നടൻമാരെ താരതമ്യപ്പെടുത്തുമ്പോൾ എവിടെയാണ് നിങ്ങളുടെ സ്ഥാനം?
ഞാൻ ഒരാളുമായി എന്നെ താരതമ്യപ്പെടുത്താറില്ല. എന്തിനാണത്. അതിന്റെ ആവശ്യം ഒട്ടുമില്ല, അപകടവുമാണത്. ഇഷ്ടത്തിനനുസരിച്ച് പാറിപ്പറന്നു നടക്കുന്ന ഒരു പക്ഷിയായാണ് എന്നെ ഞാൻ കാണുന്നത്. എവിടെയും പറക്കുന്ന, തന്റെ യാത്രകൾ ആസ്വദിക്കുന്ന ഒരാൾ. അവിടെ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. പ്രേക്ഷകർ നിങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നു നോക്കിയാണ് സിനിമ നിങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം നൽകുന്നത്. അതെന്തായാലും ജീവിതത്തിൽ സ്വന്തം ജോലികൾ എല്ലാവരും നന്നായി ചെയ്യണം. അത്ര മാത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.