Saturday, 19 August 2017 7.14 AM IST
പാണ്ഡ്യ അടിച്ചു കയറി, ഇന്ത്യ 487ന് പുറത്ത്
August 13, 2017, 1:28 pm
പല്ലെക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ 487 റൺസിന് പുറത്തായി. കന്നി ടെസ്‌റ്റ് സെഞ്ച്വറി നേടിയ ഹർദ്ദിക് പാണ്ഡ്യയുടെ(108) ഒറ്റയാൾ പോരാട്ടമാണ് അവസാന ദിവസം ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് എടുത്ത ഇന്ത്യ മത്സരം പുനരാരംഭിച്ച് മൂന്ന് പന്ത് നേരിട്ടതിനു ശേഷം പുറത്താവുകയായിരുന്നു. ആദ്യ രണ്ട് ടെസ്‌റ്റുകളിലും 600 മുകളിൽ സ്‌കോർ ചെയ്‌ത ഇന്ത്യയ്ക്ക് ആ പ്രകടനം മൂന്നാം ടെസ്‌റ്റിലും ആവർത്തിക്കാനായില്ല.

ആറിന് 329 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തിൽ തന്നെ വൃദ്ധിമാൻ സാഹയെ നഷ്ടപ്പെട്ടു. 16 റൺസെടുത്ത സാഹയെ ഫെർണാണ്ടോയുടെ പന്തിൽ പെരേര ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതിനു ശേഷം ഒന്നിച്ച കുൽദീപ് യാദവും ഹർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ 400 കടത്തിയത്. 26 റൺസെടുത്ത കുൽദീപിനെ സണ്ടക്കനായിരുന്നു പുറത്താക്കിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഏകദിന ശൈലിയിൽ ബാറ്റു വീശിയ പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. സ്‌കോർ 421ൽ നിൽക്കേ മുഹമ്മദ് ഷാമി(9) പുറത്തായെങ്കിലും ഉമേഷ് യാദവിനെയും കൂട്ടി പാണ്ഡ്യ ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. 61 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ പാണ്ഡ്യ ബാക്കി 50 റൺസ് നേടിയത് 23 പന്തിലാണ്. 7 സിക്‌സറും 8 ബൗണ്ടറികളുമടം 96 പന്തിൽ നിന്നാണ് പാണ്ഡ്യ 108 റൺസെടുത്തത്. ഉമേഷ് യാദവ് മൂന്ന് റൺസോടെ പുറത്താകാതെ നിന്നു.

അഞ്ച് വിക്കറ്റ് വീഴ്‌ത്തയ സണ്ടക്കനാണ് ഇന്ത്യയെ 500ൽ താഴെ പിടിച്ചു നിർത്തിയത്. പുഷ്‌പകര മൂന്നും ഫെർണാണ്ടോ രണ്ടു വിക്കറ്റും വീഴ്‌ത്തി.

ആദ്യദിനത്തിൽ മികച്ച രീതിയിൽ കളി ആരംഭിച്ച ഇന്ത്യയ്ക്ക് ആ മുൻതൂക്കം നിലനിറുത്താൻ അവസാന സെക്ഷനുകളിലായില്ല. ഓപ്പണർമാരായ ശിഖർ ധവാന്റെ സെഞ്ച്വറിയും (119), കെ.എൽ. രാഹുലിന്റെ അർദ്ധസെഞ്ച്വറിയും (85) തുടക്കത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചു.ഒന്നാംവിക്കറ്റിൽ ഇരുവരും ചേർന്ന് 188 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിനു ശേഷം 134 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 6 വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. പുജാര (8), കൊഹ്‌ലി (42), രഹാനെ (17), അശ്വിൻ (31) എന്നിവരുടെയും വിക്കറ്റുകൾ ഇന്നലെ ഇന്ത്യയ്ക്ക് നഷ്ടമായത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ