ഇന്ത്യൻ സിനിമയുടെ സൗന്ദര്യധാമത്തിന് 54
August 13, 2017, 2:15 pm
സൗന്ദര്യം കൊണ്ടും അഭിനയമികവും കൊണ്ട് ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂർവം നടിമാരേയുള്ളു. അതിലൊരാൾ ശ്രീദേവിയാണ്. ബോളിവുഡിന്റെ ആ അഭൗമ സൗന്ദര്യം തന്റെ 54ആം പിറന്നാൾ ആഘോഷിക്കുന്പോഴും ശോഭ കെടാത്ത നക്ഷത്രമായി തിളങ്ങുകയാണ്. 1976ൽ നായികയായി അരങ്ങേറിയ ശ്രീദേവി ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ഖാൻ ത്രയങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ ആകെ ഇതുവരെ 200 മുതൽ 250 സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എന്ന സത്യം അംഗീകരിക്കുന്പോഴാണ് ശ്രീദേവിയുടെ സ്ഥാനം എന്താണെന്ന് മനസിലാവുക. 1963 ആഗസ്‌റ്റ് 13ന് തമിഴ്നാട്ടിലെ ശിവകാശിയിൽ വക്കീലായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായാണ് ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി ജനിച്ചത്.

1967ൽ റിലീസ് ചെയ്ത കന്തൻ കരുണൈയിൽ മുരുകന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ട് തുടക്കം. അന്ന് നാലു വയസുള്ള കുട്ടി ശ്രീദേവിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എ.പി.നാഗരാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, സാവിത്രി തുടങ്ങിയ വൻ താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. 1969ൽ പി. സുബ്രഹ്മണ്യത്തിന്റെ 'കുമാരസംഭവ'ത്തിലൂടെയാണ് ശ്രീദേവി മലയാള സിനിമയിൽ ചുവടുവച്ചത്. 1970ൽ 'മാ നന്ന നിർദോഷി'യിലൂടെ തെലുങ്കിലും 1974ൽ 'ഭക്ത കുമ്പര'യിലൂടെ കന്നഡയിലും 1975ൽ'ജൂലി' എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറി. 1976ൽ കെ. ബാലചന്ദറിന്റെ 'മൂൺട്രു മുടിച്ച്'എന്ന ചിത്രത്തിലൂടെ നായികയായി. കമലഹാസനും രജനീകാന്തുമായിരുന്നു ചിത്രത്തിലെ നായകന്മാർ. തുടർന്നു വന്ന പതിനാറു വയതിനിലെ 'മൂൻട്രാം പിറൈ' തുടങ്ങിയവ ശ്രീദേവിയെ മുൻനിര നായികാ പദവിയിലേക്ക് ഉയർത്തി. കമലഹാസൻ ശ്രീദേവി ജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു. സമാനമായി മലയാളത്തിലും തെലുങ്കിലും ശ്രീദേവി അഭിനയിച്ചിരുന്നു.

തെന്നിന്ത്യയിൽ താരറാണിയായി തിളങ്ങവേ 1979ൽ ബോളിവുഡിൽ 'സൊൽവാ സാവനി'ലൂടെ ബോളിവുഡിലെത്തി. തൊട്ടടുത്ത വർഷം ജിതേന്ദ്രയുടെ നായികയായി പുറത്തിറങ്ങിയ 'ഹിമ്മത്‌വാല' സൂപ്പർ ഹിറ്റായി. തുടർന്ന് മി. ഇന്ത്യ, ചാന്ദിനി തുടങ്ങിയ ചിത്രങ്ങളിലൂടെ താരറാണിയായി ഉയർന്നു. വിവാഹത്തെ തുടർന്ന് ഏഴു വർഷത്തെ ഇടവേളയെടുത്ത ശ്രീദേവി ഇടയ്ക്ക് ചില സിനിമകളിൽ അഭിനയിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയത് 2012ൽ ഇംഗ്ലിഷ് വിംഗ്ലിഷിലൂടെയാണ്. രവി ഉദയവാർ സംവിധാനം ചെയ്യുന്ന മോമിൽ അമ്മ മകൾ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്. രണ്ട് പെൺമക്കളുടെ അമ്മയായ തനിക്ക് ഈ കഥാപാത്രം വളരെ ആഴത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നാണ് താരം പറഞ്ഞത്. 2015ൽ വിജയ് നായകനായ 'പുലി' എന്ന സിനിമയിലൂടെ ശ്രീദേവി തമിഴകത്ത് മടങ്ങിയെത്തി. ചിത്രം ബോക്‌സോഫീസിൽ പരാജയപ്പെട്ടെങ്കിലും ശ്രീദേവിയുടെ യവനറാണി എന്ന രാജ്ഞിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ 'മോം' എന്ന സിനിമയിലാണ് ശ്രീദേവി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

ഇതിനിടെ ബാഹുബലി 2' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വേഷത്തെ ചൊല്ലി സംവിധായകൻ രാജമൗലിയും ശ്രീദേവിയും തമ്മിൽ കൊന്പുകോർക്കുകയും ചെയ്തത് നടിയെ വീണ്ടും ചർച്ചാ കേന്ദ്രമാക്കി. ചിത്രത്തിൽ രമ്യാ കൃഷ്‌ണൻ ചെയ്ത ശിവകാമി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. ശ്രീദേവി മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാതെ വന്നതിനാലാണ് താരത്തെ ഒഴിവാക്കിയതെന്ന് രാജമൗലി പരസ്യമായി പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. ആദ്യം മൗനം പാലിച്ച ശ്രീദേവി പിന്നീട് മറുപടിയുമായി എത്തി. രാജമൗലിയെ പോലൊരു സംവിധായകൻ ഇങ്ങനെ പറയരുതായിരുന്നു. രാജമൗലി അന്തസുള്ള വ്യക്തിയാണെന്നാണ് താൻ കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചെന്നും ശ്രീദേവി പറഞ്ഞിരുന്നു. പിന്നാലെ രാജമൗലി ഖേദം പ്രകടിപ്പിച്ച് വിവാദങ്ങൾക്ക് അന്ത്യം കുറിക്കുകയായിരുന്നു.

1996ൽ ബോളിവുഡ് നിർമ്മാതാവും നടൻ അനിൽ കപൂറിന്റെ സഹോദരനുമായ ബോണി കപൂറിനെ വിവാഹം കഴിച്ചു. ജാൻവി, ഖുഷി എന്നിവരാണ് മക്കൾ. നിരവധി അവാർഡുകൾ നേടിയിട്ടുള്ള ശ്രീദേവിയെ 2013ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ