Tuesday, 22 August 2017 10.13 PM IST
വീണ്ടും ബ്ളൂവെയ്ൽ ദുരന്തം: ബംഗാളിൽ പത്താം ക്ളാസുകാരൻ ആത്മഹത്യ ചെയ്തു
August 13, 2017, 12:59 pm
കൊൽക്കത്ത: ലോകത്തെ നടുക്കിയ 'ആത്മഹത്യ ഗെയിം ' ബ്ളൂവെയ്ൽ ദുരന്തത്തിന്റെ അലയൊലികൾ ഇന്ത്യയിലും അടങ്ങുന്നില്ല. ബംഗാളിൽ ഗെയിം കളിച്ച പത്താം ക്ളാസുകാരൻ ആത്മഹത്യ ചെയ്‌തു. മിഡ്‌നാപൂർ ജില്ലയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിയായ അൻകൻ ദെയാണ് ശനിയാഴ്‌ച ആത്മഹത്യ ചെയ്‌ത‌ത്. കുളിമുറിയിൽ കയറി അധിക നേരമായിട്ടും പുറത്തു വരാത്തതിനെ തുടർന്ന് അൻകന്റെ മാതാപിതാക്കൾ കുളിമുറിയുടെ വാതിൽ തകർത്തപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ പ്ളാസ്‌റ്റിക് കവർ ഉപയോഗിച്ച് മുറുകെ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌തപ്പോഴാണ് അൻകൻ, ബ്ളൂവെയ്ൽ ഗെയിം കളിക്കുമായിരുന്നെന്ന വിവരം പുറത്തു വന്നത്.

കഴിഞ്ഞ മാസം മുംബേയിലെ ഫ്ളാറ്റിൽ നിന്നും ചാടി ഒമ്പതാം ക്ളാസുകാരൻ ആത്മഹത്യ ചെയ്‌തിരുന്നു. ബ്ളൂവെയ്ൽ ഗെയിമിന്റെ സ്വാധീനമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഡറാഡൂണിൽ അഞ്ചാം ക്ളാസുകാരനെ ബ്ളൂവെയ്ൽ അപകടത്തിൽ നിന്നും സ്‌കൂൾ അധിക‌ൃതർ രക്ഷപ്പെടുത്തിയിരുന്നു.

കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഭ്രാന്തൻ ഗെയിമാണ് ബ്ളൂവെയ്ൽ . ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്‌ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേരാണ് ചൈന, അമേരിക്ക എന്നിവിടങ്ങളിലായി മരണപ്പെട്ടത്. റഷ്യക്കാരനായ ഫിലിപ്പ് ബുഡേയ്‌ക്കിൻ ആണ് ഈ 'കൊലപാതക കളി'യുടെ സൃഷ്‌ടാവ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ