Tuesday, 22 August 2017 10.13 PM IST
'വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട' - പി.സിയോട് വനിതാ കമ്മീഷൻ
August 13, 2017, 10:30 am
തിരുവനന്തപുരം: പി.സി. ജോർജ് എം.എൽ.എയുടെ വിരട്ടൽ വനിത കമ്മിഷനോട് വേണ്ടെന്ന് അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് സ്വമേധയാ കേസെടുത്തതിനെ പരിഹസിച്ചതിനുള്ള മറുപടിയായാണ് ഈ പ്രതികരണം. പി.സി. ജോർജിന്റെ പരാമർശം പദവി മറന്നുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷൻ പ്രവർത്തിക്കുന്നത്. ഒട്ടേറെ പ്രമുഖർ കമ്മിഷന് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. ജനപ്രതിനിധിയായ പി.സി.ജോർജും നിയമം പാലിക്കാൻ ബാദ്ധ്യസ്ഥനാണ്. വിരട്ടൽ വിലപ്പോവില്ല. ആ മനോഭാവം ആർക്കും ഭൂഷണമല്ല. ജനപ്രതിനിധികൾ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലർത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വനിതാ കമ്മിഷന് അധികാരം നൽകുന്ന നിയമം നിയമസഭ പാസാക്കിയതാണെന്നും ജോസഫൈൻ വ്യക്തമാക്കി.

ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാൻ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മിഷൻ. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്തുന്ന് നീതി നിഷേധം ഉണ്ടായാലും ഇടപെടും. ഒരു പരിഗണനയും ആർക്കുമില്ല. പ്രോസിക്യൂഷൻ നടപടികൾക്ക് കമ്മിഷന് നൽകിയിട്ടുള്ള അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്ന് ബോധ്യപ്പെടുന്ന കാലമാണ് വരുന്നത്. ആരോപണങ്ങളോടല്ല, സംഭവങ്ങളോടാണ് കമ്മിഷൻ നിലപാട് സ്വീകരിക്കുന്നത്. പി.സി. ജോർജിന്റെ സൗകര്യം കൂടി പരിഗണിച്ചു തന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കുമെന്നും ചെയർപേഴ്‌സൺ വാർത്താകുറിപ്പിൽ പറഞ്ഞു. കമ്മിഷൻ വിളിച്ചാലും സൗകര്യമുണ്ടങ്കിൽ മൊഴി നൽകുമെന്നായിരുന്നു പി.സി. ജോർജ് പറഞ്ഞത്. തൂക്കിക്കൊല്ലാൻ വിധിക്കാനൊന്നും കമ്മിഷന് സാധിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ