ആ മധുര സുന്ദരകാലം
August 20, 2017, 10:30 am
ഉല്ലാസ് ശ്രീധർ
മലയാളികൾക്ക് ഓണവും ഓർമ്മകളും എന്നും പ്രിയപ്പെട്ടതു തന്നെ. വർഷങ്ങൾ പിന്നിടുമ്പോൾ ഓരോ മലയാളിയുടെ ഉള്ളിലും ചിതലരിക്കാതെ കിടക്കുന്നുണ്ടാകും ഓർമ്മയിലെ ഓണക്കാലങ്ങൾ. പാടത്തും പറമ്പിലും തലയുയർത്തിപ്പിടിച്ചിരുന്ന നാട്ടുപച്ചകൾ തേടിയുള്ള ഓട്ടം ആർക്കാണ് മറക്കാൻ കഴിയുക.. വള്ളംകളി, ഓണസദ്യ, ഊഞ്ഞാലാട്ടം.. അങ്ങനെ എത്രയെത്ര ഓണക്കാലങ്ങൾ. കാലം മാറിയതോടെ ഓണവും ഓടി മറഞ്ഞു. ഇന്ന് ഓണമൊക്കെ ഓർമ്മകളിലായി. കുട്ടിക്കാലത്തെ ഓർമ്മകളെ ഓർത്തെടുക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ നെടുമുടി വേണു. ഒപ്പം മലയാള മാസങ്ങളിലൂടെ ഒരു യാത്രയും.

ചിങ്ങത്തെക്കുറിച്ച് ഓർക്കുമ്പോൾ ഓടിയെത്തുന്നത് ഓണവെയിലാണ്. സ്വർണ നൂലിഴകളാൽ നെയ്‌തെടുത്ത ഓണവെയിലിന് പല ഭാവങ്ങളാണ്. ചിങ്ങമാസത്തിലെ പുലർകാലം പൂക്കളുടെ കാലം കൂടിയാണ്. താമരപ്പൂവ് മുതൽ പത്തുമണിപ്പൂവ് വിരിയുന്നതു വരെയുള്ള വെയിലിന് സന്യാസിയുടെ ശാന്തതയായിരിക്കും. ഇളം വെയിലും കുളിർകാറ്റും പൂക്കളുടെ നൃത്തവും പുന്നെല്ലിന്റെ മണവും അമ്പലങ്ങളിൽ നിന്നുയരുന്ന കർപ്പൂരഗന്ധവും ചേർന്ന് ആത്മീയതയിൽ അലിയുന്ന അന്തരീക്ഷമാണ് പുലർകാല വെയിൽ മലയാളിക്ക് സമ്മാനിക്കുന്നത്.

പത്തുമണി വെയിലിന് കാമുക ഭാവമാണ്. കാമുകൻമാരുടെ സിരകളിലൂടെ ഒഴുകുന്ന ചോരക്ക് ചൂരുംചൂടും കൂടിയിരുന്നാലും മനസൊരു മന്ദാരമായിരിയ്ക്കും. നാളയെക്കുറിച്ചുള്ള നിറമുള്ള കിനാവുകളുമായി കഴിയുന്ന കാമുകന്റെ അതേ ഭാവമാണ് പത്തുമണി വെയിലിന്റെ ചൂടിനുള്ളത്. ഉച്ചവെയിലിന് തുമ്പപ്പൂവിന്റെ നിറമായതുകൊണ്ടാണ് നട്ടുച്ചയ്ക്കും നേരിയ കുളിര് അനുഭവപ്പെടുന്നത്. ഉച്ചവെയിൽ ഉച്ചിയിൽ വീഴുമ്പോഴാണ് അച്ചിമാർ പരക്കം പായുന്നത്. പൂമാരിയും പേമാരിയുമായി രണ്ടരമാസത്തെ മഴക്കാലത്തിനു ശേഷം കിട്ടുന്ന ഉച്ചവെയിലിലാണ് ഓണസദ്യയ്ക്കുള്ള നെല്ല് മുതൽ കൊണ്ടാട്ടം വരെ ഉണക്കിയെടുക്കേണ്ടത്. അതുകൊണ്ടാണ് അച്ചിമാരുടെ ഇഷ്ടവെയിലായി ഉച്ചവെയിൽ മാറുന്നത്. നാലുമണി വെയിൽ നാണക്കാരിയെപ്പോലെയും നാട്യക്കാരിയെപ്പോലെയുമാണ്. നാണംകൊണ്ട് ചുവന്ന കവിൾത്തടം പോലെ വെയിലിന്റെ നിറം മാറും. ഉച്ചവെയിലിനോടൊപ്പം നിൽക്കണോ അന്തിവെയിലിനോടൊപ്പം പോകണോ എന്ന സംശയം മാറിമാറി മറിയുന്നതിനാൽ നാലുമണി വെയിൽ നാട്യക്കാരിയാകും. നാലു മണിയിലെ നാണക്കാരി വെയിലിനെയാണ് കുട്ടികൾ മനസറിഞ്ഞ് സ്‌നേഹിക്കുന്നത്. നാലുമണിയിൽ നിന്നും നാഴികമണി അകലുമ്പോൾ പൊന്നിൽ പൊതിഞ്ഞ അന്തിവെയിൽ പൊന്നിൽ കുളിച്ച നിലാവായി മാറും.

മലയാളത്തിന്റെ മതേതര മാസമാണ് കന്നി. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു പറഞ്ഞ മലയാളിയുടെ മഹാഗുരു മഹാസമാധിയായത് കന്നിമാസത്തിലാണ്. ശ്രീനാരായണഗുരുവിന്റെ വസ്ത്രവും ശരീരവും മനസും ചിരിയും ചിന്തയും വാക്കും പ്രവൃത്തിയും എല്ലാം തൂവെള്ളയായിരുന്നു. മലയാള മണ്ണിൽ പുരോഗമനാശയങ്ങളുടെ വിത്തുകൾ വിതച്ച് ഗുരു നടത്തിയ പുണ്യയാത്രയിലൂടെയാണ് കേരളം സാംസ്‌കാരികമായി വളർന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കന്നി അഞ്ചിന് കഞ്ഞി വയ്ക്കാനായി കേരളം മുഴുവൻ പ്രാർത്ഥനയോടെ അടുപ്പ് കൂട്ടി തീ കത്തിക്കുന്നത് വലിയ കാര്യം തന്നെയാണ്. മലയാളിയുടെ മതേതര മനസിന്റെ മഹാദിവസമാണ് മഹാസമാധി ദിനം. മഹാത്മാക്കളെ മനസുകൊണ്ട് അംഗീകരിക്കാനും ആദരിക്കാനും മലയാളിക്ക് മടിയില്ല എന്നതിന്റെ വലിയ ഉദാഹരണമാണ് കന്നിമാസം.

കടൽ വറ്റിക്കുന്ന കന്നിവെറിയുടെ ഉഷ്ണക്കാറ്റേറ്റ് വരണ്ടുണങ്ങിയ മണ്ണിനെ തുലാമഴ മുത്തം വയ്ക്കുമ്പോൾ അന്തരീക്ഷത്തിൽ ഒരു മണം പരക്കും. മണ്ണിന്റെ മണം. പുന്നെല്ലിന്റെയും പുത്തൻ പുസ്തകത്തിന്റെയും മണത്തെക്കാൾ ആവേശത്തോടെയാണ് ആ മണ്ണിന്റെ മണം ഞാൻ ആസ്വദിക്കുന്നത്. തീവണ്ടിയുടെ ശബ്ദം പോലെ ഇരമ്പിപ്പാഞ്ഞു വരുന്ന തുലാമഴയും ഞാനും മത്സരിച്ചോടിയിട്ടുണ്ട്. എന്നെ തോൽപ്പിച്ച് നനയിപ്പിക്കുമെന്ന് മഴയും മഴയെത്തോൽപ്പിച്ച് നാണംകെടുത്തുമെന്നു ഞാനും. ഞാൻ ഓടിയോടി വീടിനകത്തു കയറുന്നതും മഴ പെയ്യും.

തുലാമാസത്തിലെ ചില പകലുകളിൽ മണ്ണിനോട് പിണങ്ങിയ മഴ കാർമേഘമായി മുഖം കറുപ്പിച്ചും വീർപ്പിച്ചും വിണ്ണിൽ കാറ്റിനോടൊപ്പം കറങ്ങിനടക്കുന്നതു കാണാൻ രസമാണ്. എന്നാലും, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിണ്ണിനെ നോക്കി മഴ വരുന്നതും കാത്ത് വിങ്ങുന്ന മണ്ണിനെ കാണുമ്പോൾ മഴയോട് ദേഷ്യം തോന്നിയിട്ടുണ്ട്. അന്നും ഇന്നും ഇടിയെയും മിന്നലിനെയും ഇടിമിന്നലിനെയും ഞാൻ പേടിച്ചിട്ടില്ല. പ്രകൃതി സമ്മാനിക്കുന്ന കരിമരുന്നു പ്രയോഗമായിട്ടേ എനിക്കു തോന്നിയിട്ടുള്ളൂ. മനുഷ്യമനസിന് ആസ്വദിക്കാൻ കഴിയുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ് ശബ്ദവും വെളിച്ചവുമായി വിരുന്നു വരുന്ന തുലാമഴ.

തുലാമഴയുടെ കാർമുകിൽ മാഞ്ഞുതുടങ്ങിയ ആകാശത്തുനിന്നും സൂര്യന്റെ വെള്ളി വെളിച്ചം വീഴുന്നത് വൃശ്ചികം മുതലാണ്. മലയാളത്തിലെ ആത്മീയ മാസമാണ് വൃശ്ചികം. മണ്ഡലകാലം നാൽപ്പത്തി ഒന്നു ദിവസമായതിനാൽ പൂർണമായും വ്രതശുദ്ധിയുള്ള മാസമാണ് വൃശ്ചികം. കറുപ്പുടുത്ത്, കർപ്പൂരം കത്തിച്ച്, ഇരുമുടിക്കെട്ട് തലയിലേന്തി, ശരണം വിളിച്ച്, നഗ്നപാദരായി മലയാളികൾ മല ചവിട്ടുന്ന പുണ്യമാസമാണ് വൃശ്ചികം. അന്തിത്തിരി കത്തിക്കാൻ കഴിയാത്ത അമ്പലങ്ങൾ പോലും വൃശ്ചികമാസത്തിൽ ഉണരും. ശബരിമല കേരളത്തോളം വളരുന്ന ആത്മീയ പ്രതിഭാസമാണ് ഈ മാസത്തിനുള്ളത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും വൃശ്ചികത്തെക്കുറിച്ച് ഓർക്കുമ്പോൾ, ചിന്തിക്കുമ്പോൾ മനസിൽ തെളിയുന്നത് ശബരിമലയും ശരണം വിളിയുമാണ്. എന്നെ ഇന്നു കാണുന്ന ഞാനാക്കിയ സിനിമയാണ് 'തമ്പ്' തമ്പിന്റെ ചിത്രീകരണം നടന്നത് വൃശ്ചികത്തിലാണ്. തമ്പിന്റെ ചിത്രീകരണം കഴിഞ്ഞതുമുതൽ വൃശ്ചികം എന്റെ മാനസ മാസമാണ്.

മലയാളിപ്പെണ്ണിന്റെ സ്വന്തമാണ് ധനു. തിരുവാതിര ആഘോഷിക്കാനായി കുടുക്കയിൽ കൂട്ടിവച്ച ധനവുമായി ധനുവിനായി പെണ്ണുങ്ങൾ കാത്തിരിക്കുമായിരുന്നു. മലയാളിപെണ്ണുങ്ങൾക്കായി മലയാളം സമ്മാനിച്ചതാണ് ധനുവും ധനുവിലെ തണുപ്പും. തണുപ്പിൽ പൊതിഞ്ഞ നിലാവും നിലാവ് പെയ്യുന്ന രാത്രിയും. രാത്രിയിലെ തിരുവാതിരക്കളിയും തിരുവാതിരക്കളിയിലെ ആത്മീയതയും. ആത്മീയതയിൽ നിന്നു കിട്ടുന്ന ആത്മവിശ്വാസവും ആത്മവിശ്വാസത്തിൽ നിന്നുദിക്കുന്ന ആശ്വാസവും.... തിരുവാതിര ദിവസം പുലർക്കാലത്ത് സ്ത്രീകൾ കൂട്ടമായി കുളത്തിലെത്തി തുടിച്ചുകുളിക്കുമായിരുന്നു. കുളത്തിലിറങ്ങി വട്ടത്തിൽ നിന്ന് താളത്തിൽ വെള്ളത്തിലടിക്കുമ്പോൾ ഉണ്ടാകുന്ന വലിയ കുമിളകളെ ചെപ്പുകുടത്തിൽ അടിക്കുന്ന ശബ്ദത്തോടെ പൊട്ടിച്ച്, രസിച്ച്, കളിച്ച്, കുളിക്കുന്നതാണ് തുടിച്ചുകളി. മഞ്ഞുപെയ്യുന്ന രാത്രിയും തുടിച്ചുകുളിയും തിരുവാതിരക്കളിയും ആതിരനിലാവും ചേർന്ന ധനു സുന്ദരിയാണ്.

മലയാളത്തിലെ മനോഹരമായ മറ്റൊരു മാസമാണ് മകരം. മകരത്തെക്കുറിച്ച് ഓർക്കുമ്പോൾ കുട്ടിക്കാലത്തെ രണ്ടു സന്തോഷങ്ങളാണ് മനസിൽ നിറയുന്നത്.
രാവിലെ മകരമഞ്ഞിൽ കുളിച്ച നെൽക്കതിരിന്റെയും പുൽചെടികളുടെയും തുഞ്ചത്ത് തൂങ്ങി നിൽക്കുന്ന മഞ്ഞുതുള്ളികളെ കാണാം. ഈ മഞ്ഞുതുള്ളിയിൽ പുലർകാലസൂര്യന്റെ പ്രകാശം വീഴുമ്പോൾ വല്ലാത്തൊരു മാസ്മരിക സൗന്ദര്യത്തോടെ അത് തിളങ്ങും. മഴവില്ലിന്റെ ഏഴഴകിനെയും തോല്പിക്കുന്ന എഴുന്നൂറഴകുമായി തിളങ്ങുന്ന മഞ്ഞിൽ വിരിഞ്ഞ ഈ മുത്തുകളെ വാരിയെടുത്ത് പോക്കറ്റിൽ ഇടാൻ തോന്നും. ഈ മോഹവിസ്മയ സൗന്ദര്യത്തെ ചെറിയ ചൂടുള്ള വെയിലിൽ തണുത്ത കാറ്റേറ്റ് നോക്കി ഇരിക്കുന്നത് രസകരമായിരുന്നു.

മാവുകളിൽ നിറയെ മൊട്ടുകൾ വരികയും വിരിയുകയും കൊഴിയുകയും ചെയ്യുന്നതാണ് മകര മാസത്തിലെ മറ്റൊരു സന്തോഷം. കൊഴിയാതെ വിരിയുന്ന പൂവുകൾ കണ്ണിമാങ്ങയാകുന്ന കാഴ്ചയുടെ സുഖം വിവരണാതീതമാണ്. മഞ്ഞിൽ നനഞ്ഞു കുതിർന്നു കുളിർന്നു നിൽക്കുന്ന മാമ്പൂക്കളെ കാണുമ്പോൾ തന്നെ മാമ്പഴത്തിന്റെ മണവും രൂചിയും മൂക്കിനെയും നാക്കിനെയും കൊതിപ്പിക്കും.

ഉറങ്ങാത്ത ഉത്സവരാവുകളുടെ മാസമാണ് കുംഭം. അമ്പലങ്ങളിലൂടെ അരങ്ങുണരുന്ന കാലം. ആട്ടവും പാട്ടുമായി കലാകാരൻമാരും കാണികളും മാനസികമായി ഊർജ്ജം നേടുന്നത് കുംഭത്തിലാണ്. കൊയ്ത്തു കഴിഞ്ഞ പാടത്തിലൂടെ കൂട്ടുകാരോടൊന്നിച്ച് നടന്നും കഥകൾ പറഞ്ഞും പരസ്പരം കളിയാക്കിയും തമ്മിൽ പിണങ്ങിയും പിന്നെ ഇണങ്ങിയും ഉത്സവം കണ്ടു മടങ്ങുന്നത് കുംഭമാസത്തിലെ സ്ഥിരം രാത്രി കാഴ്ചകളായിരുന്നു. ഉത്സവം കാണാനുള്ള ഇത്തരം രാത്രിയാത്രകൾ ഗൃഹാതുരതയുടെ മധുരനൊമ്പരസ്മരണകളാണ്. ഉത്സവരാത്രികളിൽ താലപ്പൊലി എടുക്കുന്ന പെൺകുട്ടികളെ കാണാൻ നല്ല അഴകാണ്. പൂക്കളെക്കാൾ സുന്ദരികളായ പെൺകുട്ടികൾ അണിഞൊരുങ്ങി താലവും പിടിച്ച് നിരനിരയായി നിൽക്കും. അപ്പോൾ തട്ടത്തിലെ എണ്ണവിളക്കിന്റെ പ്രകാശത്തിൽ അവരുടെ മുഖം കടലിൽ കുളിക്കാൻ പോകുന്ന സൂര്യനെപ്പോലെ തിളങ്ങും. ഇതു കാണുന്ന കൗമാരക്കാരൻ കവിയായില്ലങ്കിലേ അതിശയിക്കാനുള്ളൂ. അത്രത്തോളം വശ്യ സൗന്ദര്യമാണ് ആ കാഴ്ചയ്ക്ക്. കൊട്ടും കുരവയും പൊങ്കാലയും എഴുന്നള്ളത്തും വില്ലിൻമേൽ തൂക്കവും തെയ്യവും തിറയും നിറഞ്ഞാടുന്ന കുംഭമാസം കുലീനയാണ്.

മദ്ധ്യവേനലവധിക്കാലം മീനത്തിലായതിനാൽ ബാല്യകാല സ്മരണകളുടെ കലവറയാണ് ഈ മാസം. ഒന്നും ഒരിക്കലും മറക്കാൻ കഴിയില്ല. നാടകം കളിക്കാനായി നാലുമടലും പഴയ ഓലയും കൊണ്ട് സ്റ്റേജ് കെട്ടിയത്. കൺമഷികൊണ്ട് മീശവരച്ചത്, പ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കിയത്. വലിയ മുണ്ടിനെ നാലായി മടക്കിയുടുത്തത്. മരച്ചീനി ഇലയുടെ തണ്ടുകൊണ്ട് മാലയുണ്ടാക്കി കല്യാണം കഴിച്ചത്. ഉത്സവങ്ങൾ കാണാൻ അമ്പലപറമ്പിൽ കറങ്ങി നടന്നത്. പച്ചമാങ്ങയും പച്ചമുളകും ഉരലിലിട്ട് ഇടിച്ചു വലിച്ചു വാരി തിന്നത്. പുളിയുടെ തോട് പൊട്ടാതെ ഞെട്ടടർത്തി അതിലൂടെ ഉപ്പുവെള്ളം ഒഴിച്ച് ഈർക്കിലിട്ട് ഇളക്കികുടിച്ചത്. മാങ്ങാപ്പഴം ഞെക്കിയുടച്ച് ഞെട്ടടർത്തി ജ്യൂസായി കുടിച്ചത്. ഇതെല്ലാം മീനമാസം തന്ന മധുര മനോഹര ബാല്യകാല സ്മരണകളാണ്. മലിനീകരിക്കപ്പെടാത്ത അന്തരീഷവും അന്തരീഷ വായുവുമാണ് കുട്ടനാടിനുണ്ടായിരുന്നത്. മീനമാസത്തിലെ നിലാവെട്ടത്തിൽ ഞങ്ങൾ കഥാപുസ്തകങ്ങൾ വായിക്കുമായിരുന്നു. അന്നുണ്ടായിരുന്നത് തെളിച്ചമുള്ള ആകാശവും വെളിച്ചമുള്ള നിലാവുമായിരുന്നു. മണ്ണും വിണ്ണും മലിനീകരിക്കപ്പെട്ട ഇന്ന് നിലാവെളിച്ചത്തിലെ പുസ്തകവായന സ്വപ്നം കാണാൻ പോലും കഴിയില്ല.

മീനമാസത്തിലെ ഉച്ചസൂര്യന്റെ ആലയിൽ വെന്തുവിരിയുന്ന കണിക്കൊന്ന പൂവിനെ കാണുമ്പോഴേ മേടത്തിന്റെ വരവറിയാം. കുട്ടികളുടെ മാസമാണ് മേടം. വിഷു ആഘോഷിക്കുന്നത് കുട്ടികളാണ്. മുതിർന്നവർ സംഘാടകർ മാത്രമാണ്. വിഷുക്കൈനീട്ടം നാണയമായിട്ടേ എനിക്ക് കിട്ടിയിട്ടുള്ളൂ. ഞാൻ കൊടുക്കുന്നതും നാണയമായിട്ടാണ്. നാണയത്തിനൊരു തണുപ്പുണ്ട്. കാരണവന്മാരുടെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രാർത്ഥനയുടെയും പ്രതീകമായ തണുപ്പാണ് വിഷുക്കൈനീട്ടത്തിലെ നാണയത്തിലൂടെ കൈവെള്ളയിലെത്തുന്നത്. ആ തണുപ്പ് വലത് കൈവെള്ളയിലെ സിരകളിലൂടെ ഹൃദയത്തിലെത്താൻ വേണ്ടിയാണ് വിഷുക്കൈനീട്ടമായി നാണയം തന്നെ കൊടുക്കുന്നത്. ദൈവത്തിന്റെ കരങ്ങൾക്ക് സാന്ത്വനത്തിന്റെ തണുപ്പായിരിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഗുരുക്കൻമാർ അനുഗ്രഹിക്കാനായി തലയിൽ കൈവയ്ക്കുമ്പോൾ ഉടൽ തളിരിളം താളുപോലെ കുളിരുന്നത്. അനുഗ്രഹത്തിന്റെ മാസമാണ് മേടം.
പുഴയോട് കിന്നാരം പറയാൻ വരുന്ന ഇടവപ്പാതിയിലെ ആദ്യമഴ ആഹ്ലാദകരമാണ്. ഇടമുറിയാതെ മഴ പെയ്തുകൊണ്ടേയിരിക്കും. മഴയും പുഴയും ചങ്ങാതിമാരായി കഴിഞ്ഞാൽ കുറുമ്പ് തുടങ്ങും. മുറ്റത്തേക്ക് മഴവെള്ളം കുലം കുത്തി ഒഴുകിയെത്തും. ചുറ്റും വെള്ളം. കരയും കായലും വയലും റോഡും തോടും തിരിച്ചറിയാൻ കഴിയില്ല. ഓലക്കുടിലുകൾ പൂർണമായും വെള്ളത്തിലാകും. ചുറ്റുവട്ടത്തെ ഓലക്കുടിലിലുള്ളവർ ഞങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. കൊടുങ്കാറ്റും പേമാരിയും പോയി വെള്ളം താഴുന്നതുവരെ അവരുടെ ഊണും ഉറക്കവും ഞങ്ങളൊന്നിച്ചാണ്. കുട്ടികൾക്ക് സന്തോഷമാണ്. ചെറുപയറും അരിയും വറുത്തത് വാരി നിക്കറിന്റെ പോക്കറ്റുകളിൽ നിറയ്ക്കും. എന്നിട്ട് ചെറിയ വള്ളവുമായി പുരയിടത്തിലെ വാഴകളുടെയും തെങ്ങുകളുടെയും മരങ്ങളുടെയും ഇടയിലൂടെ കൈ കുഴയുന്നതുവരെ തുഴഞ്ഞു തുഴഞ്ഞു മത്സരിക്കും. ഓടിക്കളിച്ചിരുന്ന പുരയിടത്തിലൂടെ വള്ളം തുഴയാനുള്ള ഭാഗ്യം ലഭിക്കുന്നത് കുട്ടനട്ടുകാർക്ക് മാത്രമേയുള്ളൂ.

മഴയുടെ പകർപ്പവകാശം മിഥുനത്തിന് കൈമാറിയിട്ടാണ് ഇടവപ്പാതി തിരികെ പോകുന്നത്. മഴ പെയ്തു കൊണ്ടിരിക്കും ഊറ്റമില്ലാത്ത കാറ്റുമുണ്ടാകും. വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ മുങ്ങാത്ത നടവരമ്പിലൂടെ കർഷകർ കൈയും കെട്ടി വെറുതേ നടക്കുന്നത് മിഥുനമാസത്തിലെ കാഴ്ചയായിരുന്നു. മലയാള വർഷം പട്ടിണിക്ക് പണയം വച്ച മാസമാണ് മിഥുനം. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ മഴയുടെ വരവോടെ പണിയില്ലാതെ പട്ടിണിയാകും. നനഞ്ഞ മിഥുനമാസ പുലരികളുടെ മദ്ധ്യാഹ്നം പ്രസന്നമായിരിക്കും. മൂവന്തിയാകുമ്പോൾ ആകാശം മൂടിക്കെട്ടും. മിഥുനമാസത്തിലെ മൂടിക്കെട്ടിയ ആകാശമുള്ള അമാവാസി രാത്രിയിലെ ഇരുട്ടു കണ്ടാൽ ഇരുട്ടുപോലും പേടിച്ചുപോകും. മിഥുന മാസത്തിലെ പൗർണമിക്ക് അമ്പിളി അമ്മാവന്റെ വിളറി വെളുത്ത പുഞ്ചിരിയിൽ വിരിയുന്ന നേരിയ നിലാവെട്ടം മാത്രമേ കാണാൻ കഴിയൂ. വീറുട്ടി മിഥുനം സമ്മാനിക്കുന്നത് ദുരിതമാണെങ്കിലും പ്രകൃതിയോട് ഇണങ്ങിയും പ്രകൃതിയെ വണങ്ങിയുമാണ് മലയാളികൾ ജീവിച്ചിരുന്നത്. ഇതൊക്കെ അനുഭവിച്ചറിയേണ്ട കാര്യങ്ങളാണ്.

മിഥുനത്തെയും വിഴുങ്ങുന്ന ഇടവപ്പാതിയുടെ കുട്ടുകാരനായി കർക്കടകം കൂടി ചേരുമ്പോൾ ആറുകൾ നിറഞ്ഞൊഴുകും. പുഴകൾ പുളഞ്ഞൊഴുകും, വയലുകൾ കായലുകളാകും. ആടിക്കാറ്റിനെ പേടിക്കുന്ന മരങ്ങൾ തലതല്ലിക്കരയും. കാറ്റും മഴയും കരിവണ്ടിന്റെ മുഴക്കവുമായി കടയൊട്ടി കർക്കടകം കർഷകനെ കടക്കെണിയിലാക്കും. എന്നാലും മഴയെ ശപിക്കാതെ ആത്മീയതയ്ക്ക് രാമായണവും ആരോഗ്യത്തിന് ആയുർവേദവും നെഞ്ചോട് ചേർത്ത് വറുതിയുടെ അറുതിയും കാത്ത് മലയാളി വീട്ടുവരാന്തയിൽ വഴിക്കണ്ണുമായി പ്രതീക്ഷയോടെ ചിങ്ങത്തെ കാത്തിരിക്കുന്ന മാസമാണ് കർക്കടകം.

മലയാളത്തിലെ പന്ത്രണ്ടു മാസങ്ങൾക്കും പന്ത്രണ്ടു നിറവും പന്ത്രണ്ടു മണവും പന്ത്രണ്ടു രുചിയുമുണ്ടായിരിന്നു. ഓരോ മാസത്തിനും ഓരോതരം ആഹാര രീതികളായിരുന്നു. ഓരോ മാസത്തിനും കലാപരമായി അതിന്റേതായ വൈവിദ്ധ്യങ്ങളും ഉണ്ടായിരുന്നു. സ്വർഗതുല്യമായ ഈ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിനും മനോഹരമായ ഈ മണ്ണിൽ നടക്കാൻ കഴിയുന്നതിനും മധുരമായ ഈ ഭാഷ സംസാരിക്കാൻ കഴിയുന്നതിനും സമ്പന്നമായ ഈ സംസ്‌കാരം ആസ്വദിക്കാൻ കഴിയുന്നതിനും എന്നും എപ്പോഴും ജഗദീശ്വരനോട് പ്രാർത്ഥനയോടെ നന്ദി പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.