Tuesday, 22 August 2017 10.14 PM IST
ഏഴു മാസത്തിനിടെ കാശ്‌മീരിൽ നിന്ന് 70 യുവാക്കൾ ഭീകര സംഘടനയിൽ ചേർന്നു
August 13, 2017, 2:12 pm
ജമ്മു: കഴിഞ്ഞ ഏഴു മാസത്തിനിടെ കാശ്‌മീരിൽ നിന്ന് 70 യുവാക്കൾ ഭീകര സംഘടനകളിൽ ചേർന്നതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. തെക്കൻ കാശ്‌മീരിലെ പുൽവാമ,​ ഷോപ്പിയാൻ,​ കുൽഗാം ജില്ലകളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിപക്ഷവും. 2016ൽ 88 പേർ കാശ്‌മീരിൽ ചേർന്നിരുന്നു.

ഭീകര സംഘടനകളിൽ ചേരുന്നവരുടെ എണ്ണത്തിൽ 2014ൽ മുതൽ കൃത്യമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2014ൽ 53ഉം 2015ൽ 66 പേരുമാണ് ഭീകര ഗ്രൂപ്പുകളിൽ അംഗമായതെന്ന് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.
2010ൽ 54 പേർ ഭീകരസംഘടനയിൽ ചേർന്നപ്പോൾ 2011ൽ അത് 23 ആയി കുറഞ്ഞു. 2012ൽ 21ഉം 2013ൽ 16ഉം ആയും താഴ്ന്നു.

പുൽവാമ - ഷോപ്പിയാൻ - കുൽഗാം മേഖലയാണ് ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രം. മദ്ധ്യകാശ്‌മീരില ശ്രീനഗർ,​ അനന്ത്നാഗ്,​ കുൽഗാം,​ ഷോപ്പിയാൻ,​ ബുഡ്ഗാം എന്നീ ജില്ലകളെ കാശ്‌മീരുമായി ബന്ധിപ്പിക്കുന്ന കേന്ദ്രബിന്ദുവും ഈ മേഖലയാണ്. ഭീകരരുമായി ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളതും ഇവിടെയാണ്.
ഫലവൃക്ഷങ്ങളും കൊടുംകാടുകളുമുള്ള ഇവിടം ഭീകരരുടെ സ്വർഗമായാണ് അറിയിപ്പെടുന്നത്. സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ ജന്മസ്ഥലവും പുൽവാമയാണ്. കൊല്ലപ്പെട്ട ലഷ്‌കറെ തയ്ബ ഭീകരൻ അബു ദുജാന,​ അബു മൂസ എന്നിവരും പുൽവാമയിൽ നിന്നുള്ളവരാണ്.

ഭീകര സംഘടനയിൽ ചേരാൻ പോയ 54 പേരെ സൈന്യം ഈ വർഷം അതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ 132 തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. ജൂലായ് വരെ 115 ഭീകരരും ആഗസ്‌റ്റ് ഒന്പത് വരെ 17 തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 38 ഭീകരർ ലഷ്‌കറെ തയ്ബയിൽ നിന്നുള്ളവരാണ്. ഹിസ്ബുൾ (37)​,​ അൽക്വഇദയുടെ കീഴിലുള്ള മൂസ ഗ്രൂപ്പ് (മൂന്ന്)​,​ അറിയപ്പെടാത്ത വിവിധ സംഘടനകളിലുള്ള 54 തീവ്രവാദികൾ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക്. ലഷ്‌കർ,​ ഹിസ്ബുൾ സംഘടനകളുടെ ആറ് കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

2010ലെ ആദ്യത്ത ഏഴു മാസത്തിനിടെ 156 ഭീകരരാണ് കൊല്ലപ്പെട്ടത്. 2011ൽ 51,​ 2014,​ 2015ൽ 51 വീതം,​ 2016ൽ 77,​ 2017ൽ 102 എന്നിങ്ങനെയാണ് മറ്റു കണക്ക്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ