അഗ്നിപരീക്ഷയുടെ നാളുകളായിരുന്നു അത്
August 20, 2017, 9:30 am
ആര്യ വി.എ
മൂടിക്കെട്ടി നിന്ന മഴ പെയ്തു തോർന്നതിന്റെ സന്തോഷമുണ്ട് ശ്രീശാന്തിന്റെ മുഖത്ത്. ജീവിതത്തിലെ മോശം സമയമെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനിയൊരു പുതുജന്മം. അതാണ് ശ്രീശാന്തിന്റെ മനസിലിപ്പോഴുള്ളത്. കലൂരിലെ 'നവനീതം' വീട്ടിൽ സന്തോഷം നിറഞ്ഞു തുളുമ്പുകയാണ്. എല്ലാ അഗ്നി പരീക്ഷയും ജയിച്ച് വിജയശ്രീ ലാളിതനായി 'ശ്രീ' അവിടെയുണ്ട്. ഒപ്പം അമ്മയും അച്ഛനും പിന്നെ പ്രാണപ്രിയേശ്വരിയും മക്കളും.

ജീവിതത്തിലെ പ്രതിസന്ധികളിൽ താങ്ങും തണലുമായി കൂടെ നിന്നത് ഇവരാണ്, മനസ് തകർന്നേക്കാവുന്ന ഇടങ്ങളിലെല്ലാം അവർ ആ തളർച്ചയെ മാറ്റി... ഒടുവിൽ എല്ലാം കലങ്ങി തെളിഞ്ഞ് പഴയ സന്തോഷവും പ്രതാപവും മടങ്ങിയെത്തുമെന്ന് ആത്മധൈര്യം നൽകി.. എല്ലാത്തിലും കൂടെ നിന്നവർക്ക് നന്ദി പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ശ്രീ.

'' എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ജീവിതത്തിലെ കറുത്തൊരദ്ധ്യായം മാഞ്ഞു കിട്ടി. ഇതുപോലൊരു പരീക്ഷണം ആർക്കും ഉണ്ടാകാതിരിക്കട്ടെ. കുറ്റപ്പെടുത്തി, മാറ്റി നിറുത്തിയ പലരും ഇന്ന് അരികിലേക്ക് എത്തുന്നുണ്ട്. അപ്പോഴും എന്നെ വിശ്വസിച്ചവരും സ്‌നേഹിച്ചവരും ഒരുപാടുണ്ടായിരുന്നു. ഇനി മനസിൽ പഴയതൊന്നുമില്ല. മടങ്ങിയെത്തണം എനിക്ക്. അത്രേയുള്ളൂ. ''

ശ്രീ സംസാരിക്കുമ്പോൾ അത് വെറുമൊരു വർത്തമാനമായി തോന്നിയില്ല. ഉറച്ച വാക്കുകളും നിശ്ചയദാർഢ്യവും തെളിഞ്ഞു നിൽപ്പുണ്ട്. പക്ഷേ ആ ധൈര്യം നൽകിയത് പ്രിയപ്പെട്ടവരുടെ സ്‌നേഹമാണെന്ന് ശ്രീ തുറന്നു പറയുന്നുണ്ട്.

''എന്റെ കുടുംബമാണ് എന്നും എന്റെ ശക്തി. അച്ഛനും അമ്മയും തന്ന പ്രോത്സാഹനമാണ് എന്നിലെ കായികതാരത്തെ വളർത്തിയെടുത്തത്. പിന്നീട്, ജീവിതപ്പാതിയായി എത്തിയ ഭുവനേശ്വരി. ഒടുവിൽ മകൾ ശ്രീക്കുട്ടി, മോൻ. അവരുടെ കളിയും ചിരിയും എന്റെ എല്ലാ വേദനകളും മായ്ച്ചുകളഞ്ഞു.''

2007 കാലത്ത് ഇംഗ്ലണ്ടിനെതിരെ ജയ്പ്പൂരിൽ കളിക്കാനെത്തിയപ്പോഴായിരുന്നു ശ്രീശാന്ത് ഭുവനേശ്വരിയെ പരിചയപ്പെടുന്നത്. അന്ന് ഒരു ആരാധികയായിട്ട് ഫോട്ടോയെടുക്കാനായിരുന്നു ഭുവനേശ്വരി എത്തിയത്. കൂട്ടത്തിൽ ശ്രീയോട് ഒന്നു സംസാരിക്കുകയും വേണം. ഫോട്ടോയെടുത്ത് കഴിഞ്ഞ ശേഷം പരസ്പരം ഇരുവരും ഫോൺ നമ്പറും കൈമാറി. ആരാധന പതിയെ പ്രണയമായി. മനസിലുണ്ടായിരുന്ന ഭാര്യയുടെ ഗുണങ്ങളെല്ലാം ഭുവനേശ്വരിയിൽ കണ്ടതോടെ ശ്രീയും മനസിലുറപ്പിച്ചു, ഇവൾ തന്നെ എന്റെ ജീവിതപങ്കാളി. ഒടുവിൽ, 2011ൽ വിവാഹിതരാകാൻ തീരുമാനിച്ചപ്പോഴായിരുന്നു പരുക്കേറ്റതിനെ തുടർന്ന് തീരുമാനം മാറ്റിവയ്‌ക്കേണ്ടി വന്നത്. പിന്നെ കേസും വിവാദങ്ങളും. എല്ലാവരും ശ്രീയെ ഒറ്റനിമിഷം കൊണ്ട് തള്ളിപ്പറഞ്ഞെങ്കിലും ഭുവനേശ്വരി അപ്പോഴും കൂടെ തന്നെ നിന്നു. ആ പ്രണയമാണ് തന്റെ ശക്തിയെന്ന് ശ്രീശാന്ത് പറയുന്നു. ശ്രീ, തീഹാർ ജയിലിൽ കിടന്നപ്പോൾ വെറും നിലത്തായിരുന്നു ഭുവനേശ്വരി കിടന്നിരുന്നത്. അത്ര മാത്രമുണ്ടായിരുന്നു പ്രണയത്തിന്റെ സ്പന്ദനം. കൂടെ നിന്ന പ്രണയത്തിന് നന്ദി പറയേണ്ട കാര്യമില്ലെങ്കിലും പലപ്പോഴും ശ്രീ അതു ഉറക്കെ തന്നെ പറഞ്ഞിരുന്നു. അതുതന്നെയായിരുന്നു നിർഭാഗ്യങ്ങൾക്കിടയിലും ശ്രീയുടെ ഭാഗ്യം.

കുഞ്ഞുന്നാൾ മുതൽ ശ്രീ കണ്ട സ്വപ്നം ഒന്നേയുള്ളൂ.. അത് ക്രിക്കറ്റാണ്. അതിന് വേണ്ടിയായിരുന്നു ഈ നിമിഷം വരെയും ജീവിച്ചത്, ജീവിക്കുന്നത്. ''എനിക്കത് വെറും സ്വപ്നം മാത്രമായിരുന്നില്ല, എന്റെ മനസ് തന്നെയായിരുന്നു. അത്രത്തോളം ആത്മബന്ധമാണുണ്ടായിരുന്നത്. എന്നിട്ടും അതിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നത് എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന് ഓർത്തു നോക്കൂ. പക്ഷേ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. എനിക്കിനിയും കളിക്കാൻ കഴിയുമെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ മുപ്പത്തിനാല് വയസായി. ഇനിയും അഞ്ചോ ആറോ വർഷം കളിക്കാൻ കഴിയും. അതിനുള്ള ഫിറ്റ്‌നെസ് ഉണ്ട്. പരിക്ക് പറ്റിയ കാലത്ത് മാറി നിന്നെങ്കിലും മികച്ച പ്രകടനവുമായി തിരിച്ചു വരാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഇനിയും കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഒരവസരം തന്നാൽ എനിക്കത് തെളിയിക്കാൻ കഴിയും. വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം. ആദ്യം രഞ്ജി, പിന്നെ സൗത്ത് സോൺ, ഒടുവിൽ ഇന്ത്യ.. എന്നും എപ്പോഴും ഒരു ക്രിക്കറ്റ് താരമെന്ന പേരിൽ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എതിർത്തവരൊക്കെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. '' പ്രശ്നങ്ങൾ വരുമ്പോൾ തളരാതെ കൂടുതൽ കരുത്ത് ആർജിക്കാനാണ് നാം തയ്യാറാകേണ്ടതെന്ന പാഠം കൂടി ശ്രീ സ്വന്തം ജീവിതത്തിലൂടെ ഓർമ്മിപ്പിക്കുന്നു.

ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണെന്ന് വിശ്വസിക്കാനാണ് ശ്രീശാന്തിനിപ്പോഴിഷ്ടം. കയ്‌പേറിയ അനുഭവങ്ങളെല്ലാം ജീവിത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മാറ്റിയെന്നും ശ്രീ ഓർക്കുന്നു. ഏതൊരു മോശം കാലത്തിനും പിന്നാലെ നല്ലൊരു കാലം വരുമെന്ന വിശ്വാസം എന്നും കൂട്ടായിട്ടുണ്ട്.

'' ജീവിതത്തിലെ വലിയ പാഠങ്ങളാണ് പ്രതിസന്ധിഘട്ടത്തിൽ പഠിച്ചത്. ശ്രീശാന്ത് എന്ന ക്രിക്കറ്റർ എവിടെയായിരുന്നെന്ന് ആ സമയത്ത് ആരും അറിഞ്ഞിരുന്നില്ല. കുറച്ചുപേർ മാത്രമായിരുന്നു അപ്പോൾ കൂടെയുണ്ടായിരുന്നത്. എനിക്ക് പിന്തുണ നൽകിയവരോടുള്ള കടപ്പാട് ഞാൻ മറക്കുന്നില്ല. എല്ലാവരും ഒറ്റപ്പെടുത്തിയ കാലത്ത് വിശ്വാസത്തോടെയും സ്‌നേഹത്തോടെയും എന്റെ പിന്നിൽ നിന്ന ഭാര്യ ഭുവനേശ്വരി, പ്രാർത്ഥനകളോടെ ആശ്വസിപ്പിച്ച അച്ഛനും അമ്മയും ,ഇരു കുടുംബവും.. എനിക്കു വേണ്ടി പ്രാർത്ഥിച്ചവർ.. കൂടെയുണ്ടെന്ന് പറയാതെ പിന്തുണ നൽകിയവർ... എല്ലാവരും മനസിലുണ്ട്.''

ജയിലിൽ കഴിഞ്ഞ നാളുകളെക്കുറിച്ച് കൂടുതലൊന്നും പറയാൻ ശ്രീശാന്ത് ആഗ്രഹിക്കുന്നില്ല. ആർക്കും അങ്ങനെയുള്ള അവസ്ഥകൾ വരാതിരിക്കട്ടെയെന്ന പ്രാർത്ഥനയിലാണ് ശ്രീ. പല തവണ മനസിനോട് സ്വയം ചോദിച്ചു താൻ തെറ്റുകാരനാണോ, തനിക്ക് എവിടെയാണ് ചുവട് പിഴച്ചതെന്ന്. പക്ഷേ ഇതൊന്നും നിയന്ത്രിക്കുന്നത് നമ്മൾ അല്ലല്ലോ എന്ന ഉത്തരത്തിൽ ശ്രീ ഒടുവിൽ എത്തിച്ചേരും.

''വിധിയിൽ വിശ്വസിക്കുന്നൊരാളാണ് ഞാൻ. ഒരു നല്ല കാലത്തിന് വേണ്ടിയാകും ചിലപ്പോ ഈ കറുത്ത അദ്ധ്യായം അനുഭവിക്കേണ്ടി വന്നത്. ആരെയും കുറ്റപ്പെടുത്താനും ആരെയും വിമർശിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല. അനുഭവിക്കേണ്ടതൊക്കെ അനുഭവിച്ചു കഴിഞ്ഞു. ഇനി പഴയ കാലത്തെ കുറിച്ച് ഓർത്ത് വീണ്ടും വേദനിക്കുന്നതെന്തിനാണ്? അക്ഷരാർത്ഥത്തിൽ ഏകാന്തത അനുഭവിച്ച നിമിഷങ്ങൾ. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വരെ മടിച്ചു. മനസിൽ വീണ്ടും ആരവം നിറഞ്ഞ സ്റ്റേഡിയമാണ് തെളിഞ്ഞു വരുന്നത്. അതിനായുള്ള തയ്യാറെടുപ്പുകളാണ് ഇനി വേണ്ടത്. '' വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്നു.

തിരിച്ചു വരുമെന്ന് ശ്രീശാന്തിന് നല്ല വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കാൻ താരം മറന്നില്ല. ഇടപ്പള്ളിയിലെ വീടിന്റെ മൂന്നാം നില പൂർണമായും ഇൻഡോർ നെറ്റ്സാക്കി. തറയിൽ മാറ്റും വിരിച്ച് പിച്ചാക്കി. ചുറ്റിലും വലയും കെട്ടി. അവിടെയായിരുന്നു ശ്രീയുടെ പരിശീലനം മുഴുവൻ. പരിശീലനം മുടക്കിയുള്ള ഒരു ദിവസത്തെ കുറിച്ച് ഓർക്കാൻ പോലും ശ്രീശാന്തിന് ഇഷ്ടമല്ല.

അംഗീകാരവും അവഗണയും ഒരുപോലെ നേരിടേണ്ടി വന്നൊരാളാണ് ശ്രീശാന്ത്. ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കുമുള്ള കടപ്പാട് ഈശ്വരനിൽ അർപ്പിക്കാനാണ് ശ്രീക്കിഷ്ടം. കുഞ്ഞുന്നാൾ മുതൽ ദൈവത്തോടടുത്തായിരുന്നു ശ്രീയുടെ ജീവിതവും. '' ഈശ്വരവിശ്വാസം ചെറുപ്പത്തി ലേ അച്ഛനും അമ്മയും പകർന്നു തന്നതാണ്. പിന്നെ എല്ലാ ദൈവങ്ങളിലും ഞാൻ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ ജീവിതത്തിൽ നല്ലതേ സംഭവിച്ചിട്ടുള്ളൂ. ഇല്ലായിരുന്നെങ്കിൽ ഈ ശിക്ഷയെ എനിക്ക് അതിജീവിക്കാൻ കഴിയുമായിരുന്നില്ലല്ലോ. എന്റെ ഓരോ കുതിപ്പിനും പിന്നിൽ ഈ വിശ്വാസമുണ്ട്. എല്ലാ ദൈവങ്ങളെയും പ്രാർഥിക്കാൻ ഞാൻ ചെറുപ്പത്തിലേ ശീലിച്ചു. ദിവസവും രാത്രിയും രാവിലെയും ഗായത്രി മന്ത്രം ചൊല്ലാറുണ്ട്. ചെറുപ്പത്തിൽ അച്ഛൻ പഠിപ്പിച്ചു തന്നതാണ് ഗായത്രി മന്ത്രം. മുന്നോട്ടുള്ള വഴികളിൽ കൂട്ടായി നിൽക്കുന്നതും ഈശ്വരനോടുള്ള വിശ്വാസം തന്നെയാണ്. മൂന്നര വർഷത്തോളമായി അനുഭവിച്ച വേദനകളെയെല്ലാം തുടച്ചു നീക്കി പുതിയൊരു കാലത്തിന് വാതിൽ തുറന്നു തന്നതും ഇതേ ഈശ്വരൻ തന്നെ. ''

മാറ്റി നിറുത്തപ്പെട്ട കാലയളവിൽ രാഷ്ട്രീയത്തിലേക്കും പ്രിയപ്പെട്ട സിനിമയിലേക്കും ഒരു കൈ നോക്കാനും ശ്രീ തയ്യാറായി. അതിലൊന്നും പൂർണമായി തനിക്ക് നിൽക്കാൻ കഴിയില്ലെന്ന് മനസിൽ ഉറപ്പിച്ചു കൊണ്ട് തന്നെയായിരുന്നു പുതിയ ഇടങ്ങളിലേക്ക് യാത്ര ചെയ്തത്. മനസിൽ നീറിക്കൊണ്ടിരുന്ന കനലിന്റെ തീവ്രത കുറയ്ക്കാൻ ആയാലോ എന്നത് മാത്രമായിരുന്നു അന്നേരത്തെ ചിന്ത. രാഷ്ട്രീയത്തിലേക്ക് എങ്ങനെയോ എത്തിച്ചേർന്നതാണെങ്കിൽ സംഗീതവും അഭിനയവുമൊക്കെ ശ്രീയുടെ ഉള്ളിൽ കുഞ്ഞുന്നാൾ മുതലേ ഉണ്ടായിരുന്നവയാണ്. ക്രിക്കറ്റ് സ്വപ്നം കണ്ടിരുന്നപ്പോഴും മനസിന്റെ കോണിൽ ഇതും ഒളിഞ്ഞു കിടന്നിരുന്നുവെന്ന് വേണം പറയാൻ. അതിനൊരു അവസരം കിട്ടിയപ്പോൾ പുറത്തേക്ക് വന്നുവെന്ന് മാത്രം. അല്ലെങ്കിൽ പഴയ ശ്രീയെ തിരിച്ചു പിടിക്കാനുള്ള ബോധപൂർവമായ ഒരു ശ്രമമായിരുന്നുവെന്നും പറയാം. എന്തായാലും രണ്ടിലും ശ്രീ സന്തോഷം കണ്ടെത്തി. താത്കാലികമായെങ്കിലും മനസിനെ കുത്തിനോവിച്ചിരുന്ന ദു:ഖങ്ങളെ മറന്നു. കൂടെ നിന്നവരുടെ പിന്തുണ കൂടിയായതോടെ ആർപ്പു വിളിക്കുന്ന സ്റ്റേഡിയെത്തെ മനസിലൊതുക്കി പുതിയൊരു ലോകത്തേക്ക് കടക്കുകയായിരുന്നു. അപ്പോഴും പരിശീലനത്തെയോ ഫിറ്റ്‌നെസിനെയോ അവയൊന്നും ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എന്തൊക്കെ പറഞ്ഞാലും ഒടുവിൽ ഏകാന്തതയുടെയും അതിജീവനത്തിന്റെയും കടൽ നീന്തിക്കടന്നാണ് ശ്രീ കുറ്റവിമുക്തനായത്. അക്കാലമത്രയും മനസിലെ ക്രിക്കറ്റ് പ്രണയത്തിന് അല്പം പോലും മാറ്റം സംഭവിച്ചില്ല. ക്രിക്കറ്റിനു വേണ്ടി ഇനിയും എത്ര വേണമെങ്കിലും അധ്വാനിക്കാൻ ശ്രീശാന്ത് തയ്യാറാണ്. കാരണം ഒന്നേയുള്ളൂ.. ശ്രീ എന്നാൽ ക്രിക്കറ്റ് തന്നെ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.